Asianet News MalayalamAsianet News Malayalam

കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുകയാണ് എ.കെ. ആന്‍റണിയെന്ന് പിണറായി വിജയന്‍

ശബരിമലയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നിട്ടും  സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡിജിപിയുമാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ് എന്നും പിണറായി വിജയന്‍ പറഞ്ഞു.

Pinaray vijayan fb post against a k antony
Author
Thiruvananthapuram, First Published Nov 24, 2018, 4:42 PM IST

 

തിരുവനന്തപുരം: കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുകയാണ് എ. കെ. ആന്‍റണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി അംഗീകരിച്ചതാണ്. എന്നിട്ടും  സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡിജിപിയുമാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന തെറ്റുദ്ധാരണ പരത്താന്‍ ലക്ഷ്യമിട്ടുളളതാണ് എന്നും പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം 

കേരളത്തിൽ ബിജെപിക്ക് വെള്ളവും വളവും നൽകുകയാണ് എ കെ ആന്‍റണി.  ശബരിമലയിലെ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ ഹൈക്കോടതി തന്നെയും അംഗീകരിച്ചതാണ്. എന്നിട്ടും  സംഘര്‍ഷം വിളിച്ചുവരുത്തിയത് മുഖ്യമന്ത്രിയും ഡി.ജി.പിയുമാണെന്ന എ.കെ. ആന്‍റണിയുടെ പ്രസ്താവന ദുരുപദിഷ്ടമാണ്. കേരളത്തില്‍ ബി.ജെ.പിക്ക് വളരാന്‍ സൗകര്യമൊരുക്കുന്നതിനൊപ്പം  സര്‍ക്കാരിനെക്കുറിച്ച്  തെറ്റിദ്ധാരണ പരത്താനുളള തന്ത്രവുമാണത്.

യഥാര്‍ത്ഥ ഭക്തരെ സംരക്ഷിച്ചും ദര്‍ശന സൗകര്യമൊരുക്കിയും സര്‍ക്കാര്‍ നിര്‍വഹിച്ച ദൗത്യം കോടതിയോടൊപ്പം പൊതുസമൂഹവും അംഗീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനുളള ചുമതല പോലീസിനാണെന്ന് ഓര്‍മിപ്പിച്ച കോടതി, ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര് ശ്രമിച്ചാലും അവര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കിയതാണ്. നിരോധനാജ്ഞ ഭക്തര്‍ക്കെതിരല്ലെന്നും അക്രമകാരികളെ നേരിടാനാണെന്നും കോടതി വ്യക്തമായി പറഞ്ഞു. ശബരിമലയില്‍ സമാധാനപരമായി ദര്‍ശനം നടത്താനുള്ള സൗകര്യമൊരുക്കാന്‍ പ്രതിഷേധക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദര്‍ശനത്തിനെത്തുന്നവര്‍ക്ക് എല്ലാ സൗകര്യവും സര്‍ക്കാര്‍ ശബരിമലയില്‍ ഒരുക്കുന്നുണ്ട്. ഇത് കാരണം തീര്‍ത്ഥാടകരുടെ ഒഴുക്കു വര്‍ധിച്ചിരിക്കുകയാണ്. അവിടെ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയതും നേതൃത്വം കൊടുത്തതും സംഘപരിവാര്‍ ശക്തികളാണ്. അത് എല്ലാവർക്കുമറിയാം. 52 വയസുള്ള ഭക്തയെപോലും കയ്യേറ്റം ചെയ്യാന്‍ ശ്രമം നടന്നു. ആന്‍റണിയുടെ പാര്‍ട്ടിയും അണികളും ഈ കലാപകാരികൾക്ക്  ഒത്താശ ചെയ്ത്  പ്രവര്‍ത്തിച്ചു. പകല്‍ കോണ്‍ഗ്രസ്സും രാത്രി ബി.ജെ.പിയുമായി മാറുന്ന കോണ്‍ഗ്രസ്സുകാരുടെ  പ്രതിരൂപമായി മാറുകയാണ് എ.കെ. ആന്‍റണി ഈ പ്രസ്താവനയിലൂടെ. കോണ്‍ഗ്രസ്സുകാരില്‍ പലരും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത് ആന്റണി അറിഞ്ഞിട്ടില്ലേ. യഥാര്‍ത്ഥ കലാപകാരികളെ തുറന്നു കാട്ടുന്നതിനു പകരം സി.പി.എമ്മിനെ പഴിചാരുന്നത് കാപട്യമാണ്. ദേവസ്വംബോര്‍ഡ് വിധി നടപ്പാക്കുന്നതിന് സാവകാശം തേടി കോടതിയെ സമീപിച്ച സാഹചര്യംപോലും മറച്ചുവെച്ചാണ് എ.കെ. ആന്‍റണി പൊടുന്നനെ വിലകുറഞ്ഞ ആരോപണവുമായി രംഗത്തെത്തിയത്. ഉത്തരേന്ത്യന്‍ അജണ്ടയാണ് സംഘപരിവാര്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. അതിനെ അനുകൂലിക്കാത്ത മതനിരപേക്ഷകേരളം ഉറച്ച നിലപാടിലൂടെയാണ് മുന്നോട്ടുപോകുന്നതെന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. സംഘപരിവാര്‍ അക്രമത്തെ അപലപിക്കാത്ത കോണ്‍ഗ്രസ്സ് നിലപാടാണ് യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് ഊര്‍ജ്ജം പകരുന്നത്.

Follow Us:
Download App:
  • android
  • ios