Asianet News MalayalamAsianet News Malayalam

മുന്നറിയിപ്പ് ലഭിച്ചില്ലെന്ന് കണ്ണന്താനം; നടന്നത് അപൂര്‍വ്വമായ രക്ഷാപ്രവര്‍ത്തനം: മുഖ്യമന്ത്രി

pinarayi kannandhanam before press
Author
First Published Dec 3, 2017, 1:02 PM IST

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. യോഗത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും പങ്കെടുത്തു. രക്ഷാപ്രവര്‍ത്തന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായിരുന്നു ഓക്കി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടന്ന രക്ഷാപ്രവര്‍ത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗശേഷം പറഞ്ഞു. 

ഏറ്റവും മികച്ച രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടന്നത്.  ഒരൊറ്റ ദിവസം കൊണ്ട് തന്നെ 395 പേരെ രക്ഷപ്പെടുത്തി. എല്ലാ ഏജന്‍സികളും കൂടി ചേര്‍ന്നാണ് ഇത് സാധ്യമാക്കിയത്. കടലില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തിലെ അപൂര്‍വ്വ സംഭവമാണിത്. കേന്ദ്രമെന്നോ സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഇതെല്ലാം സാധ്യമായതെന്നും ഇനിയുള്ള മണിക്കൂറുകളിലും ഇതേ രീതിയില്‍ രക്ഷാപ്രവര്‍ത്തം മുന്നോട്ട് പോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു. 

ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിലുണ്ടായിരുന്ന പല ബോട്ടുകളും സുരക്ഷിത ഭാഗത്തേയ്ക്ക് മാറിയിട്ടുണ്ടാവാം എന്നാണ് കരുതുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. മിക്കവാറും ബോട്ടുകള്‍ കാറ്റടിച്ചതിനെ തുടര്‍ന്ന് അറബിക്കടലിന്റെ വടക്കേ ഭാഗത്തേക്ക് പോയെന്നാണ് കരുതുന്നത്. അതിനാല്‍ തന്നെ മറ്റു സംസ്ഥാനങ്ങളിലെ കടല്‍ തീരങ്ങളില്‍ എത്തിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുമെന്ന് കണ്ണന്താനം പറഞ്ഞു. 

കഴിഞ്ഞ അന്‍പത് വര്‍ഷമായി കേരളത്തില്‍ ചുഴലിക്കാറ്റുണ്ടായിട്ടില്ലെന്നും ചുഴലിക്കാറ്റുണ്ടായ 30-ാം തീയതി ഉച്ചയ്ക്ക് 12 മണിക്കാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചതെന്നും കണ്ണന്താനം പറഞ്ഞു. മുന്നറിയിപ്പ് ലഭിക്കും മുന്‍പേ തന്നെ മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക് പോയിരുന്നു. മുന്നറിയിപ്പ് സംബന്ധിച്ച അറിയിപ്പുകളെല്ലാം താന്‍ പരിശോധിച്ചു. ചുഴലിക്കാറ്റിന്റെ ദിശ സംബന്ധിച്ച് കൃത്യമായ പ്രവചനം നടത്തുക സാധ്യമല്ലായിരുന്നു. കേരളതീരത്ത് ചുഴലിക്കാറ്റടിക്കും എന്ന് കരുതിയതല്ല. മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായ ഗതിമാറ്റത്തിനൊടുവിലാണ് ചുഴലിക്കാറ്റ് കേരളതീരത്തേക്ക് ആഞ്ഞടിച്ചത് - കണ്ണന്താനം വിശദീകരിച്ചു. 

ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ലഭിച്ചെന്നും എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും കണ്ണന്താനം പറഞ്ഞു. നിലവില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം സാമ്പത്തികസഹായം നല്‍കിയിട്ടുണ്ട്. നാവിക-വ്യോമസേനകള്‍ ഊര്‍ജ്ജിതമായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

രക്ഷാപ്രവര്‍ത്തനം നാലാം ദിവസം പുരോഗമിക്കുമ്പോള്‍ ഇതുവരെ 395 പേരെ രക്ഷപ്പെടുത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ ജീവന്‍ രക്ഷിച്ചത് കോസ്റ്റ് ഗാര്‍ഡാണ്. ഏട്ട് കപ്പലുകളും ഒരു ഹെലികോപ്ടറും രംഗത്തിറക്കി രക്ഷാപ്രവര്‍ത്തനം നടത്തിയ കോസ്റ്റ് ഗാര്‍ഡ് ഇതുവരെ 84 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നാവികസേനയുടെ ഏഴ് കപ്പലുകളും രണ്ട് വിമാനങ്ങളും നാല് ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തിരുന്നു. 65 പേരെയാണ് അവര്‍ രക്ഷപ്പെടുത്തിയത്. ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വിമാനവും രണ്ട് ഹെലികോപ്ടറുകളും ചേര്‍ന്ന് ഒന്‍പത് പേരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കേരളത്തില്‍ നിന്നും മാത്രം 183 പേരെയും തമിഴ്‌നാട്ടില്‍ നിന്നും 71 പേരെയും ലക്ഷദ്വീപില്‍ നിന്ന് 7 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 

മുഖ്യമന്ത്രിയേയും കേന്ദ്രമന്ത്രിയേയും കൂടാതെ ചീഫ് സെക്രട്ടറി, റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ, ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍, കോസ്റ്റ് ഗാര്‍ഡ്-നാവികസേന-വ്യോമസേന-ദേശീയദുരന്ത നിവാരണസേനാ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
 

Follow Us:
Download App:
  • android
  • ios