Asianet News MalayalamAsianet News Malayalam

തന്ത്രിയും ബിജെപി അജണ്ടയുടെ ഭാഗമായി; പന്തളം രാജകുടുംബം ചര്‍ച്ചയ്ക്ക് വരാത്തതിന്‍റെ കാരണം വ്യക്തമായില്ലേയെന്നും മുഖ്യമന്ത്രി

നിയമ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട അറ്റോര്‍ണി ജനറലിനെയോ അഡ്വക്കേറ്റ് ജനറലിനേയോ അല്ല തന്ത്രി ബന്ധപ്പെട്ടത്. ആ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടുകെട്ടിന്‍റെ ഭാഗമാകുകയായിരുന്നു തന്ത്രി

pinarayi vijayan against sabarimala tantri
Author
Kannur, First Published Nov 5, 2018, 6:27 PM IST

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിലൂടെ പുറത്ത് വന്നത് സംഘപരിവാര്‍ അജണ്ടയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിശ്വാസികളുടെ പേരില്‍ കേരളത്തില്‍ കലാപമുണ്ടാക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്ന് ശ്രീധരന്‍പിള്ള തന്നെ വ്യക്തമാക്കുകയാണ് ചെയ്തത്. വിശ്വാസികളുടെ ഇടപെടലല്ല ഉണ്ടായതെന്നും ബിജെപിയുടെ രാഷ്ട്രീയ ഇടപെടലാണ് ശബരിമല പ്രക്ഷോഭത്തില്‍ കണ്ടതെന്നും മുഖ്യമന്ത്രി വിവരിച്ചു.

സംസ്ഥാന മുഖ്യമന്ത്രിയെന്ന നിലയില്‍ ശബരിമല വിധിയുമായി ബന്ധപ്പെട്ട് തന്ത്രിയെയും പന്തളം രാജകുടുംബത്തേയുമാണ് ആദ്യം തന്നെ ചര്‍ച്ചയ്ക്ക് വിളിച്ചത്. രണ്ട് കൂട്ടരും വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. വരാത്തത് തീര്‍ത്തും ആശ്ചര്യകരമായിരുന്നു. ഇപ്പോഴാണ് എന്തുകൊണ്ടാണ് അവര്‍ വരാത്തതെന്ന് വ്യക്തമായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

നിയമ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ബന്ധപ്പെടേണ്ട അറ്റോര്‍ണി ജനറലിനെയോ അഡ്വക്കേറ്റ് ജനറലിനേയോ അല്ല തന്ത്രി ബന്ധപ്പെട്ടത്. ആ ഘട്ടത്തില്‍ രൂപപ്പെട്ട കൂട്ടുകെട്ടിന്‍റെ ഭാഗമാകുകയായിരുന്നു തന്ത്രി. ബിജെപി അജണ്ടയില്‍ തന്ത്രിയും ഭാഗഭാക്കായത് സാധാരണഗതിയില്‍ സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. പവിത്രമായ ശബരിമലയുടെ സന്നിധാനമടക്കം കളങ്കപ്പെടുത്താന്‍ ശ്രമിച്ചവരുമായി ഗൂഢാലോചന നടന്നെന്നും അതില്‍ പങ്കാളികളായത് ആരൊക്കെയാണെന്നത് അതീവ പ്രശ്നമാണെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അഭിപ്രായപ്പെട്ടു. 

കോണ്‍ഗ്രസിനെതിരെയും മുഖ്യമന്ത്രി വിമര്‍ശനം അഴിച്ചുവിട്ടു. ബിജെപിയും സംഘപരിവാറും നടത്തിയ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് അണികളെ വിട്ടുകൊടുത്തെന്ന് അദ്ദേഹം ആരോപിച്ചു. ഇതില്‍ എത്രപേര്‍ തിരികെ കോണ്‍ഗ്രസിലെത്തുമെന്ന് ചോദിച്ച പിണറായി കോണ്‍ഗ്രസ് കാര്യങ്ങള്‍ തിരിച്ചറിയാതെയാണ് പ്രവര്‍ത്തിച്ചതെന്നും ചൂണ്ടികാട്ടി. കേരളത്തില്‍ അവേശേഷിക്കുക ഇടതുപക്ഷവും ബിജെപിയുമാകുമെന്നാണ് ശ്രീധരന്‍ പിള്ളയും സംഘപരിവാറും പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് എന്തുപറയുന്നുവെന്നും പിണറായി ചോദിച്ചു.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമെന്ന് പറയുന്ന സംസ്ഥാന നേതാക്കളെ കുറിച്ച് എന്തുപറയണം. കേരളത്തിലെ നേതാക്കള്‍ ബിജെപിയ്ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുകയാണ്. ഇക്കാര്യത്തില്‍ മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ചിലരൊക്കെ ആര്‍ എസ് എസിന്‍റെ അനുമതിയോടെയാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നതെന്ന് പറയേണ്ടി വരുമെന്നും പിണറായി വ്യക്തമാക്കി.

സംഘപരിവാറിനോട് വിധേയത്വമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അണികളെ അവര്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു. സംഘപരിവാറിന് വളംവെച്ച് കൊടുക്കുന്നത് നാടിനോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios