Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി കേരളത്തിലെത്തി; കൊച്ചിന്‍ റിഫൈനറി ഉദ്ഘാടനം അല്‍പ്പസമയത്തിനകം

രണ്ടാഴ്ചയുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ആദ്യം പ്രധാനമന്ത്രി കൊച്ചിൻ റിഫൈനറിയിലെ പരിപാടിയിൽ പങ്കെടുക്കും. 

pm reached kochi
Author
Kochi, First Published Jan 27, 2019, 2:17 PM IST

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി. ഉച്ചയ്ക്ക് 2.10 ന് കൊച്ചി നാവിക വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണ്ണർ പി സദാശിവം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, മന്ത്രി വി എസ് സുനിൽകുമാർ, കൊച്ചി മേയർ സൗമിനി ജെയിൻ, വൈസ് അഡ്മിറൽ ആർ ജെ നാട്കർമി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ ജെ ആർ തിലക്‌, ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, ഡി ജി പി ലോക് നാഥ് ബെഹ്റ, സിറ്റി പോലീസ് കമ്മീഷണർ എം പി ദിനേശ് തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇപ്പോൾ ബിപിസിഎൽ പ്ലാന്‍റ് സന്ദർശിക്കുകയാണ് മോദി.

തത്സമയസംപ്രേഷണം ഇവിടെ:

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താനായില്ല. കണ്ണൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന നാവികസേനയുടെ വിമാനത്തിന് യന്ത്രത്തകരാർ കണ്ടെത്തിയതിനെത്തുടർന്നാണ് ടേക്ക് ഓഫ് ചെയ്യാനായില്ല. ഇതോടെ മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള യാത്ര വൈകി. എന്നാല്‍ പിന്നീട് കണ്ണൂരില്‍നിന്ന് പുറപ്പെട്ട മുഖ്യമന്ത്രി 2.40 ഓടെ കൊച്ചിയിലെത്തും. 

രണ്ടാഴ്ചയുടെ ഇടവേളയിൽ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ആദ്യം പ്രധാനമന്ത്രി കൊച്ചിൻ റിഫൈനറിയിലെ പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 2.30ന് കൊച്ചിന്‍ റിഫൈനറി വികസന പദ്ധതി ഉദ്ഘാടനം ചെയ്യും. ഇതടക്കം മൂന്ന് ഉദ്ഘാടനചടങ്ങുകളാണ് പ്രധാനമന്ത്രിക്കായി ക്രമീകരിച്ചിട്ടുള്ളത്. വൈകീട്ട് മൂന്നരയോടെ തൃശ്ശൂരിലേക്ക് പോകുന്ന പ്രധാനമന്ത്രി തേക്കിൻകാട് മൈതാനത്തെ യുവമോർച്ച പരിപാടിയിൽ പങ്കെടുക്കും. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ പാർട്ടി പരിപാടി എന്ന നിലയിലാണ് ഈ ചടങ്ങ് നിശ്ചയിച്ചിട്ടുള്ളത്.

വൈകിട്ട് ആറുമണിയോടെ തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി ദില്ലിക്ക് തിരിക്കും. ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മികച്ച നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. പ്രധാനമന്ത്രി അടക്കമുള്ള ദേശീയനേതാക്കളുടെ സന്ദർശനത്തിലൂടെ ശബരിമല ഉൾപ്പെടെയുള്ള  വിഷയങ്ങളിൽ ലഭിച്ച  മേധാവിത്വം ശക്തമായി നിലനിർത്താനാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ശ്രമം. ഇതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ തുടർച്ചയായ സന്ദർശനം.
 

Follow Us:
Download App:
  • android
  • ios