Asianet News MalayalamAsianet News Malayalam

റഫാല്‍ കരാറില്‍ പ്രതിരോധവകുപ്പ് അറിയാതെ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

2015 ഓക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലെ വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ്  സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ചുള്ള കത്തിലെ പരാമർശമാണ് സമാന്തര ചർച്ചകളിലേക്ക് വിരൽ ചൂണ്ടിയത്.

pmo conducted parallel negotiations with french gov on rafale
Author
Delhi, First Published Feb 8, 2019, 9:47 AM IST

ദില്ലി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി സമാന്തര ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഇതിൽ എതിർപ്പ് അറിയിച്ച പ്രതിരോധ വകുപ്പ് സമാന്തരചർച്ച ഒഴിവാക്കണമെന്ന് അറിയിച്ചു. 2015 നവംബറിൽ വഴിവിട്ട ഇടപാടിനെ എതിർത്ത് പ്രതിരോധ സെക്രട്ടറി മോഹൻ കുമാർ, പ്രതിരോധ മന്ത്രിക്ക് അയച്ച കത്തിന്‍റെ വിവരങ്ങൾ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടത്തോടെ റഫാല്‍ ഇടപാടിലെ വിവാദം വീണ്ടും കത്തിപ്പടരുകയാണ്.

റാഫേൽ വിവാദം; പ്രതികരിക്കാൻ ഇല്ലെന്ന് മോഹൻ കുമാർ, 'ഫയലിൽ എഴുതിയ പശ്ചാത്തലം ഓ‌ർക്കുന്നില്ല'

മുപ്പത്തിയാറ് റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ പ്രഖ്യാപിച്ച ഉടനാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഇക്കാര്യത്തില്‍ ച‌‌ർച്ചകൾ നടന്നത്.  ഡെപ്യൂട്ടി എയർമാർഷലിന്‍റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി ചര്‍ച്ചകളില്‍ പ്രതിനിധീകരിച്ചത്. 

 പിന്നീട് 2015 ഒക്ടോബർ 23 ന് ഫ്രഞ്ച് സംഘത്തലവൻ ജനറൽ സ്റ്റീഫൻ റെബ് എഴുതിയ കത്തിലാണ്  പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപാടിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന വിവരം പുറത്തു വരുന്നത്.  പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്‍റ്  സെക്രട്ടറി ജാവേദ് അഷ്റഫും ഫ്രെഞ്ച് പ്രതിരോധ മന്ത്രിയുടെ ഡിപ്ലോമാറ്റിക് അഡ്വൈസർ ലൂയിസ് വാസിയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് സ്റ്റീഫന്‍ റെബിന്‍റെ കത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇതോടെയാണ് പ്രതിരോധ മന്ത്രാലയം അറിയാതെയും റഫാല്‍ ഇടപാടിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്ന വിവരം പ്രതിരോധവകുപ്പിലെ ഉദ്യോഗസ്ഥര്‍ അറിയുന്നത്. 

ജനറല്‍ റബ്ബിന്‍റെ കത്ത് അന്നത്തെ  പ്രതിരോധ സെക്രട്ടറിയും മലയാളിയുമായ മോഹന്‍കുമാര്‍ കത്തിലൂടെ പ്രതിരോധമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിരോധ ഇടപാടുകളുടെ ചുമതല പ്രതിരോധ മന്ത്രാലയത്തിനാണെന്നിരിക്കേ സമാന്തരചര്‍ച്ചകള്‍ നടത്തുന്നത് വിപരീത ഫലം ചെയ്യുമെന്ന് മോഹന്‍കുമാര്‍ പരീക്കര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രതിരോധ സെക്രട്ടറി നല്‍കിയ വിവരത്തില്‍ പിന്നീട് മനോഹര്‍ പരീക്കര്‍ എന്ത് നടപടിയെടുത്തു എന്ന കാര്യം വ്യക്തമല്ല. 

ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ ബാക്കി നില്‍ക്കേ ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത തിരിച്ചടിയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വെളിപ്പെടുത്തല്‍. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയെ നിരന്തരം ആക്രമിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പുതിയ സംഭവവികാസങ്ങള്‍ വലിയ ഊര്‍ജ്ജമാകും പകരുക. ഏറ്റവും സുതാര്യമായ രീതിയിലാണ് റഫാല്‍ ഇടപാട് നടന്നതെന്നും ഒരു തരത്തിലുള്ള ബാഹ്യഇടപെടലും ഇടപാടിലുണ്ടായിട്ടില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ പറഞ്ഞിരുന്നത്. പ്രതിരോധമന്ത്രാലയത്തെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സര്‍ക്കാരുമായി ആശയവിന ിമയം നടത്തിയെന്ന വിവരം പുറത്തു വന്നതോടെ ഈ കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ ഇനി പ്രധാനമന്ത്രി നല്‍കേണ്ടി വരും. 

Follow Us:
Download App:
  • android
  • ios