Asianet News MalayalamAsianet News Malayalam

റോഡില്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതുമായ വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടി

  • അനധികൃതമായി ഉപേക്ഷിച്ച വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന്  സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് മുന്നറിയിപ്പ് നല്‍കി.
Police action against vehicles parked on the road

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ റോഡുകളില്‍ ഉപേക്ഷിക്കപ്പെട്ടതും രാവും പകലും സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നതുമായ വാഹനങ്ങള്‍ക്കെതിരെ സിറ്റി പോലിസ് നടപടി തുടങ്ങി. ഇത്തരത്തില്‍ 250 ഓളം വാഹനങ്ങൾ റോഡിൽ സ്ഥിരമായി കിടക്കുന്നതായി  ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഉപേക്ഷിച്ച വാഹനങ്ങളുടെ ഉടമകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന്  സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് മുന്നറിയിപ്പ് നല്‍കി.

വീട്ടിൽ പാർക്ക് ചെയ്യാതെ റോഡിൽ ദിവസങ്ങളോളം പാർക്ക് ചെയ്യുന്ന  വാഹന ഉടമകളെ കണ്ടെത്തി പോലീസ് നോട്ടീസ് നല്‍കും. തുടർന്നും പാർക്ക് ചെയ്‌താല്‍ മുന്നറിയിപ്പ് നൽകുന്നതോടൊപ്പം നിയമനടപടികളും വാഹന ഉടമയ്ക്ക് നേരിടേണ്ടിവരും. അതിനുശേഷം വാഹനങ്ങള്‍ പൊക്കി മാറ്റി പൂന്തുറ മില്‍ക്ക് കോളനിയിലെ പോലീസ് യാര്‍ഡില്‍ തള്ളുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

കാറുകളാണ് ഏറ്റവും കൂടുതലായി റോഡില്‍ ഉപേക്ഷിച്ചിട്ടുള്ളത്. പരുത്തിക്കുഴി – ഈഞ്ചക്കല്‍ -ചാക്ക റോഡിലും കരമന ബണ്ട് റോഡിലും പട്ടം – പ്ലാമൂട്, സ്റ്റാച്യു , ജനറല്‍ ആശുപത്രി ഭാഗത്തുമാണ് വാഹനങ്ങൾ സ്ഥിരമായി രാവും പകലും പാര്‍ക്ക് ചെയ്യുന്നതായി പോലീസ് കണ്ടെത്തിയത്. വീട്ടില്‍ പാര്‍ക്കിംഗ് സ്ഥലമുള്ള ചിലര്‍ പഴയ വാഹനങ്ങള്‍ റോഡില്‍ തള്ളിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. റോഡില്‍ ഉപേക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ പൊക്കി മാറ്റിയാല്‍ നഗരത്തില്‍ പാര്‍ക്കിങ്ങിന് കൂടുതല്‍ സ്ഥലം കിട്ടും . ഇതിലൂടെ ട്രാഫിക് ബ്ലോക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പോലിസ് അറിയിച്ചു.

നഗരത്തില്‍ വാഹനാപകടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് സിറ്റി പോലിസ് ഈ മാസം തുടങ്ങിയ പദ്ധതിയുടെ ഭാഗമായിട്ടാണ് റോഡില്‍ ഉപേക്ഷിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുന്നത് . ഇതോടൊപ്പം കാൽനടയാത്രക്കാർക്ക് തടസമുണ്ടാക്കുന്ന തരത്തിലുള്ള ഫ്ലക്സ് ബോർഡുകളും ബാനറുകളും പൂർണമായി നീക്കം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios