Asianet News MalayalamAsianet News Malayalam

മംഗളൂരുവിലെ പബ് ആക്രമണം: ശ്രീരാമസേന പ്രവർത്തകരെ വെറുതെവിട്ടു

  • മംഗളൂരുവിലെ പബ് ആക്രമണം: ശ്രീരാമസേന പ്രവർത്തകരെ വെറുതെവിട്ടു
Pramod Muthalik and all others Acquitted in 2009 Mangalore Pub Attack Case

മംഗളൂരു:  മംഗളൂരു പബ് ആക്രമണക്കേസിൽ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. സംഭവം നടന്ന് ഒൻപത് വർഷത്തിന് ശേഷമാണ് തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി വെറുതെവിട്ടത്. സംസ്കാരവിരുദ്ധരെന്ന് ആരോപിച്ചായിരുന്നു സ്ത്രീകളുൾപ്പെടെയുളളവരെ പബിൽകയറി ശ്രീരാമസേന പ്രവർത്തകർ മർദിച്ചത്.

രാജ്യം മുഴുവൻ ചർച്ചയായ ശ്രീരാമസേനയുടെ സദാചാര പൊലീസ് വിചാരണയായിരുന്നു അത്. 2009 ജനുവരി 24ന് മംഗളൂരുവിലെ അംനേഷ്യ പബിലെത്തിയ നാൽപ്പതോളം ശ്രീരാമസേന പ്രവർത്തകർ അഴിച്ചുവിട്ട അക്രമങ്ങളൊക്കെയും ക്യാമറകളിൽ പതിഞ്ഞിരുന്നു. സ്ത്രീകളുടെ മുഖത്തടിച്ചും മുടിയിൽ പിടിച്ചുവലിച്ചും റോഡിലൂടെ വലിച്ചിഴച്ചും അക്രമികൾ അഴിഞ്ഞാടി. 

ഈ കേസിലാണ് മതിയായ തെളിവില്ലെന്ന കാരണത്താൽ പ്രമോദ് മുത്തലിക്കടക്കം മുഴുവൻ പേരെയും മംഗളൂരു ഫസ്റ്റ് ക്ലാസ് കോടതി വെറുതെവിട്ടത്. ഇരകളായത് അധികവും സ്ത്രീകളായിരുന്നു.അവരാരും പരാതിയുമായെത്തിയില്ല. ശക്തമായ സാക്ഷിമൊഴികളുമുണ്ടായില്ല. സംഭവത്തിന്‍റെ ഉത്തരവാദിത്തം അന്നുതന്നെ ശ്രീരാമസേന തലവൻ പ്രമോദ് മുത്തലിക് ഏറ്റെടുത്തിരുന്നു. 

സ്ത്രീകൾ പബിൽ പോകുന്നതും മദ്യംകഴിക്കുന്നതും ഭാരതീയ സംസ്കാരത്തിന് യോജിക്കുന്നതല്ല എന്നായിരുന്നു മുത്തലിക്കിന്‍റെ നിലപാട്. അദ്ദേഹത്തിനൊപ്പം കണ്ടാലറിയാവുന്ന 30 പേർക്കെതിരെ ആയിരുന്നു കേസ്. കേസെടുത്ത ശേഷവും വാലന്‍റൈൻസ് ദിനത്തിലടക്കം ശ്രീരാമസേന അക്രമം തുടർന്നു. ഇത്തരത്തിൽ പത്തോളം കേസുകൾ ഇപ്പോൾ നിലവിലുണ്ട്. അംനേഷ്യ പബ് ആക്രമണം തെറ്റായിപ്പോയെന്ന് മുത്തലിക് പിന്നീട് പറഞ്ഞിരുന്നു. പബ് ആക്രമണം കാരണം ഒരു ഓഫീസ് മുറി പോലും തങ്ങൾക്ക് കിട്ടുന്നില്ലെന്നായിരുന്നു മുത്തലിക്കിന്‍റെ ഏറ്റുപറച്ചിൽ.
 

Follow Us:
Download App:
  • android
  • ios