Asianet News MalayalamAsianet News Malayalam

'പ്രതീക്ഷ' വച്ചത് 7000; 5 വര്‍ഷം കൊണ്ട് മോടിയാക്കിയത് 106 ബസ് സ്റ്റോപ്പുകള്‍ മാത്രം

കേരളത്തിലങ്ങോളമിങ്ങോളമുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി രൂപം കൊടുത്ത നോഡല്‍ ഏജന്‍സിയാണ് പ്രതീക്ഷ ബസ് ഷെല്‍ട്ടേഴ്സ് കേരള ലിമിറ്റ‍ഡ്. 2013 ലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്

pratheeksha bus shelters fail to construct 7000 bus shelters as plan
Author
Thiruvananthapuram, First Published Dec 2, 2018, 8:07 AM IST

തിരുവനന്തപുരം: ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളെ മോടിപിടിപ്പിക്കാന്‍ സർക്കാർ രൂപീകരിച്ച കമ്പനി വെള്ളാനയാകുന്നുവെന്ന് ആരോപണം. സംസ്ഥാനത്തെ ഏഴായിരത്തോളം ബസ് സ്റ്റോപ്പുകള്‍ നവീകരിക്കാന്‍ രൂപം കൊടുത്ത കമ്പനി കഴിഞ്ഞ അഞ്ച് വ‌ർഷംകൊണ്ട് നവീകരിച്ചത് 106 എണ്ണം മാത്രം.

എന്നാല്‍, കൂടുതല്‍ ബസ് സ്റ്റോപ്പുകളുടെ നവീകരണം ഉടന്‍ പൂർത്തിയാക്കുമെന്നാണ് കമ്പനി എംഡിയുടെ വിശദീകരണം. കേരളത്തിലങ്ങോളമിങ്ങോളമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിനും പരിപാലിക്കുന്നതിനുമായി രൂപം കൊടുത്ത നോഡല്‍ ഏജന്‍സിയാണ് പ്രതീക്ഷ ബസ് ഷെല്‍ട്ടേഴ്സ് കേരള ലിമിറ്റ‍ഡ്. 2013 ലാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്.

തലസ്ഥാനത്ത് വാടകകെട്ടിടത്തിലാണ് പ്രവർത്തനം. കൂടാതെ, മാനേജിംഗ് ഡയറക്ടറടക്കം മൂന്ന് ജീവനക്കാരും കമ്പനിക്കുണ്ട്. സ്വകാര്യസ്ഥാപനങ്ങളുടെയടക്കം പരസ്യം സ്വീകരിച്ച് പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് കാത്തിരിപ്പുകേന്ദ്രങ്ങളുടെ നവീകരണവും പരിപാലനവും. ഇതുവഴി മികച്ച വരുമാനവും കമ്പനിക്ക് ലഭിക്കുന്നുണ്ട്.

പക്ഷേ പ്രവർത്തനമാരംഭിച്ച് അഞ്ച് വ‍ർഷം പിന്നിടുമ്പോള്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ നവീകരണം പൂർത്തിയാക്കിയത് 83 എണ്ണം മാത്രമാണ്. എംഎല്‍എമാരുടെയും, പഞ്ചായത്തിന്‍റെയും ഫണ്ടുകളുപയോഗിച്ച് 23 കാത്തിരിപ്പ് കേന്ദ്രങ്ങളും നവീകരിച്ചു. സംസ്ഥാനത്താകെയുള്ള 7000 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നവീകരിക്കാന്‍ രൂപീകരിച്ചതാണ് ഈ കമ്പനിയെന്നോർക്കണം.

നഗരങ്ങള്‍ മാത്രം കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തനമെന്നും ആരോപണമുണ്ട്. പൊതുഗതാഗതസംവിധാനങ്ങളെ കൂടുതല്‍ ആശ്രയിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ കമ്പനിയുടെ പ്രവർത്തനങ്ങള്‍ എത്തുന്നില്ലെന്നാണ് വിമർശനം. എന്നാല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ബസ്റ്റോപ്പുകള്‍ ഏറ്റെടുത്ത് നവീകരിക്കുന്നതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് കന്പനി അധികൃതരുടെ വിശദീകരണം. 

Follow Us:
Download App:
  • android
  • ios