Asianet News MalayalamAsianet News Malayalam

പുതുവൈപ്പ്; ചർച്ചക്ക് തയ്യാറെന്ന് സമരസമിതി

Puthuvyppin strike
Author
First Published Jun 19, 2017, 10:45 PM IST

കൊച്ചി: മുഖ്യമന്ത്രിയുമായി ചർച്ചക്ക് തയ്യാറെന്ന് പുതുവൈപ്പ് ഐഓസി ടെര്‍മിനല്‍ സമരസമിതി. ചർച്ചക്ക് ക്ഷണിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് സമരസമതി കൈപ്പറ്റി.

പുതുവൈപ്പ് സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രിവിളിച്ച ചര്‍ച്ചയ്ക്കില്ലെന്ന് നേരത്തെ സമരസമതി പറഞ്ഞിരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത 63 സ്ത്രീകളും 17 പുരുഷന്മാരുമടങ്ങുന്ന സമരക്കാര്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാരജാക്കാതെ മടങ്ങില്ലെന്ന നിലപാടെടുത്ത് ഞാറയ്ക്കല്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരുന്നു. രാവിലെ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിന് പൊലീസ് തടസ്സം നിന്നെന്ന ആരോപണം അവര്‍ ഉന്നയിച്ചു.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് പൊലീസ് സമരക്കാര്‍ക്കെതിരെ ചുമത്തിയിരുന്നത്. ജാമ്യം നല്‍കാമെന്ന് കോടതി വ്യക്തമാക്കിയതോടെ വേണ്ടെന്നായി സമരക്കാര്‍. ഐഒസി ടെര്‍മിനലിന് മുന്നില്‍ പൊലീസ് നരനായാട്ട് നടക്കുമ്പോള്‍ തിരികെ പോകുന്നതെങ്ങനെയെന്നായിരുന്നു  പ്രതിഷേധക്കാരുടെ ചോദ്യം. പൊലീസ് അതിക്രമങ്ങളെക്കുറിച്ച് പരാതി എഴുതിനല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. പരാതി പരിശോധിച്ച് പൊലീസിനോട് റിപ്പോര്‍ട്ട് തേടി. ജാമ്യം നല്‍കിയിട്ടും കോടതിയ്ക്ക് പുറത്തിറങ്ങാത്ത സമരക്കാരോട് പത്തുമിനിട്ടിനുള്ളില്‍ കോടതി വിടാന്‍  മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു.

Follow Us:
Download App:
  • android
  • ios