Asianet News MalayalamAsianet News Malayalam

കുന്നകുളം മാപ്പ്: എംപിയും കളക്ടറും തമ്മിലുള്ള പോര് മുറുകുന്നു

Raghavan MP asked Collector Bro to apologize to him and got a 'map' in reply
Author
Kozhikode, First Published Jul 1, 2016, 1:49 PM IST

കോഴിക്കോട്: മാപ്പ് പറയണമെന്ന  എം പി  എംകെ രാഘവന്‍റെ ആവശ്യത്തിന് മറുപടിയായി കോഴിക്കോട് കളക്ടര്‍  ഫെയ്സ്ബുക്കില്‍ കുന്നംകുളത്തിന്‍റെ മാപ്പിട്ട നടപടിയും വിവാദത്തിലേക്ക്. ജനപ്രതിനിധിയെ അപമാനിച്ച  കളക്ടര്‍ക്ക് നിലവാരമില്ലെന്ന്  എം  കെ  രാഘവന്‍  പ്രതികരിച്ചപ്പോള്‍ പ്രകോപിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നായിരുന്നു കളക്ടര്‍ എന്‍ പ്രശാന്തിന്‍റെ മറുപടി.

കരാറുകാര്‍ക്ക് പണം അനുവദിക്കുന്നതിനെ ചൊല്ലിയാണ് എംപി എം കെ രാഘവനും കളക്ടര്‍ എന് പ്രശാന്തും കൊമ്പുകോര്‍ത്തത്. പരിശോധനയുടെ പേരില്‍ പണം വൈകിപ്പിച്ച് തന്നെ അപമാനിച്ച കളക്ടര്‍ മാപ്പ് പറയണമെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് എം പി ആവശ്യപ്പെട്ടിരുന്നു.

മറുപടിയെന്നോണം സോഷ്യല്‍ മീഡിയയില്‍ സജീവമായ കളക്ടര്‍മാപ്പ്  രേഖപ്പെടുത്തിയത് കുന്നംകളത്തിന്‍റെ മാപ്പിട്ട്.ഒരു സിനിമാരംഗത്ത് കാണികളെ കുടുകുടെ ചിരിപ്പിച്ച കുന്നംകുളം മാപ്പ് പ്രയോഗവും കളക്ടര്‍ക്ക് പ്രേരണയായെന്നാണ് സൂചന.

സംഗതി വിവാദമായതോടെ എം പി വീണ്ടും രംഗത്തെത്തി. കളക്ടറുടെ പക്വതയെ ചോദ്യം ചെയ്ത എം പി ഇത്തരത്തിലൊരു നടപടി കേരളത്തില്‍ ആദ്യമാണെന്നും പറഞ്ഞു. വിട്ടുകൊടുക്കാന്‍ കളക്ടറും ഒരുക്കമായില്ല. എങ്ങനെ ജോലിചെയ്യണമെന്നറിയാമെന്നും പ്രകോപിപ്പിക്കാന് നോക്കേണ്ടെന്നുമായിരുന്നു കളക്ടറുടെ പ്രതികരണം.

എന്തായാലും വാക്പോര് വരും ദിവസങ്ങളിലും മൂര്‍ച്ഛിക്കാനാണ് സാധ്യത. രാഷ്ട്രീയക്കാരുടെ സമ്മര്‍ദ്ദത്തിന് കളക്ടര്‍ വഴങ്ങാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന. നേരത്തെ കോഴിക്കോട് ഡിസിസി പ്രസിഡന്‍റും കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അവസാനം ബുള്‍സൈയുടെ പടം ഇട്ടാണ് കളക്ടര്‍ പ്രതികരിച്ചത്.


 

Follow Us:
Download App:
  • android
  • ios