Asianet News MalayalamAsianet News Malayalam

രാഹുൽ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.

Rahul Easwar remanded
Author
Thiruvalla, First Published Dec 17, 2018, 5:40 PM IST

കോട്ടയം: ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടര്‍ന്ന് അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ റിമാന്‍റ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍റ്. തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് രാഹുലിനെ റിമാന്‍റ് ചെയ്തത്. പാലക്കാട് റെസ്റ്റ് ഹൗസിൽ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു.

ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. കര്‍ശനമായ വ്യവസ്ഥകളോടെയായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രാഹുല്‍ വീഴ്ച വരുത്തിയതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് പൊലിസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 

എന്നാല്‍ പൊലിസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്റ്റേഷനിലെത്തി ഒപ്പിടാന്‍ വൈകിയതെന്നും രാഹുല്‍ നേരത്തെ പ്രതികരിച്ചിരുന്നു. പമ്പ പൊലീസ് സ്റ്റേഷനിൽ ഒപ്പിടണമെന്ന നിർദ്ദേശം പാലിക്കാതിരുന്നതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട്. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ നിലക്കൽ എന്നിവിടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളുടെ പേരിലാണ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. 

ജാമ്യം കിട്ടാതെ കേരളത്തിലേക്ക് ഇല്ലെന്ന് രാഹുൽ ഈശ്വർ നേരത്തെ പ്രതികരിച്ചിരുന്നു. ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും രാഹുല്‍ ഈശ്വര്‍ വിശദമാക്കിയിരുന്നു. അതുവരെ കർണാടക ശബരിമല എന്നറിയപ്പെടുന്ന ബംഗളുരുവിലെ അനന്തഗിരി അയ്യപ്പ ക്ഷേത്രത്തിൽ കഴിയുമെന്നായിരുന്നു രാഹുൽ ഈശ്വർ അറിയിച്ചത്. 

നേരത്തെ കലാപത്തിന് ആഹ്വാനം നൽകിയതിന് രാഹുൽ ഈശ്വറിനെതിരെ എറണാകുളം പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരം സ്വദേശി പ്രമോദ് നൽകിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. 'രക്തം ചിന്തിപ്പോലും ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നത് തടയാൻ ഒരു പ്ലാൻ ബി ഉണ്ടായിരുന്നു' എന്നായിരുന്നു രാഹുൽ ഈശ്വറിന്‍റെ പരാമർശം. എന്നാല്‍ സ്റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പൊലീസുകാരുടെ റിപ്പോര്‍ട്ട് എന്ന് രാഹുല്‍ പറഞ്ഞു. പൊലിസ് വ്യക്തി വിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios