Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ നരേന്ദ്രമോദിയെ അനുകരിച്ച് രാഹുൽ ഗാന്ധിയുടെ മിമിക്രി

" മേം ചപ്പൻ ഇഞ്ച് കി ചാട്ടിവാലാ, ചൗക്കിദാർ, ഭ്രഷ്ടാചാർ കോ മിതാവൂംഗാ..."  പ്രസംഗപീഠത്തിൽ മോദിയുടെ ഹാസ്യാനുകരണം നടത്തി രാഹുൽ കത്തിക്കയറി. മോദിയെ അനുസ്മരിപ്പിക്കുന്ന അംഗവിക്ഷേപങ്ങൾ കാട്ടി മോദിയുടെ പ്രസംഗശൈലി  അനുകരിച്ചായിരുന്നു രാഹുലിന്‍റെ പ്രകടനം.

Rahul Gandhi mimicked and acted like Narendra Modi in Bhopal
Author
Bhopal, First Published Feb 8, 2019, 8:32 PM IST

ഭോപാൽ: തെരഞ്ഞെടുപ്പ് അടുത്തതോടെ വോട്ടർമാരെ പാട്ടിലാക്കാൻ ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുകയാണ് രാഷ്ട്രീയ നേതാക്കൾ. മധ്യപ്രദേശിലെ ഭോപാലിൽ നടന്ന പ്രചാരണയോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പുറത്തെടുത്തത് മിമിക്രിയാണ്. നരേന്ദ്രമോദിയുടെ പ്രസംഗശൈലി അനുകരിച്ചുതന്നെ അദ്ദേഹത്തെ പരിഹസിച്ച രാഹുലിന് സദസിൽ നിന്ന് നിറഞ്ഞ കരഘോഷം കിട്ടി.

"മേം ചപ്പൻ ഇഞ്ച് കി ചാട്ടിവാലാ, ചൗക്കിദാർ, ഭ്രഷ്ടാചാർ കോ മിതാവൂംഗാ..."  പ്രസംഗപീഠത്തിൽ മോദിയുടെ ഹാസ്യാനുകരണം നടത്തി രാഹുൽ കത്തിക്കയറി. പ്രധാനമന്ത്രിയെ അനുസ്മരിപ്പിക്കുന്ന അംഗവിക്ഷേപങ്ങൾ കാട്ടി മോദിയുടെ പ്രസംഗശൈലി  അനുകരിച്ചായിരുന്നു രാഹുലിന്‍റെ പ്രകടനം.

നരേന്ദ്രമോദിയുടെ പഴയ പ്രസംഗശൈലി അനുകരിച്ച് രാഹുൽ ഗാന്ധി പറഞ്ഞു, അഞ്ച് വർഷം മുമ്പ് മോദിയുടെ പ്രസംഗം ഇങ്ങനെയായിരുന്നു.

'അമ്പത്താറിഞ്ച് നെഞ്ചളവുള്ള ഞാൻ അഴിമതി ഇല്ലാതാക്കും..'

കരഘോഷത്തിനിടെ അൽപ്പം നിർത്തിയ ശേഷം മോദിയുടെ ശരീരഭാഷയിലെ മാറ്റം അനുകരിച്ച് രാഹുൽ തുടർന്നു. പക്ഷേ ഇപ്പോൾ മോദിയുടെ പ്രസംഗം ഇങ്ങനെയാണ്. 'കോൺഗ്രസിനെ പുറത്താക്കൂ..'

പക്ഷേ കോൺഗ്രസിനെ എങ്ങനെ പുറത്താക്കാനാകുമെന്ന് രാഹുൽ ചോദിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഘഡിലും കോൺഗ്രസ് സർക്കാരുകൾ ഉണ്ടാക്കിയെന്നും ദില്ലിയിൽ സർക്കാർ ഉണ്ടാക്കാൻ പോകുന്നുവെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

'ബജറ്റ് പ്രസംഗത്തിനിടെ പെട്ടെന്ന് ബിജെപി എംപിമാർ മേശപ്പുറത്ത് തുടർച്ചയായി അടിക്കുന്നത് ഞാൻ കേട്ടു. അഞ്ചു മിനുട്ടോളം ആ കരഘോഷം തുടർന്നു. പിന്നെയാണ് എനിക്ക് മനസ്സിലായത് ഒരു ദിവസത്തെ ജോലിയുടെ കൂലിയായി നരേന്ദ്രമോദി കർഷകർക്ക് പതിനേഴ് രൂപ കൊടുക്കാൻ തീരുമാനിച്ചു എന്ന്.. പതിനേഴ് രൂപ!' ഇങ്ങനെ പോയി രാഹുൽ ഗാന്ധിയുടെ പ്രസംഗം.

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണസമയത്തും രാഹുൽ ഗാന്ധി മോദിയെ അനുകരിച്ച് പ്രസംഗിച്ചത് വാർത്തയായിരുന്നു. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലികളിലെല്ലാം ഇക്കുറിയും നരേന്ദ്രമോദിയേയും അനിൽ അംബാനിയേയുമാണ് രാഹുൽ ഗാന്ധി പ്രധാനമായും ഉന്നം വയ്ക്കുന്നത്. തെരഞ്ഞെടുപ്പിൽ റഫാൽ ഇടപാട് പ്രധാന ചർച്ചാവിഷയമാക്കുക തന്നെയാണ് രാഹുലിന്‍റെ ലക്ഷ്യം.

വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios