Asianet News MalayalamAsianet News Malayalam

നരേന്ദ്രമോദി ഇപ്പോള്‍ സംസാരിക്കുന്നത് ഇങ്ങനെയാണ്; മോദിയെ അനുകരിച്ച് വീണ്ടും രാഹുല്‍ ഗാന്ധി

‘സഹോദരീ സഹോദരന്മാരെ, അനിൽ അംബാനി ആരെന്ന് എനിക്കറിയില്ല… ഞാൻ അദ്ദേഹത്തിന് ഒരിക്കലും 20,000 കോടി രൂപ നൽകിയിട്ടില്ല’ മോദിയുടെ ശബ്ദത്തിൽ രാഹുൽ ഗാന്ധി ഇത് പറഞ്ഞപ്പോൾ സദസ്സ് ഹർഷാരവത്താൽ മുഖരിതമായി. 

rahul gandhi mimics for pm modi in lucknow rally
Author
Lucknow, First Published Feb 12, 2019, 2:29 PM IST

ലക്‌നൗ: പരസ്പരം പഴിചാരാനുള്ള അവസരങ്ങള്‍ ഒന്നും തന്നെ പാഴാക്കാത്തവരാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ്  അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും. മുമ്പും പലതവണ ഇരുവരും കൊമ്പുകോർത്തിട്ടുണ്ട്. അത്തരത്തില്‍ മോദി വേദിയില്‍ സംസാരിക്കുന്ന രീതി അനുകരിക്കുകയാണ് രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം ലക്നൗവിൽ ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള സമ്മേളനത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയത്.

നരേന്ദ്രമോദിയുടെ ശരീരഭാഷയും ആംഗ്യങ്ങളും ഇടകലർന്നതായിരുന്നു രാഹുലിന്റെ അനുകരണ രീതി. മുമ്പ് നരേന്ദ്രമേദി വേദികളിൽ ജനങ്ങളോട് സംസാരിക്കുമ്പോൾ എങ്ങനെയായിരുന്നു. എന്നാല്‍ അത് ഇപ്പോൾ അദ്ദേഹം എങ്ങനെയാണ്  സംസാരിക്കുന്നത് എന്നാണ് രാഹുൽ ഗാന്ധി അനുകരിച്ച് കാണിച്ചത്. പ്രധാനമന്ത്രി ജനങ്ങളെ സംബോധന ചെയ്യുന്നതിന് ഉപയോഗിക്കുന്ന ‘ഭായി ഓർ ബെഹനോ’ എന്ന വാചകവും രാഹുൽ അനുകരിക്കാൻ മറന്നില്ല. ‘സഹോദരീ സഹോദരന്മാരെ, അനിൽ അംബാനി ആരെന്ന് എനിക്കറിയില്ല… ഞാൻ അദ്ദേഹത്തിന് ഒരിക്കലും 20,000 കോടി രൂപ നൽകിയിട്ടില്ല’ മോദിയുടെ ശബ്ദത്തിൽ രാഹുൽ ഗാന്ധി ഇത് പറഞ്ഞപ്പോൾ സദസ്സ് ഹർഷാരവത്താൽ മുഖരിതമായി. പ്രിയങ്കാ ഗാന്ധി, പടിഞ്ഞാറൻ ഉത്തർ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയും വേദിയിൽ ഉണ്ടായിരുന്നു. 

' കാവൽക്കാരൻ കള്ളനാണ്' എന്ന മോദിക്കെതിരായ മുദ്രാവാക്യം ലക്നൗവിലും രാഹുൽ ആവർത്തിച്ചു. രാജ്യത്തിന്‍റെ കാവൽക്കാരൻ ഉത്തർപ്രദേശിന്‍റെയും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളുടെയും സമ്പത്ത് കട്ടുകൊണ്ട് പോകുകയാണ്. ഉത്തർപ്രദേശ് രാജ്യത്തിന്‍റെ ഹൃദയമാണ്. ഇവിടെ നമ്മൾ ആക്രമിച്ച് തന്നെ കളിക്കും. കോൺഗ്രസിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിൽ അധികാരത്തിലെത്തും വരെ സിന്ധ്യയും പ്രിയങ്കയും ഞാനും വെറുതേയിരിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

എഐസിസി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ വലിയ പാർട്ടി പരിപാടിയായിരുന്നു ലക്നൗവിലെ റാലി. ഉത്തർപ്രദേശിലെത്തിയ പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം ഇരുപത് കിലോമീറ്ററോളം ദൂരം റോഡ്ഷോയിൽ പങ്കെടുത്തു. വിമാനത്താവളത്തിൽ നിന്ന് തുടങ്ങിയ റോഡ്ഷോ അവസാനിച്ചത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്തിന് സമീപമായിരുന്നു. 

Follow Us:
Download App:
  • android
  • ios