Asianet News MalayalamAsianet News Malayalam

കത്വ പീഡനം: രാജിവയ്ക്കാനുളള  തീരുമാനം മന്ത്രിമാർ സ്വയം എടുത്തതാണെന്ന് രാംമാധവ്

  •   രാജിവയ്ക്കാനുളള  തീരുമാനം മന്ത്രിമാർ സ്വയം എടുത്തതാണെന്നും രാംമാധവ് 
ram madhav on kathua rape and murder

ദില്ലി: കാശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരി ലൈംഗികാതിക്രമം നേരിട്ട് അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികൾക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന് ബിജെപി ജനറൽ സെക്രട്ടറി രാംമാധവ്.  രാജിവയ്ക്കാനുളള  തീരുമാനം മന്ത്രിമാർ സ്വയം എടുത്തതാണെന്നും രാംമാധവ് പറഞ്ഞു. കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ല. അന്വേഷണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും രാംമാധവ് പ്രതികരിച്ചു. 

അതേസമയം, കത്വ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊന്ന സംഭവം പൈശാചികമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍  അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഗുട്ടറെസ് പ്രതികരിച്ചു.  

ജനുവരി 10 നാണ്  കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ്  ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതിയും നല്‍കിയിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചു. ഇതിനിടയിലുള്ള ദിവസങ്ങളില്‍ പിന്നീട് ക്രൈംബ്രാഞ്ച് കേസില്‍  പ്രതി ചേര്‍ത്ത ദീപക് ഖജൂരിയ അടങ്ങുന്ന ഹീരാനഗര്‍‌സ്റ്റേഷനിലെ പ്രത്യേക പോലീസ് സംഘം തന്നെയാണ് പെണ്‍കുട്ടിയെ അന്വേഷിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കൊല്ലപ്പെടുന്നതിനു മുന്പ് പെണ്‍കുട്ടി മൂന്നു തവണ കൂട്ടബലാത്സംഗത്തിനിരയായെന്നും രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് കുഞ്ഞിനെ മൂന്നു വട്ടം കൂട്ടബലാത്സംഗം ചെയ്തതെന്നും ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കിയെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

Follow Us:
Download App:
  • android
  • ios