Asianet News MalayalamAsianet News Malayalam

ഊരിപ്പിടിച്ച കത്തി നേരിട്ടയാള്‍ക്ക് എന്തിനാണ് 28 വണ്ടി പൊലീസുകാരുടെ സുരക്ഷയെന്ന് ചെന്നിത്തല

മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ ഒരു മര്യാദ വേണ്ടേ..? ഊരിപിടിച്ച കത്തിയും വാളുമൊക്കെ നേരിട്ടയാളാണ് പിന്നെ എന്തിനാണ് 28 പൊലീസ് വണ്ടികളുമായി നടക്കുന്നത്. 

ramesh chenithala against cm and bjp
Author
Thiruvananthapuram, First Published Jan 23, 2019, 12:34 PM IST

തിരുവനന്തപുരം: ആയിരം ദിവസം കൊണ്ട് ആയിരം പേര്‍ക്ക് പോലും ഉപകാരപ്പെടാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആണുങ്ങള്‍ തുടങ്ങി വച്ച പദ്ധതികളാണ് ഈ സര്‍ക്കാര്‍ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുന്നത്. വ്യക്തിത്വവും നട്ടെല്ലുമുള്ള ഒരു മന്ത്രിയും പിണറായി മന്ത്രിസഭയിൽ ഇല്ലെന്നും സെക്രട്ടേറിയറ്റില്‍ യുഡിഎഫ് സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

28 വണ്ടികളുടെ സുരക്ഷിതത്വത്തില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഗതിക്കേടാണ് കേരളത്തിലുള്ളത്. ഈ പിണറായി വിജയനെ ആരെന്ത് ചെയ്യാനാണ്. പിന്നെന്തിനാണ് 28 വണ്ടിയും ആബുംലന്‍സുമൊക്കെ. മുഖ്യമന്ത്രിക്ക് സുരക്ഷ വേണ്ട എന്നൊന്നും ഞാന്‍ പറയില്ല. പക്ഷേ ഒരു മര്യാദ വേണ്ടേ..?. എന്താണ് ഈ നാട്ടില്‍ നടക്കുന്നത്. ഊരിപിടിച്ച കത്തിയും വാളുമൊക്കെ നേരിട്ടയാളാണ് പിന്നെ എന്തിനാണ് 28 പൊലീസ് വണ്ടികളുമായി നടക്കുന്നത്. 

എല്ലാ നേതാക്കളെയും അപമാനിക്കുന്ന ജോലിയാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.  വിവാദമുണ്ടാക്കി വാര്‍ത്തകളില്‍ ഇടംനേടാനാണ് അദ്ദേഹത്തിന്‍റെ ശ്രമം. മുറുക്കാൻ കട പോലെ ബാറുകൾ തുറന്ന് അഴിമതിയിൽ മുങ്ങി കുളിച്ച സർക്കാരാണ് കേരളത്തിലുള്ളത്. 

കള്ളനായ പ്രധാനമന്ത്രിയാണ് മോദി. കേരളത്തിലെ ബിജെപിക്കാര്‍ എല്ലാ ദിവസവും ഹര്‍ത്താല്‍ നടത്തുകയാണ്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണം. ആര്‍എസ്എസ്- ബിജെപി അജന്‍‍ഡ തകര്‍ക്കാന്‍ കെല്‍പ്പുള്ളത് കോണ്‍ഗ്രസിനാണെന്നും ശബരിമല വിഷയം കത്തിക്കാനാണ് മുഖ്യമന്ത്രിക്ക് താത്പര്യമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബിജെപിയെ വളര്‍ത്തി യുഡിഎഫിനേയും കോണ്‍ഗ്രസിനേയും തളര്‍ത്താനാവുമെന്ന പ്രതീക്ഷ വേണ്ട. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അത്യുജ്ജല വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു. 

Follow Us:
Download App:
  • android
  • ios