Asianet News MalayalamAsianet News Malayalam

കണ്ണൂര്‍ അക്രമങ്ങള്‍ക്ക് ഉത്തരവാദി  മുഖ്യമന്ത്രിയുടെ നിസ്സംഗത: ചെന്നിത്തല

Ramesh Chennithala against CM PInarayi Vijayan
Author
Kannur, First Published Sep 22, 2016, 10:22 AM IST

കണ്ണൂര്‍: സിപിഐഎമ്മും ബിജെപിയും അക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ യുഡിഎഫിന്റെ സമാധാന സംഗമം.നരനായാട്ട് കണ്ട് രസിക്കുന്ന മുഖ്യമന്ത്രിയുടെ നിസംഗതയാണ് അക്രമങ്ങള്‍ക്ക് പ്രചോദനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.ആര്‍എസ്എസ് ആക്രമണങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത സമാധാനസംഗമം വെളളരിപ്രാവുകളെ പറത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബിജെപിയും സിപിഐഎമ്മും കണ്ണൂരിനെ കുരുതിക്കളമാക്കിയെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല അക്രമങ്ങള്‍ക്ക് ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് തുറന്നടിച്ചു.

ബിജെപിയുടെ ദേശീയ കൗണ്‍സിലിന് കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി ആര്‍എസ്എസും ബിജെപിയും നടത്തുന്ന അക്രമങ്ങളെ അപലപിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സിപിഐഎം ഭരിക്കുമ്പോള്‍ മാത്രമാണ് കണ്ണൂര്‍ അശാന്തമാകുന്നതെന്നും സിപിഐഎമ്മിന്‍േറത് തീക്കളിയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

ഘടകകക്ഷി നേതാക്കളെല്ലാമുണ്ടായിട്ടും സംഗമത്തില്‍ കെപിസിസി അധ്യക്ഷന്റെ അസാന്നിധ്യം ചര്‍ച്ചയായി.മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉളളതുകൊണ്ടാണ് വി എം സുധീരന്‍ പങ്കെടുക്കാതിരുന്നത് എന്നാണ് വിശദീകരണം.അതിനിടെ സമാധാനസംഗമത്തെ വിമര്‍ശിച്ച് സിപിഐഎമ്മും രംഗത്തെത്തി.

സ്വന്തം പാളയത്തിലെ സംഘര്‍ഷം ഒഴിവാക്കാന്‍ പറ്റാത്തവരാണ് മറ്റ് പാര്‍ട്ടികള്‍ അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നായിരുന്നു പയ്യന്നൂരിലെ കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ സൂചിപ്പിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്റെ പ്രതികരണം.

Follow Us:
Download App:
  • android
  • ios