Asianet News MalayalamAsianet News Malayalam

സിനിമാ മേഖലയിലേക്കും രവി പൂജാരയുടെ ഭീഷണി കോളുകള്‍; ബ്യൂട്ടി പാർലർ വെടിവെപ്പ് പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയത് കർണ്ണാടകയിൽ

രവി പൂജാരയുടെ പേരില്‍ കേരളത്തിലെ സിനിമാ മേഖലയിലുള്ള രണ്ട് പേര്‍ക്കു കൂടി പണം ആവശ്യപ്പെട്ടുള്ള ഭീഷണി ഫോണ്‍ കോളുകള്‍ കിട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

Ravi Pujaris threatening calls to kerala film industry
Author
Ernakulam, First Published Dec 23, 2018, 7:25 PM IST

കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പ്രതികൾക്ക് കർണ്ണാടകയിൽ ഒളിത്താവളം ഒരുക്കിയെന്ന് സൂചന. കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയത്. നടി ലീന മരിയ പോളിനെ  ഭീഷണിപ്പെടുത്തിയതും സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫോൺ വിളിച്ചതും രവി പൂജാരിയാണെന്ന പ്രഥമിക നിഗമനത്തിലാണ് കേരളാ പോലീസ്. രവി പൂജാരയുടെ പേരില്‍ കേരളത്തിലെ സിനിമാ മേഖലയിലുള്ള രണ്ട് പേര്‍ക്കു കൂടി പണം ആവശ്യപ്പെട്ടുള്ള ഭീഷണി ഫോണ്‍ കോളുകള്‍ കിട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

കടവന്ത്രയിലെ ബ്യൂട്ടി സലൂണിൽ ബൈക്കിലെത്തി വെടിവെപ്പ് നടത്തിയ സംഘം കർണ്ണാടകയിലേക്ക് കടന്നതായാണ് പോലീസിന് ലഭിച്ച സൂചന. സംഭവ സമയത്ത് പരിധിയിലുണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ വിശദാംശങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രദേശിക സഹായം ഇല്ലാതെ പ്രതികൾക്ക് കൃത്യം നടത്തി രക്ഷപ്പെടാനാകില്ലെന്നാണ് പോലീസ് കരുതുന്നത്.

കർണ്ണാടക  പോലീസ് സഹായത്തോടെയാണ് മംഗലാപുരത്തും ബംഗലുരുവിലും പരിശോധന നടത്തിയത്. മംഗലാപുരം രവി പൂജാരിക്ക് നിരവധി അനുയായികൾ ഉള്ള പ്രദേശമാണ്. കൃത്യം നടത്തിയെന്ന് അവകാശപ്പെടുന്ന ഫോൺ സംഭാഷണം രവി പൂജാരിയുടേതാണെന്ന പ്രഥമിക വിലയിരുത്തലിലാണ് പോലീസ് മുന്നോട്ട് പോകുന്നത്. 

മുംബൈ ക്രൈംബ്രാ‌ഞ്ച് കസ്റ്റഡിയിലുള്ള രവി പൂജാരിയുടെ ശബ്ദവും ഏഷ്യാനെറ്റ് ന്യൂസിലേക്ക്ടക്കം വിളിച്ച ശബ്ദവും ഫോറൻസിക് പരിശോധനയ്ക്കയച്ചിട്ടുണ്ട്. എന്നാൽ പരിശോധന ഫലം ലഭ്യമാകാൻ ഇനിയും കാലതാമസം എടുക്കും. രവി പൂജാരിയുടെ പങ്ക് ഉറപ്പിക്കാൻ  നേരത്തെ ബംഗലുരു അടക്കം ഇയാൾ നടത്തിയ കുറ്റകൃത്യങ്ങളുടെ വിവര ശേഖരണം നടക്കുന്നുണ്ട്. 

എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവങ്ങളായതിനാൽ പോലീസിന് ആരെയും കണ്ടെത്തി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ സിനിമാ മേഖലയിലുള്ള മറ്റ് രണ്ട് പേർക്ക് കൂടി രവി പൂജാരിയുടേതെന്ന പേരിൽ പണം ആവശ്യപ്പെട്ട് ഭീഷണി വന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതായാലും കൊച്ചി വെടിവെപ്പ് കേസിലെ ദുരൂഹത എത്രയും വേഗം നീക്കാനുള്ള ശ്രമത്തിലാണ് പോലീസ്. 
 

Follow Us:
Download App:
  • android
  • ios