Asianet News MalayalamAsianet News Malayalam

അഖണ്ഡതയും സൈനിക ശക്തിയും വിളിച്ചോതി റിപ്പബ്ലിക് ദിനാഘോഷം

republic day celebrated in delhi
Author
First Published Jan 26, 2017, 6:49 AM IST

ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാൻ ജ്യോതിയിൽ ധീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്പഥിലെത്തിയോടെ ദില്ലിയിൽ റിപബ്ലിക് ദിന ചടങ്ങുകൾക്ക് തുടക്കമായി. രാഷ്ട്രപതിപദത്തിലെ അവസാന റിപ്ലബ്ലിക് ദിനാഘോഷത്തിന് പ്രണബ് മുഖര്‍ജി പതാക ഉയര്‍ത്തിയതോടെ ആഘോഷം തുടങ്ങി. വീരമൃത്യുവരിച്ച സൈനികരുടെ ആശ്രിതയ്ക്ക് രാഷ്ട്രപതി അശോക ചക്ര പുരസ്കാരം സമ്മാനിച്ചു. മഖ്യാതിഥി അബൂദാബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്‍യാന്‍റെ സാന്നിധ്യത്തിൽ യു.ഇ.എയുടെ 149 അംഗ സൈന്യവും 35 സംഗീതജ്ഞരും പങ്കെടുത്ത പരേഡ് ശ്രദ്ധ ആകര്‍ഷിച്ചു

നാവിക സേനാ പരേഡിനെ തലശ്ശേരി സ്വദേശിനി ലെഫ്റ്റനന്‍റ് കമാൻഡര്‍ അപര്‍ണാ നായര്‍ നയിച്ചു. 17 സംസ്ഥാനങ്ങളും ആറ് മന്ത്രാലയങ്ങളും വൈവിധ്യവും സന്ദേശവും നൽകി പരേഡിൽ അണിനിരന്നു. കേരളത്തിന്‍റെ അഭാവത്തിൽ 23 വര്‍ഷത്തിന് ശേഷം ലക്ഷദ്വീപ് പരേഡില്‍ പങ്കാളികളായി.  ദേശിയ സുരക്ഷാ ഗാര്‍ഡിന്‍റെ കരിന്പൂച്ചകളും ഇത്തവണ ആദ്യമായി റിപ്ലബ്ലിക് ദിന പരേഡിൽ  അണിനിരന്നു.  ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത ഒറ്റ എഞ്ചിൻ യുദ്ധവിമാനം തേജസും, പീരങ്കി ധനുഷും പരേഡിൽ അവതരിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ നൃത്തം ഇന്ത്യയുടെ സാസ്കാരിക വൈവിധ്യം പ്രകടമാക്കി. മോട്ടോര്‍ സൈക്കിൾ അഭ്യാസവും വ്യോമസേനയുടെ ശക്തിപ്രകടനവും അന്പരപ്പിച്ചു.

സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍

അറുപത്തിയെട്ടാമത് റിപബ്ലിക് ദിനം സംസ്ഥാനത്തും വിപുലമായി ആഘോഷിച്ചു. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവും ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും പതാക ഉയര്‍ത്തി. വരള്‍ച്ച നേരിടുന്ന കേരളത്തില്‍ ഓരോ മലയാളിയും ജലസംരക്ഷണത്തിനായി പ്രതിജ്‍ഞ എടുക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തിന്‍റെ ഹരിതകേരളം പദ്ധതി കൃഷിയുടെ പുനരുജ്ജീവനത്തിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡിന് മേജര്‍ അംബരിഷ് മഹന്തെ നേതൃത്വം കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ മാര്‍ച്ച് കാണാനെത്തി.

കൊല്ലത്ത് ലാല്‍ബഹദൂര്‍ ശാസ്‌ത്രി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി തിലോത്തമന്‍ പതാക ഉയര്‍ത്തി. പത്തനംതിട്ട ജില്ലാസ്റ്റേഡിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിവാദ്യം സ്വീകരിച്ചു. ആലപ്പുഴ റിക്രിയേഷന്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ ജലവിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസ് ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. കോട്ടയത്ത് പൊലീസ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ജി സുധാകരനും ഇടുക്കിയില്‍മന്ത്രി എം.എം മണിയും പതാക ഉയര്‍ത്തി. കൊച്ചിയില്‍ കളക്ടറേറ്റ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി ഡോ. തോമസ് ഐസക് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് മന്ത്രി കടന്നപള്ളി രാമചന്ദ്രനും പാലക്കാട് കോട്ടമൈതാനത്ത് മന്ത്രി എ.കെ ബാല‍നും അഭിവാദ്യം സ്വീകരിച്ചു.

മലപ്പുറത്ത് എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനായിരുന്നു മുഖ്യാതിഥി. കോഴിക്കോട് വിക്രം മൈതാനിയില്‍  കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ പതാക ഉയര്‍ത്തി. കണ്ണൂരില്‍ മന്ത്രി എ.കെ ശശീന്ദ്രനും വയനാട്  മന്ത്രി കെ.ടി ജലീലും ദേശീയപതാക ഉയര്‍ത്തി. കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പാതക ഉയര്‍ത്തി. പാലക്കാടും തിരുവനന്തപുരത്തും റെയില്‍വേ ഡിവിഷന്‍ ആസ്ഥാനങ്ങില്‍ റിപബ്ലിക ദിനം ആഘോഷിച്ചു.  ദക്ഷിണനാവിക ആസ്ഥാനത്ത് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വൈസ് അഡ്മിറല്‍ എ.ആര്‍ കാര്‍വെ അഭിവാദ്യം സ്വീകരിച്ചു. ഇത്തവണ ആദ്യമായി സി.പി.ഐ ഓഫീസുകളിലും ദേശീയ പതാക ഉയര്‍ത്തി. 

Follow Us:
Download App:
  • android
  • ios