Asianet News MalayalamAsianet News Malayalam

' അങ്ങനെയിരിക്കെ ' കവിത തന്നത് ശ്രീചിത്രനെന്ന് ദീപാ നിശാന്ത്; കലേഷിനോട് മാപ്പ് പറഞ്ഞ് ശ്രീചിത്രൻ, മാപ്പല്ല മറുപടി വേണമെന്ന് എസ് കലേഷ്

കവിതാ മോഷണ വിവാദത്തില്‍ വിശദീകരണവുമായി ദീപ നിശാന്ത്. കവിത തന്നത് ശ്രീ ചിത്രൻ തന്നെയെന്ന് ദീപ സമ്മതിച്ചു. ശ്രീചിത്രന്‍റെ കവിത എന്ന് പറഞ്ഞാണ് തന്നത്.  ഇപ്പോൾ സമർത്ഥമായി കൈ കഴുകി ശുദ്ധനായെന്നും ദീപ. എന്നാല്‍ ദീപയുടെ പേര് പറയാതെ ആര്‍ക്കും കവിത പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടില്ലെന്ന് ശ്രീചിത്രന്‍.

s kalesh against deepa and sreechithran no apologies i want a replay
Author
Thrissur, First Published Dec 1, 2018, 8:54 PM IST

തൃശൂര്‍: തന്‍റെ പേരില്‍ സര്‍വ്വീസ് മാഗസീനില്‍ അച്ചടിച്ചുവന്ന കവിത ശ്രീചിത്രന്‍ തന്നതാണെന്ന് സമ്മതിച്ച് കേരള വര്‍മ്മ കോളേജ് മലയാളം അധ്യാപിക ദീപാ നിശാന്ത്. സ്വന്തം കവിത എന്ന് തെറ്റിദ്ധരിപ്പിച്ച് സര്‍വ്വീസ് മാഗസിനില്‍ പ്രസിദ്ധീകരിക്കാൻ തനിക്ക് കവിത തന്നത് പ്രഭാഷകൻ എം ജെ ശ്രീചിത്രൻ തന്നെയെന്നാണ് ദീപ നിശാന്തിന്‍റെ വിശദീകരണം. 

ശ്രീചിത്രൻ എഴുതിയ കവിതയാണെന്നും വേണമെങ്കില്‍ തൻറെ പേരില്‍ പ്രസിദ്ധീകരിച്ചുകൊള്ളാനും പറഞ്ഞാണ് തന്നത്.പ്രശ്നം വിവാദമായപ്പോള്‍ കലേഷാണ് കവിത മോഷ്ടിച്ചതെന്ന് ശ്രീചിത്രൻ തെറ്റിദ്ധരിപ്പിച്ചു. ഇതിന് തെളിവായി ശ്രീചിത്രനുമായുളള വാട്സ് ആപ് ചാറ്റും ദീപ പുറത്തുവിട്ടു. ദീപ നിശാന്തിന് താൻ എഴുതിയതാണെന്ന പേരില്‍  കവിത പ്രസിദ്ധീകരിക്കാനായി നല്‍കിയത് എം ജെ ശ്രീചിത്രനാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍, ഇതുവരെ കൃത്യമായ മറുപടി പറയാതിരുന്ന ദീപ ശ്രീചിത്രൻ കൈയൊഴിഞ്ഞതോടെയാണ് പേര് വെളിപ്പെടുത്തിയത്.

അതേസമയം, കവിത മോഷണ വിവാദത്തില്‍ തൻറെ പേര് വലിച്ചിഴച്ചതിനെതിരെ ശ്രീചിത്രൻ രംഗത്തെത്തി. സ്ഥിരമായി കവിതാ സംവാദങ്ങള്‍ നടക്കുമ്പോള്‍ ഇഷ്ടപ്പെട്ട കവിതകള്‍ പലര്‍ക്കും അയച്ച് കൊടുത്തിരുന്നതായും അതിലൊരു കവിത ഇപ്പോള്‍ സര്‍വ്വീസ് മാഗസിനില്‍ വന്നത് ദൗര്‍ഭാഗ്യകരമാണുമാണ് ശ്രീചിത്രൻറെ വിശദീകരണം. കവിതാസ്വാദകരുടെ വാട്സ് ആപ് ഗ്രൂപ്പില്‍ കവിത പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ഇത് ആര്‍ക്കും പ്രസിദ്ധീകരിക്കാനായി നല്‍കിയിട്ടില്ലെന്നും ശ്രീചിത്രൻ പറഞ്ഞു. എന്നാല്‍ ശ്രീചിത്രന്‍റെ വിശദീകരണത്തില്‍ ഒരിടത്തും ദീപ നിശാന്തിന്‍റെ പേര് സൂചിപ്പിച്ചിട്ടില്ല. 

സ്വന്തം കവിത മറ്റൊരാളുടെ പേരില്‍ വരുമ്പോള്‍ കവിയായ കലേഷിനുണ്ടായ മാനസികപ്രയാസത്തിനും അപമാനത്തിനും അതിരില്ല. അതിന് നിര്‍വ്യാജ്യം മാപ്പു ചോദിക്കുന്നുവെന്ന് ശ്രീചിത്രൻ ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍, തനിക്ക്  മാപ്പല്ല കൃത്യമായ മറുപടിയാണ് വേണ്ടതെന്നായിരുന്നു കലേഷിന്‍റെ പ്രതികരണം. തൻറെ കവിത വികലമാക്കി പ്രസിദ്ധീകരിച്ചതിന് മറുപടി പറയണമെന്നും കലേഷ് വ്യക്തമാക്കി.

 

 


 

Follow Us:
Download App:
  • android
  • ios