Asianet News MalayalamAsianet News Malayalam

ശബരിമല പ്രശ്‌ന പരിഹാരം; സര്‍വ്വകക്ഷി യോഗം ഇന്ന്

ശബരിമല പ്രശ്ന പരിഹാരത്തിനായി സര്‍ക്കാര്‍ വിളിച്ച സർവ്വകക്ഷിയോഗം ഇന്ന്. പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് നടക്കും. സർക്കാർ പിന്നോട്ട് പോകില്ല. എന്നാല്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. നാളെയാണ് നട തുറക്കല്‍...

sabarimala issue all-party meeting today
Author
Sabarimala, First Published Nov 15, 2018, 6:00 AM IST

തിരുവനന്തപുരം: ശബരിമല പ്രശ്ന പരിഹാരത്തിനായി സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും പന്തളം- തന്ത്രി കുടുംബങ്ങളുമായുള്ള ചർച്ചയും ഇന്ന് നടക്കും. യുവതീ പ്രവേശന വിധി നടപ്പാക്കാൻ ഭരണഘടനാ ബാധ്യതയുണ്ടെന്ന് സർക്കാർ വിശദീകരിക്കും. സർക്കാർ വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രതിപക്ഷവും പന്തളം കുടുംബവും ആവശ്യപ്പെടും.

നാളെ മണ്ഡല- മകര വിളക്ക് തീർത്ഥാടനകാലം തുടങ്ങാനിരിക്കെ സർക്കാർ യുവതീ പ്രവേശനത്തിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് എല്ലാവരും നോക്കുന്നത്. യുവതീപ്രവേശന വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വീണ്ടും വിസമ്മതിച്ചതോടെ സർക്കാറിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ല. ഭരണഘടനാപരമായ ബാധ്യതയിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിക്കഴിഞ്ഞു. പക്ഷെ ശക്തമായ പ്രതിഷേധം ഉയരുമെന്ന വിവിധ സംഘടനകളുടെ മുന്നറിയിപ്പും സർക്കാറിന് മുന്നിലുണ്ട്. 

യുവതികളെ നിർബന്ധപൂർവ്വം കൊണ്ട് വരില്ലെന്ന നിലപാട് സർക്കാർ ആവർത്തിക്കും. എന്നാൽ യുവതികൾ സംരക്ഷണം ആവശ്യപ്പെട്ടാൽ സർക്കാറിന് നൽകാതിരിക്കാനാകില്ല. പുന:പരിശോധനാ ഹർജികൾ വീണ്ടും സുപ്രീംകോടതി പരിഗണിക്കാൻ തീരുമാനിച്ചതാകും വിധിയെ എതിർക്കുന്നവർ പിടിവള്ളിയാക്കുക. 

ഈ സാഹചര്യത്തിൽ യുവതീ പ്രവേശനം മണ്ഡല- മകരവിളക്ക് കാലത്ത് അനുവദിക്കരുതെന്നാകും കോൺഗ്രസ്സും ബിജെപിയും പന്തളം കുടുംബവുമെല്ലാം ആവശ്യപ്പെടുക. യുവതികൾ എത്തിയാൽ നട അടച്ചിടുമെന്ന നിലപാടെടുത്ത തന്തി കുടുംബത്തിൻറെ അഭിപ്രായങ്ങൾക്കും പ്രാധാന്യമുണ്ട്. സർക്കാറും വിധിയെ എതിർക്കുന്നവരും നിലപാടിൽ ഉറച്ചുനിൽക്കുന്നതോടെ ചർച്ചകളിൽ സമവായത്തിനുള്ള സാധ്യത കുറവാണ്. 

Follow Us:
Download App:
  • android
  • ios