Asianet News MalayalamAsianet News Malayalam

പ്രതിഷേധം ശക്തം; ഡിവൈഎസ്പി ഹരികുമാർ കീഴടങ്ങാന്‍ സാധ്യത

നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. 

sanal kumar murder case DySP Harikumar Chance to surrender today
Author
Thiruvananthapuram, First Published Nov 10, 2018, 8:33 AM IST

തിരുവനന്തപുരം: സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്പി ഹരികുമാർ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കരയില്‍ ഏറെ ശത്രുക്കളുള്ളതിനാല്‍ ഇയാള്‍ കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇതിനിടെ ഡിവൈഎസ്പി ഹരികുമാറിനെ ഇതുവരെ പിടികൂടാത്തതിൽ നെയ്യാറ്റിൻകരയിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള സ്വാധീനവും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവിന്‍റെ ശക്തമായ പിന്തുണയുമാണ് ഹരികുമാറിനെ ഇത്രയും നാള്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചത്. മൂന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ കോടതി 14 ദിവസത്തേക്ക് മാറ്റിവച്ചതാണ് ഹരികുമാറിനേറ്റ തിരിച്ചടി. ഇതാണ് കീഴടങ്ങുന്നതിനെ കുറിച്ചാലോചിക്കാന്‍ ഹരികുമാറിനെ പ്രയരിപ്പിക്കുന്ന പ്രധാന ഘടകം. 

ഹരികുമാറിന്‍റെ സുഹൃത്തുക്കളും ചില ക്വാറി ഉടമകളും ക്രൈംബ്രാഞ്ച് എസ്പി കെ.എം.ആന്‍റണിയുടെ നിരീക്ഷണത്തിലാണ്. പലരുടെയും വീടുകളില്‍ റെയിഡുകള്‍ തുടരുന്നതായാണ് വിവരം. നെയ്യാറ്റിന്‍കരയില്‍ ശത്രുക്കളുള്ളതിനാല്‍ കൊല്ലത്ത് കീഴടങ്ങാനാണ് ഹരികുമാര്‍ ശ്രമിക്കുന്നതായാണ് വിവരം. എന്നാല്‍ കീഴടങ്ങും മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ക്രൈംബ്രാഞ്ചിന് കിട്ടിയ നിര്‍ദ്ദേശം. ഹരികുമാര്‍ തമിഴ്നാട്ടിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.  

സനല്‍ കുമാറിന്‍റെ കൊലപാതകത്തില്‍ പ്രതിയായതോടെ സസ്പെന്‍ഷനിലായ ഡിവൈഎസ്പി ഹരികുമാര്‍ സനലിന്‍റെ മരണവിവരം അറിഞ്ഞ ശേഷമാണ് ഒളിവിൽ പോയത്. പൊലീസ് നീക്കങ്ങള്‍ ഹരികുമാർ കൃത്യമായി അറിഞ്ഞിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിക്കുന്ന വിവരം. സനലിനെ മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ സ്ഥലത്തെ പോലീസ് ആശുപത്രിയിൽ എത്തിയിരുന്നു. സനലിന്‍റെ  മരണം മെഡിക്കൽ കോളേജ് പൊലീസിൽ നിന്നും പൊലീസ് സംഘടനയുടെ ഒരു ജില്ലാ നേതാവ് മുഖേനയാണ് ഡിവൈഎസ്പി ഹരികുമാർ അറിഞ്ഞത്. 

ഇതിന് ശേഷമാണ് റൂറൽ എസ് പി അശോക് കുമാറിനെ ഫോൺ വിളിച്ച് മാറിനിൽക്കുകയാണെന്ന് ഹരികുമാര്‍ അറിയിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലുമുള്ള ഉന്നത ബന്ധമാണ് ഹരികുമാറിന്‍റെ ശക്തി. ഏത് പാര്‍ട്ടി ഭരിക്കുമ്പോഴും ക്രമാസമാധാന ചുമതലയുള്ള പദവി ഇയാൾക്ക് ലഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി മതിയായ രേഖകളില്ലാതെ ആളെ കടത്തിയത് മുതൽ മോഷണ മുതൽ വിട്ട് കൊടുക്കാൻ കൈക്കൂലി വാങ്ങിയത് വരെയുളള ആരോപണങ്ങൾ ഇയാൾക്ക് എതിരെ ഉയർന്നെങ്കിലും ഒന്നിൽ പോലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. 

അഴിമതി ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നേരിടുന്ന സമയത്താണ് ഹരികുമാറിന് സ്ഥാനക്കയറ്റം ലഭിക്കുന്നതും നെയ്യാറ്റിൻകര ഡിവൈഎസ്പിയായി ചുമതല ഏൽക്കുന്നതും. ക്വാറി, മണൽ മാഫിയയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് മൂന്ന് തവണ ഇന്‍റലിജൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നിട്ടും ഇയാളെ നെയ്യാറ്റിൻകരയിലിൽ നിന്ന് മാറ്റിയില്ലെന്നും ആരോപണമുണ്ട്. ഇപ്പോൾ പ്രധാന സാക്ഷിയായ മാഹിനെ ഭീഷണിപ്പെടുത്തിയതിന് പിന്നിൽ ഹരികുമാർ സാഹിച്ചിരുന്ന മാഫിയസംഘങ്ങളുടെ പങ്ക് സംശയിക്കുന്നു. 

Follow Us:
Download App:
  • android
  • ios