Asianet News MalayalamAsianet News Malayalam

സൗദിയില്‍ വ്യാജ ഡോക്ടര്‍മാര്‍ക്ക് ഇനി കടുത്ത ശിക്ഷ

saudi arabia implements severe punishment for fake doctors
Author
First Published Oct 28, 2016, 1:12 AM IST

വ്യാജ ഡോക്ടര്‍മാര്‍ക്കും ലൈസെന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കും അഞ്ചു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് നിയമത്തില്‍ മന്ത്രിസഭക്ക് കീഴിലെ എക്‌സ്‌പേര്‍ട്ട് കമ്മീഷന്‍ ഭേദഗതികള്‍ വരുത്തി. അവയവ വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. ശൂറാ കൗണ്‍സിലിന്റെയും മന്ത്രിസഭയുടെയും അംഗീകാരം ലഭിച്ചാല്‍ ഭേദഗതികള്‍ നിലവില്‍വരും.

മതിയായ യോഗ്യതയില്ലാതെ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും മരുന്നുകളില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത മരുന്നുകളും കാലാവധി തീര്‍ന്ന മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കും ഇതേ ശിക്ഷ ലഭിക്കും. ലൈസെന്‍സ് ഇല്ലാത്ത മരുന്നുകളും കാലാവധി തീര്‍ന്ന മരുന്നുകളും സൗദിയിലേക്ക് കടത്തുന്നവര്‍ക്കും അഞ്ചു വര്‍ഷം തടവും 50 ലക്ഷം റിയാല്‍ പിഴയും ലഭിക്കും അംഗീകരിക്കാവുന്ന കാരണങ്ങളില്ലാതെ രോഗികളെ ചികില്‍സിക്കുന്നതിനു വിസമ്മതിക്കുന്നവര്‍ക്കും ഇതേ ശിക്ഷയാണ് ലഭിക്കുക. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രാക്ടീസ് ചെയ്യുന്നതിന് ആരോഗ്യമന്ത്രാലയത്തിന് പുറമെ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയില്‍നിന്നും ലൈസന്‍സ് നേടിയിരിക്കണമെന്ന വ്യവസ്ഥയും ഭേദഗതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios