Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു

Saudi Arabia says cinemas will be allowed from next year
Author
First Published Dec 11, 2017, 5:38 PM IST

റിയാദ്: സൗദി അറേബ്യയില്‍ ഇനി സിനിമകള്‍ക്ക് വിലക്കില്ല. 2018 ല്‍ സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ തുറക്കുമെന്ന ചരിത്ര പ്രധാനമായ തീരുമാനം സൗദി അറേബ്യയുടെ സാംസ്‌കാരിക വിനോദ മന്ത്രാലയം പ്രഖ്യാപിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

അടുത്ത വര്‍ഷം ആദ്യം തന്നെ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നാണ് സൂചന. 35 വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാദ്യമായാണ് സൗദിയില്‍ സിനിമാ തിയേറ്ററുകള്‍ക്ക് അനുമതി നല്‍കുന്നത്. വാണിജ്യ സിനിമകള്‍ക്ക് വിലക്ക് നേരിടുന്ന സൗദിയില്‍ വിഷന്‍ 2030 ന്റെ ഭാഗമായാണ് പുതിയ തീരുമാനം.

1980കളിലാണ് സൗദിയില്‍ വാണിജ്യ സിനിമകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്നാല്‍ 2013 ല്‍ ആദ്യമായി ഓസ്‌കാര്‍ പുരസ്‌കാരത്തിന് ചിത്രം അയച്ചിരുന്നു. വയ്ജ്ദ എന്ന ചിത്രമാണ് അന്ന് വിദേശ സിനിമാ വിഭാഗത്തില്‍ മത്സരത്തിനെത്തിയത്. 

അതേസമയം നിലവില്‍ സൗദിയില്‍ തുടരുന്ന നിയന്ത്രണങ്ങള്‍ സിനിമാ തിയേറ്ററുകളിലും തുടരും. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെ സീറ്റുകളും കുടുംബംഗങ്ങള്‍ക്ക് പ്രത്യേക സൗകര്യവും ഒരുക്കും. 

കാലങ്ങളായി പിന്തുടരുന്ന വിശ്വാസങ്ങളില്‍നിന്ന് മാറി ചിന്തിക്കുന്നതിന്റെ സൂചനയാണ് സൗദിയില്‍നിന്ന് കേള്‍ക്കുന്നതെങ്കിലും തീരുമാനത്തെ എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. 2018 ജൂണോടെ സ്ത്രീകള്‍ക്ക് വാഹനമോടിക്കാന്‍  ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചുകൊണ്ട് സൗദി നേരത്തെയും മാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു. 

Follow Us:
Download App:
  • android
  • ios