Asianet News MalayalamAsianet News Malayalam

ശബരിമല സന്നിധാനത്ത് സുരക്ഷ ശക്തം; പ്രത്യേക ദര്‍ശനം ഇന്നും നാളെയും ഇല്ല

security strengthened in sabarimala
Author
First Published Dec 6, 2017, 8:50 AM IST

സന്നിധാനം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സന്നിധാനത്തിനൊപ്പം പമ്പ നിലക്കല്‍ ശബരിമല പാതകള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കി. പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളില്‍ ബോംബ്‌സ്‌ക്വാഡ് ഉള്‍പ്പെടെയുള്ള സംഘം പരിശോധന നടത്തുന്നുണ്ട്. കുടുതല്‍ സേനാ, പോലീസ് അംഗങ്ങളെയും പമ്പയിലും നിലക്കലിലും നിയോഗിച്ചു. പമ്പയില്‍ എത്തുന്ന തീര്‍ത്ഥാടകരെ പരിശോധനക്ക് ശേഷമാണ് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. 

അടുത്ത രണ്ട് ദിവസം വിഐപി ദര്‍ശനത്തിനും നെയ്യ് തേങ്ങപൊട്ടിക്കുന്നതിനും ഇരുമുടികെട്ട് അഴിക്കുന്നതിനും നിയന്ത്രണങ്ങള്‍ ഉണ്ട്. തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് സുരക്ഷ ക്രമീകരണങ്ങള്‍ ശബരിമല സന്നിധാനം പമ്പ നിലക്കല്‍ എന്നിവിടങ്ങളില്‍ ശക്തമാക്കിയിരിക്കുന്നത്. സംശയമുള്ള സാഹചര്യത്തില്‍ ഇരുമുടികെട്ടുകളും പരിശോധിക്കുന്നുണ്ട്. സന്നിധാനത്ത് പോലീസും കേന്ദ്ര സേനയും ചേര്‍ന്നാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. സന്നിധാനത്ത് മോബൈല്‍ ഫോണ്‍ ഉപയോഗത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോപനത്തില്‍ തന്ത്രി മേല്‍ശാന്തി എന്നിവര്‍ക്ക് മാത്രമാണ് പ്രവേശനം. കാണിക്കവഞ്ചികളിലേക്ക് പണക്കിഴികള്‍ വലിച്ചെറിയാനും അനുവദിക്കില്ല. നെയ്യഭിഷേകത്തിന് ദേവസ്വം ബോര്‍ഡ് പ്രത്യേക സംവിധാനം തയ്യാറാക്കും സന്നിധാനത്ത് വച്ച് ഇരുമുടികെട്ടുകള്‍ തുറക്കാന്‍ അനുവദിക്കില്ല.

സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് സേവനം അനുഷ്ടിക്കുന്ന വിവിധ സേനവിഭാഗങ്ങള്‍ ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തി. വനമേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന തുടരും. ബൈറ്റ് നാവികസേനയുടെ പ്രത്യേ ഹെലികോപ്ടറുകള്‍ സന്നിധാനം നിലക്കല്‍,  പമ്പ എന്നിവിടങ്ങളിലും വനമേഖലകളിലും പ്രത്യേക നിരീക്ഷണം തുടരുകയാണ്. ജലസ്രോതസ്സുകള്‍ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ എന്നിവക്കും സുരക്ഷ ശക്തമാക്കും. സന്നിധാനത്തേക്ക് കൊണ്ടുവരുന്ന പൂജാസാധനങ്ങള്‍ ഉള്‍പ്പടെയുള്ളവ  കര്‍ശന പരിശോധനക്ക് ശേഷമെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളു. സുരക്ഷക്രമീകരണങ്ങള്‍ ഡിസംബര്‍ ഏഴുവരെ  തുടരും.

Follow Us:
Download App:
  • android
  • ios