Asianet News MalayalamAsianet News Malayalam

തൊടുപുഴയില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അടക്കമുള്ളവരുടെ അഴിഞ്ഞാട്ടം; പൊലീസുകാര്‍ക്ക് ക്രൂര മര്‍ദ്ദനം

SFi district Secretery And Group Of Sfi Workers Attacked ASI Infront Of Thoduuzha Police Staion
Author
First Published Sep 20, 2017, 11:47 PM IST

തൊടുപുഴ: തൊടുപുഴയില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ അഴിഞ്ഞാട്ടം. പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് യുവാക്കളെ ആക്രമിച്ച എസ്.എഫ്.ഐ സംഘത്തെ തടയാന്‍ ശ്രമിച്ച പൊലീസുകാരെയും പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

സംഭവം ഒതുക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും നഗരസഭാ കെട്ടിടത്തിലെ സി.സി.ടി.വി  ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വീണ്ടും വിവാദമായി. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 

കഴിഞ്ഞ ദിവസം തൊടുപുഴ ഐ.എച്ച്.ആര്‍.ഡിയില്‍ നടന്ന സംഘര്‍ഷത്തിന്റെ ബാക്കിയാണ് സംഘര്‍ഷമെന്നാണ്  ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം  ബിബിന്‍ ബോസ് എന്ന വിദ്യാര്‍ഥിക്ക് മര്‍ദ്ദനമേറ്റിരുന്നു. എന്നാല്‍ സംഭവത്തില്‍ പരാതി നല്‍കിയിരുന്നില്ല. ഇത് രാഷ്ട്രീയപരമായ സംഘര്‍ഷവുമായിരുന്നില്ല. 

എസ്.എഫ്.ഐ നേതാവായ ബിബിന്‍ ബോസിനെ മര്‍ദ്ദിച്ച ആളുകളെ തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കാണുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. ഇത് തടയാന്‍ സ്റ്റേഷനില്‍ നിന്നെത്തിയ രണ്ട് പോലീസുകാരെയും നേതാക്കള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. 

പൊലീസുകാരനെ തള്ളി താഴെയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്. റോഡില്‍ വരികയായിരുന്ന ബൈക്കിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്കാണ് പൊലീസുകാരന്‍ രക്ഷപ്പെട്ടത്. മധ്യവയസ്‌കനായ എ.എസ്.ഐയെയാണ് കോളറിന് പിടിക്കുന്നതും ശക്തമായി തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

Follow Us:
Download App:
  • android
  • ios