Asianet News MalayalamAsianet News Malayalam

ശതാബ്ദി ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറച്ചേക്കും

  • ചെന്നൈ-ബെംഗളൂരു, മൈസൂര്‍-ബെംഗളൂരു, അജ്മീര്‍-ദില്ലി റൂട്ടുകളിലെ ശതാബ്ദി ട്രെയിനുകളില്‍ ഇതിനോടകം നിരക്കിളവ് നടപ്പായിട്ടുണ്ട്.
Shatabdi fares to be lowered for some routes

 

ദില്ലി; കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനായി തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലോടുന്ന ശതാബ്ദി ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് റെയില്‍വേ കുറച്ചേക്കുമെന്ന് സൂചന. യാത്രക്കാര്‍ കുറവുള്ള 25 റൂട്ടുകളിലെ യാത്രാനിരക്കാവും  കുറയ്ക്കുകയെന്നാണ് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കഴിഞ്ഞ വര്‍ഷം പരീക്ഷണടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ചില ശതാബ്ദി ട്രെയിനുകളുടെ യാത്രാനിരക്ക് റെയില്‍വേ കുറച്ചിരുന്നു. നിരക്കിളവ് നടപ്പാക്കിയ ശേഷം ഈ തീവണ്ടികളുടെ വരുമാനം 17 ശതമാനം വര്‍ധിക്കുകയും ബുക്കിംഗ് 63 ശതമാനം കൂടുകയും ചെയ്തു. ഇതാണ് കൂടുതല്‍ റൂട്ടുകളിലേക്ക് പരിഷ്‌കാരം കൊണ്ടുവരാന്‍ റെയില്‍വേയെ പ്രേരിപ്പിക്കുന്നത്. 

ചെന്നൈ-ബെംഗളൂരു, മൈസൂര്‍-ബെംഗളൂരു, അജ്മീര്‍-ദില്ലി റൂട്ടുകളിലെ ശതാബ്ദി ട്രെയിനുകളില്‍ ഇതിനോടകം നിരക്കിളവ് നടപ്പായിട്ടുണ്ട്. പ്രീമിയം ട്രെയിനുകളില്‍ ഫ്‌ളെക്‌സി നിരക്കിലൂടെ അധികനിരക്ക് ഈടാക്കുന്നതിന് കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുന്നതിനിടെയാണ് ശതാബ്ദി ട്രെയിനുകളില്‍ റെയില്‍വേ നിരക്കിളവ് കൊണ്ടുവരുന്നത്. ഇതോടൊപ്പം യാത്ര പൂര്‍ത്തിയാക്കി സ്റ്റേഷനില്‍ ഇടുന്ന ട്രെയിനുകള്‍ വച്ച് ചെറിയ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന പദ്ധതിയ്ക്ക് റെയില്‍വേ ഇപ്പോള്‍ തുടക്കമിട്ടുണ്ട്. ഇതുവരെ 25 ട്രെയിനുകള്‍ ഈ രീതിയില്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉടനെ 75 ട്രെയിനുകള്‍ കൂടി ഇതിനായി രംഗത്തിറക്കും.