Asianet News MalayalamAsianet News Malayalam

ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനും അനുവാദമില്ല

sherin mathew parents cant see their own child
Author
First Published Dec 6, 2017, 2:39 PM IST

ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കള്‍ക്ക് സ്വന്തം മകളെ കാണാനുള്ള അനുവാദം അമേരിക്കന്‍ കോടതി റദ്ദാക്കി.  വളര്‍ത്തു മകളായ ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വളര്‍ത്തമ്മ സിനി മാത്യൂസിനും വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനുമാണ് തങ്ങളുടെ സ്വന്തം കുട്ടിയെ കാണാനുള്ള അവകാശം നഷ്ടപ്പെട്ടത്.

ഷെറിന്റെ മരണത്തില്‍ ഉത്തരവാദിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കള്‍ക്ക് ഒപ്പമാണ് സ്വന്തം മകള്‍ കഴിയുന്നത്. ഈ കുട്ടിയെ കാണാനുള്ള അനുവാദമാണ് അമേരിക്കന്‍ കോടതി എടുത്തു കളഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബര്‍ ഏഴിനായിരുന്നു ഡാലസിലെ വീട്ടില്‍ നിന്നും മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബര്‍ 22 ന് വീടിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത് നിന്ന് ഷെറിനിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ഒരു ഓര്‍ഫനേജില്‍ നിന്നുമാണ് ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പോലീസ് അറസ്റ്റു ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേന്ന് വൈകിട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസുള്ള സ്വന്തം കുട്ടിയുമായി ദമ്പതികള്‍ റസ്‌റ്റോറന്റില്‍ പോയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മരണത്തിന് മുന്‍പ് ഷെറിന് ശാരീരിക ഉപദ്രവം ഏല്‍ക്കേണ്ടി വന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞത്.കേസില്‍  വാദം കേള്‍ക്കല്‍ തുടരും. വാദം പൂര്‍ത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളില്‍ നിന്നും എടുത്തുമാറ്റിയേക്കാനും സാധ്യതയുണ്ട്‌. അടുത്ത വാദം കേള്‍ക്കല്‍ ദിവസം എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അധികം നീണ്ട് പോവില്ലെന്നാണ് സൂചന.

Follow Us:
Download App:
  • android
  • ios