Asianet News MalayalamAsianet News Malayalam

ബന്ധം വേര്‍പ്പെടുത്തുമെന്ന് ശിവസേന: 2019 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് നല്‍ക്കും

Shiv Sena and BJP it will get separately in the 2019 elections
Author
First Published Jan 24, 2018, 9:21 AM IST

മുംബൈ: 29 വര്‍ഷം നീണ്ട എന്‍ഡിഎയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണെന്നും ഇനി ഒറ്റയ്ക്ക് നില്‍ക്കാനാണ് തീരുമാനമെന്നും വ്യക്തമാക്കി ശിവസേന രംഗത്ത്. മുംബൈയില്‍ നടന്ന ശിവസേനയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. 2019 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മത്സരിക്കുമെന്നും നിര്‍വാഹക സമിതി തീരുമാനിച്ചു. 

പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെയെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാക്കാനും നിര്‍വാഹക സമിതി തീരുമാനിച്ചു. ശിവസേന നേതാവ് സഞ്ജയ് റാവത്ത് ആണ് ദേശീയ നിര്‍വാഹ സമിതിയില്‍ 2019 ലെ തെരഞ്ഞെടുപ്പില്‍ ശിവസേന ഒറ്റയ്ക്ക് മല്‍സരിക്കണമെന്ന പ്രമേയം കൊണ്ടുവന്നത്. പ്രമേയം ഏകകണ്ഠമായി പാസായി. മഹാരാഷ്ട്രയില്‍ നിന്നുള്ള 48 ലോക്‌സഭാ സീറ്റുകളില്‍ 25 എണ്ണത്തിലെങ്കിലും വിജയം ഉറപ്പാക്കാമെന്നാണ്  ശിവസേനയുടെ കണക്കുകൂട്ടല്‍. 288 അംഗ നിയമസഭയില്‍ 150 സീറ്റുകള്‍ നേടി ബിജെപിയെ പ്രതിരോധത്തിലാക്കാമെന്നും ശിവസേന കണക്കുകുട്ടുന്നു. 

മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ശിവസേനയും ബിജെപിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണിരുന്നു. കൂടാതെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫട്‌നവിസ് രംഗത്തെത്തിയത് ശിവസേനയുമായുള്ള ബിജെപിയുടെ ബന്ധത്തില്‍ ശക്തമായ വിള്ളലികള്‍ വീഴ്ത്തി. 

രാജ്യത്ത് ബിജെപിയുടെ ഏറ്റവും വലിയ വിമര്‍ശകര്‍ തങ്ങളാണെന്ന് പറയാന്‍വരെ ശിവസേന തയ്യാറാവുകയും ബിജെപിയുടെ പല നയപരിപാടികളെയും ക്യാമ്പൈനുകളെയും എതിര്‍ക്കാനും ശിവസേന തയ്യാറായിരുന്നു. 2017 ലെ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചതോടെതന്നെ സേന വിട്ടുപോകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചു. വന്‍ പ്രചാരണം നടത്തിയ തെരഞ്ഞെടുപ്പില്‍ 227 സീറ്റില്‍ 84 എണ്ണം സ്വന്തമാക്കി സേന ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുകയും ചെയ്തു. 

നാളുകളായി സഖ്യം വിടണമെന്നും ഒറ്റയ്ക്ക് നിന്ന് കരുത്തുകാട്ടണമെന്നുമുള്ള അഭിപ്രായത്തിലായിരുന്നു സേനാ നേതാക്കളെല്ലാം. മഹാരാഷ്ട്രാ സര്‍ക്കാരില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വിട്ടുപോകുമെന്ന ഭീഷണിയും ആദിത്യ താക്കറെ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു. അതിന് പിന്നാലെ കഴിഞ്ഞ ഡിസംബറില്‍ സേനയും ബിജെപിയും പിളര്‍പ്പിന്റെ അടുത്താണെന്ന് സഞ്ജയ് റാവത്തും വ്യക്തമാക്കിയിരുന്നു.
 

Follow Us:
Download App:
  • android
  • ios