Asianet News MalayalamAsianet News Malayalam

'വനിതാമതിലിനു പിന്തുണ, വേഷം കണ്ട് ചങ്കിടിക്കേണ്ട'; ചുരിദാര്‍ അണിഞ്ഞ് സിസ്റ്റര്‍ ലൂസി കളപ്പുര

കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും ആകാമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാമതിലിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചുരിദാര്‍ വേഷമണിഞ്ഞു കൊണ്ടുള്ള ചിത്രം സിസ്റ്റര്‍ ലൂസി പോസ്റ്റ് ചെയ്തിരിക്കുന്നത്

sister lucy kalappura backs women's wall and wears churidar for journey
Author
Kochi, First Published Jan 1, 2019, 7:06 PM IST


കൊച്ചി: കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കില്‍ കന്യാസ്ത്രീകള്‍ക്കും ആകാമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. വനിതാമതിലിനെ പിന്തുണച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ചുരിദാര്‍ വേഷമണിഞ്ഞു കൊണ്ടുള്ള ചിത്രം സിസ്റ്റര്‍ ലൂസി പോസ്റ്റ് ചെയ്തിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ എറണാകുളത്ത്  നടത്തിയ സമരത്തില്‍ പിന്തുണയുമായി സിസ്റ്റര്‍ ലൂസി എത്തിയിരുന്നു. 

ഇതിന് പിന്നാലെ ഇവരെ കുര്‍ബാന കൊടുക്കുന്നതില്‍ നിന്ന് വിലക്കിയത് വിവാദമാവുകയും വിശ്വാസികളുടെ തന്നെ പ്രതിഷേധത്തെ തുടര്‍ന്ന നടപടി പിന്‍വലിക്കുകയും ആയിരുന്നു. രാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ എല്ലാവിധ ആശംസകളുമെന്നാണ് വനിതാമതിലിനെ പിന്തുണച്ചുകൊണ്ട് സിസ്റ്റര്‍ ലൂസി വിശദമാക്കുന്നത്. 

യാത്രയില്‍ ആയതിനാല്‍ സാധാരണ ഭാരതവേഷമാണ് ധരിച്ചിരിക്കുന്നതെന്നും ഇത് കണ്ട് ആരുടെയും ചങ്കിടിക്കുകയോ സുപ്പീരിയറുടെ അടുത്തേക്ക് ഓടുകയോ വേണ്ടെന്നും സിസ്റ്റര്‍ വിശദമാക്കുന്നു. പുതുവര്‍ഷ ആശംസകള്‍ എല്ലാവര്‍ക്കും നേര്‍ന്ന സിസ്റ്റര്‍ കൂടുതല്‍ സംസാരിക്കാനുണ്ടെന്നും പിന്നീട് ആകാമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുതുവർഷാശംസകൾ ഏവർക്കും നേരുന്നു.കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ എന്റെ എല്ലാവിധ ആശംസകളും. ഞാനൊരുയാത്രയിലാണ്. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു. ഇതുകണ്ട് പുരോഹിതന്മാർ ആരും നെറ്റിചുളിക്കുകയോ ചങ്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട. അച്ചായന്മാരും !!!!

അൾത്താരയിൽ കുർബാന അർപ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകർക്കാകാം. എന്നാൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാം നിഷിദ്ധം...!! വിദേശസന്യാസിനികൾ ഭാരതത്തിൽ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളർ, ഒറ്റകളർ, ചുരിദാർ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു. എന്നാൽ കേരളകന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു.കൂടുതൽ സംസാരിക്കാനുണ്ട്.പിന്നീടാകാം.
 

Follow Us:
Download App:
  • android
  • ios