Asianet News MalayalamAsianet News Malayalam

സ്നേഹിതയായി കുടുംബശ്രീ ഇനി ആലപ്പുഴയിലും

sneshitha kudumbasree new project in alappuzha
Author
First Published Dec 6, 2017, 7:01 PM IST

ആലപ്പുഴ: അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അഭയവും താല്‍ക്കാലിക സംരക്ഷണവും ലഭ്യമാകുന്ന കുടുംബശ്രീ 'സ്നേഹിത' പദ്ധതിയുടെ സേവനം ഇനി ജില്ലയിലും ലഭ്യമാകും. ഒറ്റപ്പെട്ട് പോയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആവശ്യമെങ്കില്‍ കൗണ്‍സിലിങ്ങും സ്നേഹിതയില്‍ നിന്നും 24 മണിക്കൂറും ലഭ്യമാകും. സ്നേഹിത ഹെല്‍പ്പ് ഡസ്‌ക്കിലെ മുഴുവന്‍ ജീവനക്കാരും സ്ത്രീകളായിരിക്കും.

വിദഗ്ധ പരിശീലനം നേടിയ രണ്ട് കൗണ്‍സിലര്‍മാര്‍, അഞ്ച് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍, രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍, കെയര്‍ ടേക്കര്‍, ഓഫീസ് അസിസ്റ്റന്റ് എന്നിങ്ങനെ 11 ജീവിക്കാരാണ് ഹെല്‍പ്പ് ഡെസ്‌ക്കിലുണ്ടാവുക. ആലപ്പുഴ കലക്ട്രേറ്റിന് കിഴക്ക് ട്രാഫിക് പോലീസ് സ്റ്റേഷന് എതിര്‍വശത്താണ് സ്നേഹിത അഭയകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 24 മണിക്കൂറും ടോള്‍ഫ്രീ ടെലി കൗണ്‍സിലിംഗ്, പോലീസ്, നിയമ വൈദ്യ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളും ലഭ്യമാണ്. കൂടാതെ കുടുംബശ്രീ സ്ത്രീ പദവി സ്വയംപഠന പ്രക്രിയയുടെ ഭാഗമായി നടക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവ ബ്ലോക്ക് അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുവാനും പ്രവര്‍ത്തനങ്ങളെ ശക്തമാക്കാനും പ്രവര്‍ത്തിക്കുന്ന ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ ഏകോപനവും സ്നേഹിത വഴി നടപ്പിലാക്കും. 

എല്ലാ ആഴ്ചയിലും മാസത്തിലും സ്നേഹിത ഹെല്‍പ്പ് സംബന്ധിച്ച വിശദ ജില്ലാ റിപ്പോര്‍ട്ട് ഫ്രണ്ട് ഓഫീസില്‍ നിന്നും സംസ്ഥാന മിഷന് അയയ്ക്കും. വാര്‍ഡ് തലത്തില്‍ കുട്ടികളും സ്ത്രീകളും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതാണ് സ്നേഹിതയുടെ പ്രാരംഭഘട്ടം. കുടുംബകലഹം, വീട്ടിലുണ്ടാകുന്ന ലൈംഗിക അക്രമം, വഴി തര്‍ക്കം, അയല്‍ തര്‍ക്കം എന്നിവയില്‍ ഉള്‍പ്പെടെ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല. പൊലീസിന്റെ ഇടപെടല്‍ കഴിവതും ഒഴിവാക്കിക്കൊണ്ടാണ് പ്രശ്നം പരിഹരിക്കുന്നത്.

കുടുംബശ്രീയുടെ സാമ്പത്തിക സഹായത്തോടെയാണ് സ്നേഹിതയുടെ പ്രവര്‍ത്തനം നടക്കുന്നത്. സ്നേഹിതയുടെ ഉദ്ഘാടനം ഒന്‍പതിന് വൈകിട്ട് 4ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ സ്നേഹിതയുടെ ലഘുലേഖാ പ്രകാശന കര്‍മം നിര്‍വ്വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സുജാ ഈപ്പന്‍, മോള്‍ജി ഖാലിദ്, കെ ബി അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ പ്രധാന സേവന ദാതാക്കള്‍-ടോള്‍ ഫ്രീ നമ്പര്‍.

സ്നേഹിത - 180042520002
പിങ്ക് പൊലീസ് പട്രോള്‍ - 1515
വനിതാ ഹെല്‍പ്പ് ലൈന്‍ - 1091
വനിതാ സെല്‍- 9497961384
ക്രൈം സ്റ്റോപ്പര്‍ - 1090
സൈബര്‍ സെല്‍ - 11154
വനിതാ പൊലീസ് സ്റ്റേഷന്‍ - 9497980312
ചൈല്‍ഡ് ലൈന്‍ -1098
റെയില്‍വേ ഹെല്‍പ്പ്ലൈന്‍ - 9846200100

Follow Us:
Download App:
  • android
  • ios