Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പറഞ്ഞ ദേശാടനപക്ഷി നരേന്ദ്ര മോദിയോ? ചര്‍ച്ച മുറുകുന്നു

ഒരു ദേശാടനപ്പക്ഷിക്ക് കേരളം ഇഷ്ടഭൂമിയായി മാറുന്നുവെന്നും, ഇത് ഇടക്കിടെ എത്തുന്നത് ഭയപ്പെടുത്തുന്നു എന്നുമാണ് കണ്ണൂരിൽ ജൈവ വൈവിധ്യ കോൺഗ്രസ് ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞത്

social media discuss pinarayi vijayans migrant bird comment
Author
Thiruvananthapuram, First Published Jan 29, 2019, 6:49 AM IST

തിരുവനന്തപുരം: ശബരിമല വിഷയത്തിലടക്കം ബിജെപി സ്വീകരിച്ച നിലപാടുകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരു സീറ്റ് നേടുക എന്ന ലക്ഷ്യത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടതോടെ ബിജെപിയും സിപിഎമ്മും തമ്മിലുള്ള പോര്‍മുഖം തുറന്ന് കഴിഞ്ഞിരിക്കുകയാണ്.

അതിന്‍റെ തീയേറ്റുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് വട്ടം കേരളത്തില്‍ സന്ദര്‍ശനം നടത്തിയത്. എന്നാല്‍, മോദി വന്ന് തിരിച്ച് പോയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു പരാമര്‍ശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ഒരുപാട് വ്യാഖ്യാനങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദേശാടനപ്പക്ഷി പരാമർശം തുടക്കമിട്ടിരിക്കുന്നത്.

ഒരു ദേശാടനപ്പക്ഷിക്ക് കേരളം ഇഷ്ടഭൂമിയായി മാറുന്നുവെന്നും, ഇത് ഇടക്കിടെ എത്തുന്നത് ഭയപ്പെടുത്തുന്നു എന്നുമാണ് കണ്ണൂരിൽ ജൈവ വൈവിധ്യ കോൺഗ്രസ്  ഉദ്ഘാടനത്തിനിടെ മുഖ്യമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ഇടക്കിടെയുള്ള സന്ദർശനവുമായി ഇതിന് ബന്ധമുണ്ടെന്നാണ് പ്രധാന വ്യാഖ്യാനം.

രണ്ടാഴ്ച്ചക്കിടെ രണ്ടാം തവണ പ്രധാനമന്ത്രി കേരളത്തിലെത്താനിരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ബ്രണ്ണൻ കോളേജിൽ ജൈവവൈവിധ്യ കോൺഗ്രസിൽ മുഖ്യമന്ത്രിയുടെ പ്രസംഗം. കാലാവസ്ഥാ വ്യതിയാനത്തെയും ആശങ്കകളെയും കുറിച്ച് പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി ഇങ്ങനെ ദേശാടനകപ്പക്ഷിയെ പറ്റി പറഞ്ഞപ്പോള്‍ സദസ്സിൽ നിന്ന് ചില കൈയടികളുമുയർന്നു.

ഇടക്കിടെ വരുന്ന ഒരു ദേശാടനക്കിളിയെ കുറിച്ച് പറഞ്ഞ മുഖ്യമന്ത്രി പക്ഷെ പിന്നാലെ മറ്റൊരു ദേശാടനക്കിളിയുടെ പേര് കൂടി പരാമർശിച്ചു. ശബരിമല വിഷയത്തിന്റെ കൂടി പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള വരവെന്ന് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നു. ഇതിനെയാണ് ട്രോളന്മാരെ വെല്ലുന്ന വിരുതോടെ മുഖ്യമന്ത്രി ഒളിയമ്പെയ്തത് എന്നാണ് പൊതുവിലുള്ള വ്യാഖ്യാനം.

കാലാവസ്ഥാ വ്യതിയാനത്തെ ചൂണ്ടിക്കാട്ടി നടത്തിയ പരാമർശം സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രതിഫലിച്ച് അറംപറ്റുമെന്ന മറുവ്യാഖ്യാനങ്ങളും തകൃതിയാണ്. ഏതായാലും സോഷ്യൽ മീഡിയയി. വൈറലായി ഓടുകയാണ് ദേശാടനക്കിളി പരാമർശം. പ്രസംഗത്തിന് പിന്നാലെ കണ്ണൂരിൽ നിന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി വൈകിയതിനെച്ചൊല്ലിയും വ്യാഖ്യാനങ്ങളുണ്ടാകുമെന്നുറപ്പ്. 

Follow Us:
Download App:
  • android
  • ios