Asianet News MalayalamAsianet News Malayalam

സോഷ്യല്‍മീഡിയ ഹര്‍ത്താലിന്‍റെ പേരില്‍ അഴിഞ്ഞാട്ടം: പലയിടത്തും സംഘര്‍ഷം

  • മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് എന്ന പേരില്‍ പലയിടത്തും കടകള്‍ അടപ്പിക്കാന്‍ ആളുകള്‍ എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിക്കൊണ്ട് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് നേരിട്ട് രംഗത്തെത്തി.
social media harthal

കോഴിക്കോട്:ഹര്‍ത്താലിന് ആഹ്വാനം ചെയ്തു കൊണ്ടു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം മറയാക്കി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കടയടപ്പിക്കലും വഴിതടയലും. സോഷ്യല്‍മീഡിയയിലൂടെ സംഘടിച്ച ജനകീയസമിതി എന്ന് സ്വയം വിശേഷിപ്പച്ചാണ് പലയിടത്തും ആളുകള്‍ കടകള്‍ അടപ്പിക്കാനും ദേശീയപാതയിലടക്കം ഗതാഗതം തടയാനും മുന്നിട്ടിറങ്ങിയത്. വ്യാപാരികളുംബസ് ജീവക്കാരും ഇത് ചോദ്യം ചെയ്തതോടെ പലയിടത്തും സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് എത്തിയാണ് പലയിടത്തും പ്രശ്നക്കാരെ കസ്റ്റഡിയിലെടുത്തതും വിരട്ടിയോടിച്ചതും. 

മലബാറിലാണ് വ്യാജഹര്‍ത്താല്‍ കാര്യമായ പ്രശ്നം സൃഷ്ടിച്ചത്. രാവിലെ മുതല്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്,മലപ്പുറം ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ ദേശീയപാത തടയാന്‍ ഇറങ്ങി. ടയറിന് തീയിട്ടും, കല്ലും മരങ്ങളും നിരത്തിയുമാണ് ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. വഴിതടയല്‍ ചോദ്യം ചെയ്ത ബസ് ജീവനക്കാരോട് ബസ് കത്തിക്കുമെന്ന ഭീഷണിയാണ് കിട്ടിയത്. 

 കശ്മീരില്‍ എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധിക്കാനായി ജനങ്ങള്‍ സ്വയം ഹര്‍ത്താല്‍ നടത്തണം എന്നാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിച്ച സന്ദേശം. വ്യാപാരികള്‍ കടകള്‍ സ്വമേധയ അടയ്ക്കണമെന്നായിരുന്നു ആഹ്വാനമെങ്കിലും കടകള്‍ അടപ്പിക്കാന്‍ രാവിലെ തന്നെ ആളുകള്‍ ഇറങ്ങിയിരുന്നു. രണ്ടും മൂന്നും ആളുകള്‍ വരെ വന്ന് കട അടയ്ക്കാന്‍ ആവശ്യപ്പെട്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ആരാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന ചോദ്യത്തിന് വാട്സാപ്പില്‍ മെസേജ് കണ്ടിരുന്നില്ലേ എന്നായിരുന്നു ഹര്‍ത്താലനുകൂലികളുടെ മറുപടി. 

അന്യായമായി ജോലി തടസ്സപ്പെടുത്തുന്നതിനെ വ്യാപാരികളും ചോദ്യം ചെയ്തതോടെ പലയിടത്തും വ്യാപാരികളും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷവാസ്ഥ രൂപം കൊണ്ടു. കോഴിക്കോട് കൊടുവള്ളിയില്‍ കടകളും പെട്രോള്‍ പന്പും അക്രമിച്ച ഹര്‍ത്താല്‍ അനുകൂലികളെ പോലീസ് എത്തിയാണ് ഓടിച്ചത്. മുക്കത്ത് വഴിതടയല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പ്രാദേശിക മാധ്യമപ്രവര്‍ത്തകനെ ചിലര്‍ ചേര്‍ന്ന് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കാസര്‍ഗോഡ് ബേവിഞ്ചയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബലരാമപുരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തല്ലിതകര്‍ത്തു.

കോഴിക്കോട് കൊടുവള്ളിയിൽ ഹർത്താൽ അനുകൂലികൾ പോലീസിന് നേരെ കല്ലെറിഞ്ഞു. പോലീസ് രണ്ട് തവണ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രശ്നക്കാരായ 20 പേരെ പോലീസ് കസ്റ്റഡിയലെടുത്തു. മലപ്പുറം വെട്ടിച്ചിറയിൽ കെ.എസ് .ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തില്‍ ബസിന്‍റെ ചില്ല് തകർന്നു.തുടര്‍ന്ന് പൊലീസ് ലാത്തിവീശി പ്രതിഷേധക്കാരെ ഓടിക്കുകയായിരുന്നു. 

മുസ്ലീംലീഗ് പ്രവര്‍ത്തകരാണ് എന്ന പേരില്‍ പലയിടത്തും കടകള്‍ അടപ്പിക്കാന്‍ ആളുകള്‍ എത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിക്കൊണ്ട് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് നേരിട്ട് രംഗത്തെത്തി. കത്വവ വിഷയത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ലീഗ് പിന്തുണ നല്‍കുന്നുണ്ടെന്ന് മജീദ് പറയുന്നു. കേസിന്‍റെ വിചാരണ കശ്മീരിന് പുറത്തേക്ക് മാറ്റാണമെന്ന കുട്ടിയുടെ കുടുംബത്തിന്‍റെ ആവശ്യം നടപ്പാക്കാനായി മുസ്ലീംലീഗ് സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. വിഷയത്തില്‍ സമാധാനപരമായ പ്രതിഷേധം നടത്താന്‍ ലീഗ് മുന്‍പിലുണ്ടാവും. ഇപ്പോഴുള്ള സമാധാനപരമായ പ്രതിഷേധത്തെ അട്ടിമറിക്കാനാണ് ഹര്‍ത്താല്‍ ആഹ്വാനവുമായി ചിലര്‍ വന്നിരിക്കുന്നതെന്നും മജീദ് കുറ്റപ്പെടുത്തുന്നു. 

ഹര്‍ത്താലിന്‍റെ പേരില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച അന്‍പതോളം പേരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലബാര്‍ ജില്ലകളെ കൂടാതെ തിരുവനന്തപുരത്ത് നെടുമങ്ങാടും, മൂവാറ്റുപുഴയിലും ഹര്‍ത്താലിന്‍റെ പേര് പറഞ്ഞ് കടകള്‍ അടയ്ക്കാന്‍ എത്തിയവരെയും വഴി തടഞ്ഞവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

തൃശൂർ തിരുവില്വാമലയിലും പഴയന്നൂരിലും സ്വകാര്യ ബസുകൾ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടു; കയ്പമംഗലത്ത് ബലമായി കടകൾ അടപ്പിച്ചു.തിരൂരിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനം നടത്താൻ ശ്രമം.പ്രതിഷേധക്കാരെ പൊലീസ് വിരട്ടി ഓടിച്ചു.വാഹനങ്ങൾ തടയുന്നത് തുടരുന്നു. ബസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ ഓട്ടം നിര്‍ത്തി വച്ചിരിക്കുകയാണ്. 

തിങ്കളാഴ്ച്ച രാവിലെ  പലയിടത്തും വഴിതടയല്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ഹര്‍ത്താല്‍ വിഷയം പോലീസ് ഗൗരവമായെടുക്കുന്നത്. ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ ചിലര്‍ മനപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് പോലീസുദ്യോഗസ്ഥര്‍ പ്രശ്നങ്ങളെക്കുറിച്ച് പറയുന്നത്. ആര്‍ക്കും എന്തും ചെയ്യാം എന്ന അരക്ഷിതാവസ്ഥയാണ് കൃത്യമായ നിയന്ത്രണമോ നേതാവോ ഇല്ലാത്ത ഇത്തരം സോഷ്യല്‍മീഡിയ സമരങ്ങളുടെ പ്രധാന ന്യൂനത. ചൂണ്ടിക്കാണിക്കാന്‍ നേതാവോ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളോ ഇല്ലാത്ത ഈ ഹര്‍ത്താല്‍ ആഹ്വാനം മറയാക്കി ചില തീവ്രഗ്രൂപ്പുകള്‍ അഴിഞ്ഞാടുന്നുവെന്നാണ് പോലീസിന്‍റെ നിഗമനം. 

സോഷ്യല്‍മീഡിയയിലൂടെ തന്നെ നടന്ന മറ്റൊരു ക്യാംപെയ്ന്‍റെ ഭാഗമായി ഇന്നലെ കേരളത്തിലെ പ്രധാന തെരുവുകളില്‍ ഇതേ വിഷയത്തില്‍ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖരും യുവാക്കളും ഈ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരാജകത്വം നിറഞ്ഞ ഇന്നത്തെ സമരത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. 


 

Follow Us:
Download App:
  • android
  • ios