Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശില്‍ എസ്പി - ബിഎസ്പി സഖ്യം; പ്രഖ്യാപനം ബിജെപിയുടെ ഉറക്കം കെടുത്തുമെന്ന് മായാവതി

സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 

sp bsp alliance in up
Author
Lucknow, First Published Jan 12, 2019, 12:31 PM IST

ദില്ലി: ഉത്തർപ്രദേശിൽ വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ബിഎസ്പി-എസ്പി സഖ്യം പ്രഖ്യാപിച്ച് മായാവതിയും അഖിലേഷ് യാദവും. ഇരുവരും സംയുക്തമായി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് മായാവതി സഖ്യം പ്രഖ്യാപിച്ചത്. സഖ്യം പുതിയ രാഷ്ട്രീയ വിപ്ലവത്തിന് തുടക്കം കുറിക്കുമെന്ന് മായാവതി പറഞ്ഞു. എല്ലാ വ്യത്യാസങ്ങളും മാറ്റി വച്ച് ഒരുമിച്ച് നില്‍ക്കും. പ്രഖ്യാപനം അമിത് ഷായുടെയും മോദിയുടെയും ഉറക്കം കെടുത്തുമെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 

കോൺഗ്രസിനെ ഒപ്പം കൂട്ടുന്നില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ മായാവതി സ്ഥിരീകരിച്ചു. കോൺഗ്രസും ബിജെപിയും അഴിമതിയിൽ ഒരു പോലെയാണ്. കോൺഗ്രസിൻറെ കാലത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബിജെപി നടപ്പാക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. കോൺഗ്രസുമായി ചേരുന്നത് കൊണ്ട് തെരഞ്ഞെടുപ്പിൽ ലാഭമില്ലെന്നും മായാവതി വ്യക്തമാക്കി. 

ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വരുന്നത് തടയും. 80 സീറ്റിൽ 38 സീറ്റുകളിൽ വീതം ഇരു പാർട്ടികളും വീതം മത്സരിക്കും. കോൺഗ്രസിനെ മാറ്റിനിറുത്തിയുള്ള സഖ്യമാണ് മായാവതിയുടെ അഖിലേഷും പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാരെന്ന തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെന്ന് മായാവതി വ്യക്തമാക്കി. അമേഠി, റായ്ബറേലി സീറ്റുകളിൽ കോൺഗ്രസിനെതിരെ മത്സരിക്കില്ലെന്നും രണ്ടു സീറ്റുകൾ സഖ്യകക്ഷികൾക്ക് നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. ബിജെപി സമൂഹത്തെ വെട്ടിമുറിക്കുന്നു എന്ന് അഖിലേഷ് യാദവ് പറഞ്ഞു. 

പുതിയ രാഷ്ട്രീയ വിപ്ളവത്തിന് തുടക്കം കുറിച്ചിരിക്കുന്നു എന്നാണ് മായാവതിയുടെ പ്രഖ്യാപനം. 1993നു ശേഷം ഉത്തർപ്രദേശിൽ രണ്ടു പാർട്ടികളും ഒന്നിച്ചു വന്നിരിക്കുന്നു. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുന്നത് കൊണ്ട് ഫലം ഇല്ലെന്നാണ് വാദം. അഴിമതിയിൽ കോൺഗ്രസും ബിജെപിയും ഒരു പോലെയെന്നും മായാവതി പറഞ്ഞു. എന്നാൽ അമേഠിയിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് കോൺഗ്രസിനോടുള്ള മൃദു സമീപനം ഇരു നേതാക്കളും വ്യക്തമാക്കി. 

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ചിത്രം തന്നെ മാറ്റി മറിക്കാന്‍ സാധ്യതയുള്ള പ്രഖ്യാപനമാണ് ഇതെന്നാണ് വിലയിരുത്തല്‍. പരസ്പരം പോരടിച്ചിരുന്ന എസ്പിയും ബിഎസ്പിയും ഒരുമിക്കുന്നത് ബിജെപിയ്ക്ക് തലവേദനയാകും. രണ്ട് പാര്‍ട്ടികളുടെയും ഉത്തര്‍പ്രദേശിലെ സ്വാധീനം നോക്കിയാല്‍ ബിജെപിയ്ക്കെതിരെ കടുത്ത മത്സരം കാഴ്ചവയ്ക്കാന്‍ ഇവര്‍ക്കാകും. 

2014 ല്‍ 41 സീറ്റുകളില്‍ ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഈ രണ്ട് പാര്‍ട്ടികളും ചേര്‍ന്ന് നേടിയിരുന്നു. 2017ലെ കണക്കെടുത്താൽ 57 സീറ്റിൽ കൂടുതൽ വോട്ട് ഇരുവരും ചേർന്ന് നേടി. 40 ശതമാനമുള്ള യാദവ, മുസ്ലിം, ദളിത് വോട്ടുബാങ്കുകളെ ഒന്നിച്ചു കൊണ്ടു വരാൻ സഖ്യത്തിന് കഴിയുമെന്നാണ് മായാവതിയുടെ അഖിലേഷിൻറെയും പ്രതീക്ഷ. കോണ്‍ഗ്രസ് കൂടി ചേര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ വേണ്ട ചലനമുണ്ടാക്കാന്‍ ഈ കൂട്ടുകെട്ടിന് ആയിരുന്നില്ല. അതേസമയം ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുകയും ചെയ്തിരുന്നു. 

Follow Us:
Download App:
  • android
  • ios