Asianet News MalayalamAsianet News Malayalam

എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകള്‍ക്കായി പ്രത്യേക കോടതി തുടങ്ങി

ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള കേസുകള്‍ വിചാരണ ചെയ്യാനാണ് പ്രത്യേക കോടതി സ്ഥാപിച്ചത്.

Special court for trail cases against MLAs and MPs

കൊച്ചി: എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായ കേസുകളില്‍  വിചാരണ നടത്താനുള്ള പ്രത്യേക കോടതി സംസ്ഥാനത്ത് നിലവില്‍ വന്നു. സുപ്രീം കോടതി നിര്‍ദേശപ്രകാരമാണ് സംസ്ഥാനത്തെ ആദ്യ  പ്രത്യേക കോടതി കൊച്ചിയില്‍ തുറന്നത്.

ജനപ്രതിനിധികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍ ഒഴികെയുള്ള കേസുകള്‍ വിചാരണ ചെയ്യാനാണ് പ്രത്യേക കോടതി സ്ഥാപിച്ചത്. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‍ട്രേറ്റ് കോടതിയുടെ ഗണത്തില്‍ പെടുന്ന കോടതിയില്‍ കൊലപാതകം, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പരിഗണനയ്‌ക്ക് വരില്ല. അഴിമതിയടക്കമുള്ള മറ്റ് കേസുകളാകും കോടതി പരിഗണിക്കുക. എറണാകുളം ജില്ലാ കോടതി സമുച്ചയത്തിലാണ് പ്രത്യേക കോടതി പ്രവര്‍ത്തനം തുടങ്ങിയത്. 

ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ കേസുകളുടെ വിചാരണക്ക് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി ചീഫ്​ ജസ്റ്റിസ്​ രഞ്ജന്‍ കഴിഞ്ഞ ഗൊഗോയ് നവംബറില്‍ ആണ് ഉത്തരവിട്ടത്. സമാജികര്‍ക്കെതിരായ കേസുകള്‍ കെട്ടികിടക്കുന്നത്​ അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരം കേസുകളില്‍ ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു  കോടതി നിര്‍ദേശം. ഈ നിര്‍ദേശപ്രകാരം സ്ഥാപിക്കുന്ന 12 പ്രത്യേക കോടതികളില്‍ ഒന്നാണ് കേരളത്തില്‍ തുറന്നത്.

ക്രിമിനലുകള്‍ രാഷ്‌ട്രീയ പ്രവേശം നടത്തുന്ന കേരളത്തില്‍ ഇത്തരമൊരു കോടതി അനിവാര്യമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ പറഞ്ഞു. സംസ്ഥാനത്ത് എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും എതിരായി 87 കേസുകളാണ് നിലവിലുള്ളത്. പുതിയ കോടതിയുടെ വരവോടെ ഈ കേസുകള്‍ വേഗം തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷ.

 

Follow Us:
Download App:
  • android
  • ios