Asianet News MalayalamAsianet News Malayalam

വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശ്രീജിത്തിന് പൊലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റതായി സഹോദരന്‍

  • ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസിലെ മുഖ്യപ്രതി മരിച്ചു
  • പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്ത് ചികിത്സയിലായിരുന്നു
  • വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശ്രീജിത്തിന് ക്രൂര മര്‍ദ്ദനമേറ്റതായി സഹോദരന്‍
  • വരാപ്പുഴയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
sreejiths brothers responds on sreejith died in hospital

കൊച്ചി: വീട്ടിൽ നിന്ന് വലിച്ചിറക്കിയ ശേഷം തന്റെ സഹോദരന് ഏൽക്കേണ്ടി വന്നത് പൊലീസിന്റെ ക്രൂരമർദ്ദനമായിരുന്നുവെന്ന് പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ സഹോദരൻ രഞ്ജിത്ത്. വണ്ടിയിലും,സ്റ്റേഷനിലും വെച്ച് പൊലീസ് അതിക്രൂരമായി മർദ്ദിച്ചു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. ഗുരുതരമായി പരിക്കേറ്റ അവസ്ഥയിലായിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയെന്നും രഞ്ജിത്ത് ആരോപിക്കുന്നു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുക്കുമെന്ന് എറണാകുളം റേഞ്ച് ഐജി അറിയിച്ചു.

വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ പന്ത്രണ്ടാം പ്രതിയായിരുന്നു ശ്രീജിത്ത്. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ വയറിന് ഗുരുതര പരിക്കേറ്റ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.. എന്നാല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്രീജിത്ത് മരിക്കുകയായിരുന്നു. കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴ പഞ്ചായത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. 

പൊലീസ് കസ്റ്റഡിയിൽ വെച്ച് ശ്രീജിത്തിനെ മർദിച്ചെന്നാണ് ആക്ഷേപം.  ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ശ്രീജിത്തിന്‍റെ ഭാര്യയോടും ബന്ധുക്കളോടും സംസാരിച്ചതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് കമ്മീഷന്‍ പറഞ്ഞു. ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് ഭാര്യ പറഞ്ഞിരുന്നു.

ഗുരുതരാവസ്ഥയിലാണ്  ശ്രീജിത്തിനെ ആശുപത്രിയിൽ  എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പരിശോധനയിൽ ആന്തരിക രക്തസ്രാവം ബോധ്യപ്പെട്ടിരുന്നു, ഇതേത്തുടർന്നാണ് ശസ്ത്രക്രിയ നിർദേശിച്ചത്, ശസ്ത്രക്രിയക്ക് ശേഷവും അതീവ ഗുരുതരാവസ്ഥയിലായിരുന്നു ആശുപത്രി അധികൃതർ വ്യക്കമാക്കി.

വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവൻ വീട്ടിൽ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.

വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടർച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനിൽ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിനെോടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. എന്നാൽ വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും കസ്റ്റഡി മർദനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു പൊലീസ് വിശദീകരണം.

Follow Us:
Download App:
  • android
  • ios