Asianet News MalayalamAsianet News Malayalam

വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ പുത്തനുടുപ്പുകള്‍ വാങ്ങി കാത്തിരിക്കുകയായിരുന്നു; ശ്രീജിത്തിന്‍റെ ഭാര്യ

  • വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ അഞ്ച് ജോഡി ഷര്‍ട്ട് വാങ്ങി കാത്തിരിക്കുകയായിരുന്നു; ശ്രീജിത്തിന്‍റെ ഭാര്യ
  • അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാമെന്ന് ശ്രീജിത്ത് ഭാര്യ അഖിലയ്ക്ക് വാക്ക് നൽകിയിരുന്നു
sreejiths wife response varappuzha police custody death

''അഞ്ചാമത്തെ വിവാഹവാര്‍ഷികവും 28-ാം പിറന്നാളും ആഘോഷിക്കാന്‍ അഞ്ച് ജോഡി ഷര്‍ട്ടും ജീന്‍സും പുതിയ ഷൂവും എല്ലാം വാങ്ങിവച്ചിരുന്നു, അതിന് അവര്‍ സമ്മതിച്ചില്ല'' വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ അഖിലയുടെ വാക്കുളാണിത്.  വാസുദേവന്‍ എന്നയാളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെ മര്‍ദ്ദനമേറ്റിരുന്ന ശ്രീജിത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ ഒമ്പതിന് ശ്രീജിത്തിന്‍റെ മരണം സംഭവിക്കുകയായിരുന്നു. 

ഏപ്രില്‍ 11 ന്  വൈപ്പിന്‍ ഞാറയ്ക്കലെ ഭാര്യവീട്ടിൽ വച്ച് അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാമെന്ന് ശ്രീജിത്ത് ഭാര്യ അഖിലയ്ക്ക് വാക്ക് നൽകിയിരുന്നു. 28 തീയതി ശ്രീജിത്തിന് 28 വയസ് ആവുമായിരുന്നു. വിവാഹവാര്‍ഷകത്തിനും പിറന്നാളിനിളിനും ഇടാന്‍ വേണ്ടി അഞ്ച് ഷര്‍ട്ടും മൂന്ന് ജീന്‍സും പുതിയ ഷൂവും എല്ലാം ശ്രീജിത്ത് വാങ്ങിവച്ചിരുന്നുവെന്ന് നിറകണ്ണുകളോടെയാണ് അഖില പറയുന്നത്.

''ഇവിടുന്ന് വലിച്ചിഴച്ചാണ് ശ്രീജിത്തിനെ കൊണ്ടുപോയത്. തീരെ വയ്യാതെ ഇരുന്നിടും മൂന്നാമത്തെ ദിവസമാണ് ശ്രീജിത്തിനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്. നേരത്തെ എത്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ, ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഡോക്ടര്‍ എന്നോട് പറഞ്ഞത്. അതിനു പോലും പെലീസുകാര്‍ സമ്മതിച്ചില്ല. മോളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീജിത്താണ്. അവളോട് ഞാന്‍ ഇനി എന്താണ് പറയുക'' അഖില പറയുന്നു.

ശ്രീജിത്തിന് നാട് വിലാപയാത്ര നൽകുമ്പോൾ ഭാര്യ അഖില കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ബോധരഹിതയായി കിടക്കുകയായിരുന്നു. മാതാപിതാക്കളും രണ്ടു സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ശ്രീജിത്ത്. ജ്യേഷ്ഠൻ രഞ്ജിത്ത് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞയാളാണ്. അനുജൻ സജിത്തിന് ജോലിയുമായിട്ടില്ല. ടൈൽസ് പണിക്കും മത്സ്യബന്ധനത്തിനും പെയിന്റ് പണിക്കുമൊക്കെ പോകും ശ്രീജിത്ത്. 

വീട് കയറിയുള്ള ആക്രമിച്ചതിനു പിന്നാലെ  ഏപ്രില്‍ ആറിനാണ് മത്സ്യതൊഴിലാളിയായ വാസുദേവൻ വീട്ടിൽ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ  ശ്രീജിത്തിനെ മഫ്തിയിലെത്തിയ പൊലീസ് സംഘം പിടിച്ചുകൊണ്ടുപോകുകയായിരുന്നു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മർദ്ദിക്കുകയും ചെയ്തു  എന്നാണ് വീട്ടുകാർ പറയുന്നത്. വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടർച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. രാവിലെ സ്റ്റേഷനിൽ ചെന്ന അമ്മ ശ്രീകലയെയും ബന്ധുവിനെോടും പൊലീസ് പരുഷമായി പെരുമാറിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ആള് മാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്നും ഇവർ പറയുന്നു. എന്നാൽ, വയറുവേദന മൂലമാണ് ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് പൊലീസ് വിശദീകരണം. എന്നാല്‍, വെള്ളിയാഴ്ചയിലെ സംഘർഷത്തിൽ ഏറ്റ പരിക്കാണ് ശ്രീജിത്തിന്‍റെ മരണത്തിന് കാരണമെന്ന  പൊലീസിന്‍റെ വാദം പൊളിക്കുന്നതായിരുന്നു ഡോക്ടര്‍മാരുടെ മൊഴി. ശ്രീജിത്തിന് പരിക്കേറ്റത് കസ്റ്റഡിയിൽവച്ച് തന്നെയെന്ന് ചികിത്സിച്ച ഡോക്ടര്‍മാര്‍ മൊഴി നല്‍കി. ശ്രീജിത്തിന്‍റെ ശരീരത്തിലെ മുറിവിന്‍റെ പഴക്കം മൂന്ന് ദിവസം വരെ മാത്രമാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീജിത്തിനെ ചികിത്സിച്ച ഡോക്ടർമാർ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് വെളിപ്പെടുത്തല്‍. അതേസമയം നേരത്തെ അസ്വാഭാവിക മരണത്തിന് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്ത് കൊലപാതക കേസായി മാറ്റിയിരുന്നു. ഇതിനൊപ്പം അന്യായമായി തടങ്കലിൽവെച്ചെന്ന വകുപ്പും പുതുതായി ഉള്‍പ്പെടുത്തി. മരണകാരണമായ വയറിനുള്ളിലെ പരിക്ക് പറ്റിയത് ഏത് സമയത്താണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡോക്ടര്‍മാരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. 

Follow Us:
Download App:
  • android
  • ios