Asianet News MalayalamAsianet News Malayalam

ശബരിമല: സംസ്ഥാനസർക്കാർ തൽക്കാലം സുപ്രീംകോടതിയിലേക്കില്ല

ഇന്ന് ഹർജി നൽകാനായിരുന്നു സംസ്ഥാനസർക്കാരിന്‍റെ തീരുമാനം. ചീഫ് സെക്രട്ടറി വഴി ഹർജി നൽകാനായിരുന്നു നീക്കം. എന്നാൽ ഇന്നലത്തെ ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിൽ ഹർജി നൽകാനുള്ള തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

state government will not approach supreme court on sabarimala verdict
Author
Supreme Court of India, First Published Nov 28, 2018, 11:25 AM IST

ദില്ലി: സുപ്രീംകോടതി വിധി നടപ്പാക്കുന്നതിൽ കൃത്യമായ മാർഗനിർേദശങ്ങൾ തേടി സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിയ്ക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഇന്നലത്തെ ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

മുതിർന്ന അഭിഭാഷകനായ ജയ്‍ദീപ് ഗുപ്തയെയാണ് ഹർജി നൽകാൻ സർക്കാർ ഏൽപിച്ചിരുന്നത്. വക്കാലത്തിന്‍റെ കരട് ഇന്നലെത്തന്നെ ജയ്‍ദീപ് ഗുപ്തയുടെ ഓഫീസിൽ എത്തിയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമായും സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ പ്രായോഗികബുദ്ധിമുട്ടുകളാണ് ഹർജിയിൽ സംസ്ഥാനസർക്കാർ ചൂണ്ടിക്കാട്ടാൻ ഉദ്ദേശിച്ചിരുന്നത്. 

ഭക്തരെ അറസ്റ്റ് ചെയ്തിട്ടില്ല, വിധി നടപ്പാക്കാൻ എല്ലാ നടപടികളുമെടുത്തു. എന്നിട്ടും ഇതിനെതിരെ പല കോടതികളിൽ വരുന്ന ഹർജികൾ ജോലി തടസ്സപ്പെടുത്തുകയാണ്. അതുകൊണ്ടു തന്നെ വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശങ്ങൾ വേണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിയ്ക്കാൻ തീരുമാനിച്ചത്. 

എന്നാൽ ഇന്നലെ ഹൈക്കോടതിയിൽ നിന്ന് വിധി നടപ്പാക്കേണ്ടതിനെക്കുറിച്ച് വിശദമായ നിർദേശങ്ങളടങ്ങിയ ഉത്തരവ് ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിയ്ക്കാനുള്ള നീക്കം ഉപേക്ഷിയ്ക്കുന്നത്. 

ശബരിമലയിലെ  പൊലീസ് നടപടികളിൽ ഇന്നലെ രൂക്ഷവിമർശനമാണ് ഹൈക്കോടതിയിൽ നിന്നുണ്ടായത്. ഏകപക്ഷീയമായ പൊലീസിന്‍റെ എല്ലാ വിലക്കുകളും റദ്ദാക്കിയ കോടതി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി മൂന്നംഗ ഉന്നതതല സമിതിയേയും ചുമതലപ്പെടുത്തി. സന്നിധാനത്ത് നിരോധനാജ്ഞ നിലനിൽക്കുമെന്നും ഇവിടെ പ്രതിഷേധങ്ങൾ പാടില്ലെന്നും വ്യക്തമാക്കിയ കോടതി യുവതികൾക്ക് ദർശനം സാധ്യമാക്കാൻ ഏർപ്പെടുത്തിയ സംവിധാനങ്ങൾ അറിയിക്കാനും സർക്കാരിനോട് നിർദേശിച്ചു.

ശബരിമലയിലെ നിലവിലെ സംഭവവികാസങ്ങളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കോടതി സ്ഥിതിഗതികൾ വിലയിരുത്തി കൃത്യമായി കോടതിയെ അറിയിക്കുന്നതിനാണ് മൂന്നംഗ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. തിരുവിതാംകൂർ , കൊച്ചി ദേവസ്വം ബോർഡ് ഓംബുഡ്സ്മാനായ ജസ്റ്റിസ് പി.ആർ രാമൻ, ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷനായ ജസ്റ്റിസ് സിരിജഗൻ, ഡിജിപി എ.ഹേമചന്ദ്രൻ എന്നിവരാണ് സമിതി അംഗങ്ങൾ. 

Read More: ശബരിമലയില്‍ ഇനി ഹൈക്കോടതിയുടെ പ്രത്യേക നിരീക്ഷക സമിതി; പൊലീസിന് രൂക്ഷ വിമര്‍ശനം

Follow Us:
Download App:
  • android
  • ios