Asianet News MalayalamAsianet News Malayalam

ആന്ധ്രയിൽ പ്രധാനമന്ത്രിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം; 'ഗോ ബാക്ക്' വിളികൾ

'ഇനിമേൽ വരരുത്' എന്നഴുതിയ, മോദിയെ ജനക്കൂട്ടം തുരത്തിയോടിക്കുന്ന ചിത്രീകരണമുള്ള പടുകൂറ്റൻ ഹോർഡിംഗുകൾ മോദി വന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാർ ഉയ‍ർത്തിയിരുന്നു. വിമാനത്താവളം മുതൽ ഗുണ്ടൂർ വരെ ദേശീയപാതയിൽ ഉടനീളം പലയിടത്തും 'മോദിക്ക് പ്രവേശനമില്ല' എന്നെഴുതിയ പോസ്റ്ററുകളുമായി ടിഡിപി പ്രവർത്തകർ കാത്തുനിന്ന് പ്രതിഷേധിച്ചു.

State wide protest against modi's visit in Andhra Pradesh
Author
Amaravathi, First Published Feb 10, 2019, 6:09 PM IST

അമരാവതി: ടിഡിപി - ബിജെപി ബന്ധം വേർപിരിഞ്ഞതിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശ് സന്ദർശിച്ചപ്പോൾ 'ഗോ ബാക്ക്' വിളികളോടെ ടിഡിപി പ്രവർത്തകർ സംസ്ഥാനവ്യാപകമായി പ്രതിഷേധിച്ചു. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ വിമാനത്താവളത്തിലേക്ക് പോയില്ല. ഗോ ബാക്ക് മോദി എന്നെഴുതിയ പോസ്റ്ററുകൾ സംസ്ഥാനത്തുടനീളം പ്രവർത്തകർ പതിച്ചിരുന്നു. കോൺഗ്രസും ഇടതുപാർട്ടികളും മോദിക്കെതിരായി ആന്ധ്രയിലുടനീളം പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.

തെലങ്കാന, ആന്ധ്ര വിഭജനത്തിന് ശേഷമുള്ള ആന്ധ്രയുടെ ദുരിതം കാണാനാണ് മോദി വന്നത് എന്നായിരുന്നു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്‍റെ പ്രതികരണം. ആന്ധ്രയ്ക്കെതിരെ യുദ്ധം പ്രഖ്യാപിക്കാനാണ് മോദി സംസ്ഥാനത്തെത്തിയതെന്നും രാജ്യത്തെ നശിപ്പിച്ച മോദി ആന്ധ്രയെ തകർത്തുവെന്നും ചന്ദ്രബാബു നായിഡു ആരോപിച്ചു.

#NoMoreModi, #ModiIsAMistake തുടങ്ങിയ ഹാഷ് ടാഗുകളുമായി സോഷ്യൽ മീഡിയയിലും പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് എതിരായ പ്രതിഷേധം ശക്തമായിരുന്നു. 'ഇനിമേൽ വരരുത്' എന്നഴുതിയ, മോദിയെ ജനക്കൂട്ടം തുരത്തിയോടിക്കുന്ന ചിത്രീകരണമുള്ള പടുകൂറ്റൻ ഹോർഡിംഗുകൾ മോദി വന്നിറങ്ങിയ ഗണ്ണവാരം വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധക്കാർ ഉയ‍ർത്തിയിരുന്നു. വിമാനത്താവളം മുതൽ ഗുണ്ടൂർ വരെ ദേശീയപാതയിൽ ഉടനീളം 'മോദിക്ക് പ്രവേശനമില്ല' എന്നെഴുതിയ പോസ്റ്ററുകളുമായി ടിഡിപി പ്രവർത്തകർ കാത്തുനിന്ന് പ്രതിഷേധിച്ചു.

ടിഡിപി പ്രവർത്തകർ കറുത്ത വസ്ത്രങ്ങളണിഞ്ഞ് ആന്ധ്രയിലുടനീളം പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു. വിജയവാഡയിൽ നടന്ന പ്രതിഷേധ റാലിയിൽ ആയിരക്കണക്കിന് ടിഡിപി പ്രവർത്തകർ പങ്കെടുത്തു. സിപിഎം, സിപിഐ പ്രവർത്തകരും വിജയവാഡയിൽ മോദിയുടെ സന്ദർശനത്തിന് എതിരെ പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിച്ചു. കോൺഗ്രസ് മോദിയുടെ സന്ദർശനത്തിനെതിരെ സംസ്ഥാനവ്യാപകമായി കരിദിനം ആചരിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ട സാഹചര്യത്തിൽ കനത്ത സുരക്ഷയായിരുന്നു പ്രധാനമന്ത്രിക്ക് ഒരുക്കിയിരുന്നത്. വിമാനത്താവളത്തിൽ നിന്ന് വായു സേനയുടെ ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി റാലി നടന്ന ഗുണ്ടൂരിലേക്ക് പോയത്.

Follow Us:
Download App:
  • android
  • ios