Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളിൽ സ്റ്റെന്‍റ് വിതരണം നിർത്തി ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരത്ത്  പതിനാല് കോടി ,കോഴിക്കോട് പത്ത് കോടി , ആലപ്പുഴ എട്ടര കോടി എന്നിങ്ങനെ ആണ് കൊടുത്തു തീർക്കേണ്ട കുടിശികയുടെ കണക്ക്.  കുടിശിക തീര്‍ക്കാതെ ഇനി വിതരണം നടത്താനാകില്ലെന്ന  നിലപാടിൽ ആണ് വിതരണക്കാർ. സ്റ്റെന്റുകൾ ഇല്ലാത്തത് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ വരില്ലെന്ന് ആരോഗ്യ മന്ത്രി പ്രതികരിച്ചു

stent distribution shut down in three medical colleges
Author
Kozhikode, First Published Sep 28, 2019, 5:55 PM IST

കോഴിക്കോട് : കുടിശിക പെരുകിയതിനെത്തുടര്‍ന്ന് കോഴിക്കോട് , ആലപ്പുഴ ,  തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ സ്റ്റെന്റ് നല്‍കുന്നതിന് വിതരണക്കാരുടെ സംഘടന നിയന്ത്രണമേര്‍പ്പെടുത്തി. മൂന്ന് മെഡിക്കല്‍ കോളേജുകള്‍ക്കും ഇനി സ്റ്റെന്റ് കടമായി നല്‍കേണ്ടെന്ന്  ഇന്ന് നടന്ന യോഗത്തില്‍ തീരുമാനിച്ചു. കുടിശിക പെരുകിയതിനെത്തുടര്‍ന്നാണ് മെഡിക്കൽ കോളേജുകളിലേക്കുള്ള ഹൃദയ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം പ്രതിസന്ധിയില്‍ ആയത്.  43കോടി രൂപയാണ് വിതരണക്കാർക്ക്  സർക്കാർ നൽകാനുള്ളത്.  

തിരുവനന്തപുരത്ത്  പതിനാല് കോടി ,കോഴിക്കോട് പത്ത് കോടി , ആലപ്പുഴ എട്ടര കോടി എന്നിങ്ങനെ ആണ് കുടിശിക കണക്ക്. ഇത് നൽകണമെന്ന്  ആവശ്യപ്പെട്ട്  സെപ്റ്റംബര്‍ 20 മുതല്‍  സ്റ്റെന്റ് നൽകുന്നത് നിർത്തി വച്ച്  വിതരണക്കാര്‍ സമരം തുടങ്ങിയെങ്കിലും സര്‍ക്കാര്‍ മൗനത്തിലായതോടെയാണ്  മൂന്നിടത്തും ഇനി സ്റ്റെന്റ് കടമായി നൽകേണ്ടെന്ന് വിതരണക്കാരുടെ സംഘടന തീരുമാനിച്ചത്. ഇത് ജൂൺ വരെയുള്ള കണക്ക് മാത്രമാണെന്നും വിതരണക്കാർ പറയുന്നു.  കുടിശിക തീര്‍ക്കാതെ ഇനി വിതരണം നടത്താനാകില്ലെന്ന് വിതരണക്കാർ പ്രതികരിച്ചു.

Read More: മെഡി. കോളേജുകളിൽ ഹൃദയ ശസ്ത്രക്രിയകൾ മുടങ്ങും; സ്റ്റെന്‍റ് വിതരണം നിർത്തുമെന്ന് വിതരണക്കാരുടെ ഭീഷണി

മറ്റ് മെഡിക്കല്‍ കോളേജുകളും സര്‍ക്കാരാശുപത്രികളും മാർച്ച് 31 വരെയുള്ള കുടിശിക കൊടുത്തു തീർത്തിട്ടുണ്ട്. തുടര്‍ന്നുള്ള മാസങ്ങളിലെ പത്തര കോടിയോളം രൂപ ലഭിക്കാനുണ്ട്. ഇത് പതിനഞ്ചു ദിവസത്തിനുള്ളില്‍ നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. ഇല്ലെങ്കില്‍ മുൻകൂറായി സ്റ്റെന്‍റുകള്‍ വിതരണം ചെയ്യുന്ന രിതി ഇവിടെയും അവസാനിപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്.

അതേ സമയം സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് സ്റ്റെന്റ് ഉണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. സ്റ്റെന്റുകൾ തീരുന്ന മുറയ്ക്ക് വാങ്ങാൻ നടപടിയെടുക്കുമെന്നും കെ.കെ.ഷൈലജ വ്യക്തമാക്കി .സ്റ്റെന്റുകൾ ഇല്ലാത്തത് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന അവസ്ഥ വരില്ലെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. 


 

Follow Us:
Download App:
  • android
  • ios