Asianet News MalayalamAsianet News Malayalam

വിജയ് മല്യക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി; നേരിട്ട് കോടതിയില്‍ ഹാജരാവണം

supreme court against vijay malya on contempt of court case
Author
First Published May 9, 2017, 6:18 AM IST

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ മദ്യരാജാവ് വിജയ് മല്യ കുറ്റക്കാരനെന്ന് സുപ്രീംകോടതി. ജൂലൈ 10ന് വിജയ് മല്യ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു. ബാങ്കുകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബ്രിട്ടീഷ് മദ്യ കമ്പനിയായ ഡിയാഗിയോയില്‍ നിന്ന് 40 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയ ശേഷം പണം മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റിയെതിനെതിരെയാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകള്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത ശേഷം ലണ്ടനിലേക്ക് കടന്ന വിജയ് മല്യ പണം കൈമാറിയത് ട്രൈബ്യൂണലിന്റെയും കര്‍ണാടക ഹൈക്കോടതിയുടേയും ഉത്തരവിന്റെയും ലംഘനമാണെന്ന ഹര്‍ജി കോടതി അംഗീകരിച്ചു. 

മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജസ്റ്റിസുമാരായ എ.കെ ഗോയല്‍, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ 10ന് നേരിട്ട് ഹാജരാകണമെന്നും ഉത്തരവിട്ടു. ശിക്ഷ അന്ന് പ്രഖ്യാപിക്കും. കോടതിയലക്ഷ്യക്കേസില്‍ ആറുമാസം തടവാണ് പരമാവധി ശിക്ഷ. കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന വിജയ് മല്യയുടെ വാദമാണ് കോടതി തള്ളിയത്. സ്കോട്‍ലന്റ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്ത വിജയ് മല്യയെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ ബ്രിട്ടനുമേല്‍ ഇന്ത്യ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് കോടതിയലക്ഷ്യക്കേസില്‍ മല്യക്കെതിരായ സുപ്രീംകോടതി നടപടി. 

Follow Us:
Download App:
  • android
  • ios