Asianet News MalayalamAsianet News Malayalam

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടില്ലെന്ന് സുപ്രീം കോടതി

ഈ മാസം 13ന് ആധാര്‍ കേസ് പരിഗണിച്ചപ്പോഴും ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി അനുവദിച്ചിരുന്നു.

Supreme Court denies extending Aadhaar linking deadline to welfare schemes

ദില്ലി: ക്ഷേമപദ്ധതികള്‍ക്കായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയ്യതി നീട്ടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. സബ്‍സിഡികള്‍ ഉള്‍പ്പെടെയുള്ളവ ഗുണഭോക്താവിന് നേരിട്ട് അക്കൗണ്ടിലേക്ക് ലഭിക്കാന്‍ ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തീയ്യതി മാര്‍ച്ച് 31 ആണ്. അതേസമയം ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ നമ്പറുകള്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയ്യതി അനിശ്ചിതമായി നീട്ടിയിരിക്കുകയാണിപ്പോള്‍.

ഈ മാസം 13ന് ആധാര്‍ കേസ് പരിഗണിച്ചപ്പോഴും ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ ബന്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാറിനെ സുപ്രീം കോടതി അനുവദിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബഞ്ച് ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ യുനീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ചെയര്‍മാന്‍ അജയ് ഭൂഷണ്‍ പാണ്ഡെ കോടയില്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. ആധാര്‍ ഡേറ്റാബേസിലെ വിവരങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്താണ് സൂക്ഷിക്കുന്നതെന്നും ഇത് ഡീക്രിപ്റ്റ് ചെയ്യാന്‍ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളെ ആധാറുമായി ബന്ധിപ്പിച്ചതിലെ വിജയനിരക്ക് 88 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആധാറിനെ എതിര്‍ക്കുന്നവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥ് സര്‍ക്കാര്‍ വാദങ്ങളെ ഖണ്ഡിച്ചു. വിജയ നിരക്ക് 88 ശതമാനമാണെങ്കില്‍ 12 ശതമാനം പേര്‍ പുറത്താകുമെന്നും രാജ്യത്തെ ജനസംഖ്യയില്‍ 14 കോടിയോളം പേര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുമെന്നും അദ്ദേഹം വാദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ക്ഷേമ പദ്ധതികള്‍ ലഭ്യമാവാന്‍ മാര്‍ച്ച് 31ന് മുന്‍പ് ആധാര്‍ ബന്ധിപ്പിക്കണമെന്ന നിബന്ധന റദ്ദാക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതായി ഒരു പരാതി പോലും കിട്ടിയിട്ടില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ പറഞ്ഞു. ഇത് കണക്കിലെടുത്ത കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios