Asianet News MalayalamAsianet News Malayalam

സുപ്രീംകോടതി പ്രതിസന്ധി രൂക്ഷം;ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം നടന്നു

Supreme Court judges vs CJI Dipak Misra highlights
Author
First Published Jan 16, 2018, 10:23 AM IST

ദില്ലി: സുപ്രീംകോടതിയില്‍  ചീഫ് ജസ്റ്റിസിനും മുതിര്‍ന്ന ജഡ്ജിമാര്‍ക്കുമിടയില്‍ ഉണ്ടായ പ്രതിസന്ധി രൂക്ഷമാകുന്നു എന്ന് റിപ്പോര്‍ട്ട്. സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി എന്നതാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ഇന്നലെയാണ് ജഡ്ജിമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായത്. 

കഴിഞ്ഞ ദിവസം രാവിലെ സുപ്രീംകോടതി ജഡ്ജിമാരുടെ പതിവ് ചായകുടി സമയത്താണ് പ്രശ്നം നടന്നത്. മറ്റൊരു ജഡ്ജ് സുപ്രീംകോടതിയില്‍ വിമത സ്വരം ഉയര്‍ത്തിയ ജഡ്ജിമാരോട് ക്ഷോഭിച്ചു എന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യാന്‍ ചീഫ് ജസ്റ്റിസ് ഏല്‍പ്പിച്ച ജഡ്ജ് അരുണ്‍ മിശ്രയാണ് ചെലമേശ്വര്‍ അടക്കമുള്ള ജഡ്ജിമാരോട് തട്ടിക്കയറിയത്.

മുന്‍ ചീഫ് ജസ്റ്റിസ് ദത്തുവിന്‍റെ കാലത്ത് തന്നെ സുപ്രധാന കേസുകള്‍ കേള്‍ക്കുന്ന എന്നെപ്പോലുള്ള ജഡ്ജുമാരെ മോശമാക്കുന്നതാണ് സീനിയര്‍ ജഡ്ജുമാരുടെ പ്രവര്‍ത്തിയെന്ന് ഇദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇതില്‍ വിശദീകരണം നല്‍കാനുള്ള ജ.ചെലമേശ്വറിന്‍റെ ശ്രമം വാക്കേറ്റത്തിലേക്ക് നയിച്ചു. ഈ സമയം സ്ഥലത്ത് എത്തിയ ചീഫ് ജസ്റ്റിസ് ഇടപെട്ട് അരുണ്‍ മിശ്രയെ സമാധാനിപ്പിച്ചു.

ഇതോടെയാണ് ഇന്നലെ കോടതി നടപടികള്‍ 12 മിനുട്ടോളം വൈകിയത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേ സമയം തര്‍ക്കം നടന്നു എന്ന കാര്യം സുപ്രീംകോടതി വൃത്തങ്ങള്‍ നിഷേധിച്ചില്ല. അതേ സമയം സുപ്രീംകോടതിയിലെ പ്രതിസന്ധി തീർന്നിട്ടില്ലെന്ന് വ്യക്തമാക്കി അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ രംഗത്ത് എത്തി. പ്രശ്നങ്ങൾക്ക് രണ്ടു ദിവസത്തിനുള്ളിൽ പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എജി പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് എജി ഇക്കാര്യം സൂചിപ്പിച്ചത്. 

കോടതിയിലെ പ്രശ്നങ്ങൾ തീർന്നെന്നും പ്രതിസന്ധികൾക്ക് വിരാമമായെന്നും എജി വ്യക്തമാക്കിയെന്ന് തിങ്കളാഴ്ച വാർത്തകൾ വന്നിരുന്നു. വാർത്താസമ്മേളനം നടത്തി വിമർശനമുന്നയിച്ച നാല് ജഡ്ജിമാരെയും ചീഫ് ജസ്റ്റീസ് കാണുമെന്നും എജി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇത് ഉണ്ടാകാതിരുന്നതോടെയാണ് രണ്ടു ദിവസത്തിനുള്ളിൽ പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന് എജി വീണ്ടും മാധ്യമങ്ങളോട് പറഞ്ഞത്.

Follow Us:
Download App:
  • android
  • ios