Asianet News MalayalamAsianet News Malayalam

സുഷമ സ്വരാജ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി?

Sushma Swaraj For President NDA Nominee to be Finalised Soon
Author
First Published Jun 15, 2017, 1:20 PM IST

ദില്ലി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചനകള്‍. രാഷ്ടപതി സ്ഥാനത്തേക്ക് എന്‍ഡിഎ പരിഗണിക്കുന്നവരില്‍ സുഷമാ സ്വരാജ് മുന്‍പന്തിയില്‍ ഉണ്ടെന്ന് ബിജെപി, ആര്‍എസ് വക്താക്കള്‍ വ്യക്തമാക്കിയെന്ന് ന്യൂസ് 18ന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാഷ്ടപതി സ്ഥാനത്തിനു വേണ്ടി എന്‍ഡിഎ മുന്നോട്ട് വയ്ക്കുന്ന യോഗ്യതകളും സുഷമയ്ക്കുണ്ടെന്നാണ് ഒരു പ്രമുഖ നേതാവ് ന്യൂസ് 18ന്‍ ചാനലിനോട് വ്യക്തമാക്കിയത്. സുഷമയെ പോലെയുള്ള ഒരു ജനകീയ വനിതാ രാഷ്ട്രീയ നേതാവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ ആര്‍എസ്എസിനും പൂര്‍ണ പിന്തുണ ഉണ്ടെന്നാണ് സൂചനകള്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ സുഷമാ സ്വരാജിന്റെ പേര് സജീവമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

അതേ സമയം രാഷ്ട്രപതി സ്ഥാനം സംബന്ധിച്ച് ഒത്തുതീര്‍പ്പ് ഉണ്ടാക്കുവാന്‍ ബിജെപി നിയോഗിച്ച അരുണ്‍ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ്, വെങ്കായ്യ നായിഡു എന്നിവര്‍ പ്രതിപക്ഷ നേതാക്കളെ കാണുന്നുണ്ട്. സംഘപരിവാറിന് പുറത്തുനിന്നും ഒരാളെ സ്ഥാനാര്‍ത്ഥിയാക്കുവാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല, ഒപ്പം തന്നെ സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയെയാണ് ബിജെപി പരിഗണിക്കുന്നത്. ഇത്തരത്തില്‍ നോക്കിയാല്‍ സുഷമ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉചിതമാണെന്ന് ബിജെപി വൃത്തങ്ങള്‍ കരുതുന്നു.

അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാനോ പ്രസ്താവനകളിറക്കാനോ സുഷമയുമായ ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ സംബന്ധിച്ചുള്ള എന്‍ഡിഎയുടെ അന്തിമ തീരുമാനം അടുത്തു തന്നെ പുറത്തു വരുമെന്നും അതിനു ശേഷം പ്രതികരിക്കാമെന്നുമാണ് ഇവരുടെ നിലപാട്.

Follow Us:
Download App:
  • android
  • ios