Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ പരീക്ഷണ ദിവസങ്ങള്‍ തീരുന്നില്ല

tamil nadu political crisis
Author
Chennai, First Published Feb 17, 2017, 1:30 AM IST

ചെന്നൈ: എടപ്പാടി കെ പളനി സ്വാമി മുഖ്യമന്ത്രിയായെങ്കിലും   പരീക്ഷണ ദിവസങ്ങളാണ് ഇനി ശശികല പക്ഷത്തിന് മുന്നിലുള്ളത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുകയാണ് ആദ്യ കടമ്പ. ഇതിനൊപ്പം പ്രത്യക്ഷ സമര പ്രഖ്യാപനവുമായി രംഗത്തെത്തിയ പനീര്‍ശെല്‍വം ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ശക്തമായ പ്രതിരോധവും വേണ്ടി വരും. 

വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ 124 പേരുടെ പിന്തുണയാണ് നിലവില്‍ പളനിസാമി  പക്ഷം അവകാശപ്പെടുന്നത്. ഭരണത്തിന് വേണ്ട 117 പേരുടെ പിന്തുണ കഴിഞ്ഞ് 7 പേര്‍ അധികമുണ്ടെങ്കിലും ഒന്നും ഉറപ്പിക്കാനാകാത്ത നിലയിലാണ് എഐഎഡിഎംകെ.   അവസരം മുതലെടുക്കാന്‍ ലക്ഷ്യമിട്ട് പ്രത്യക്ഷ സമരപരിപാടികളുമായി പനീര്‍ശെല്‍വം രംഗത്തെത്തി കഴിഞ്ഞു.  എല്ലാ നിയോജക മണ്ഡലങ്ങളിലും സമരം എന്ന പ്രഖ്യാപനമാണ് ഒരിക്കല്‍ കൂടി ജയലളിതയുടെ ശവകുടീരത്തിന് മുന്നിലെത്തി പനീര്‍ശെല്‍വം നടത്തിയത്. 

പനീര്‍ശെല്‍വത്തിന്‍റെ ഈ വെല്ലുവിളി മറികടക്കുക അത്ര എളുപ്പമാകില്ല. എങ്കിലും ചില പ്രധാന ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് ജനവികാരം തങ്ങൾക്കനുകൂലമാക്കാമെന്ന് എ ഐ എ ഡി എം കെ കണക്കുകൂട്ടുന്നു .  ഒപ്പം ജയലളിതയുടെ ഭരണത്തുടര്‍ച്ച എന്ന തുറുപ്പ് ചീട്ട് ഇറക്കി ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരെ കൂടെകൂട്ടാമെന്ന പ്രതീക്ഷയും. ഇനി വിശ്വാസവോട്ടടെുപ്പ് വേളയില്‍  ഒപിഎസ് പക്ഷത്ത് നില്‍ക്കുന്ന പത്ത് എംഎല്‍എമാര്‍ എടപ്പാടിയ്ക്കെതിരെ വോട്ട് ചെയ്താൽ വിപ്പിന്‍റെ പിന്‍ബലത്തില്‍ ഇവരെ അയോഗ്യരാക്കാമെന്ന കണക്കുകൂട്ടലുംശശികലയെ പിന്തുണയ്ക്കുന്നവര്‍ക്കുണ്ട്. 

 എന്നാല്‍  പാര്‍ട്ടി ഭരണഘടന പ്രകാരം ശശികലയ്ക്ക് വിപ്പ് നല്‍കാനുള്ള അധികാരമില്ലെന്ന നിലപാടില്‍   ഒപിഎസ് പക്ഷം ഉറച്ചുനിന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ നിയമപ്രശ്നത്തിലേക്ക് കാര്യങ്ങളെത്തും. ഇതൊഴിവാക്കാനായി  പനീർശെൽവത്തെയും കൂട്ടരേയും എഐഎഡിഎംകെ ക്യാപിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ചിലർ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പരസ്യ സമര പ്രഖ്യാപനത്തോടെ എല്ലാ ഒത്തുതിര്‍പ്പ് സാധ്യതകളും തള്ളിക്കളഞ്ഞിരിക്കുകയാണ് പനീര്‍ശെല്‍വം. 

Follow Us:
Download App:
  • android
  • ios