Asianet News MalayalamAsianet News Malayalam

സ്നേഹിക്കുമ്പോളും കുഞ്ഞിനെ കൊല്ലാന്‍ ജസീല വഴി ആലോചിച്ചു; കോഴിക്കോടിനെ നടക്കുന്ന കൊലപാതകം

ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുന്നതു ശ്രദ്ധിച്ചു. വീട്ടിലെത്തുന്നവരോടു ചിരിച്ചു കൊണ്ടു പെരുമാറുന്നു. ഭക്ഷണം വിളമ്പുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്

thamarassery Child murder case jasela arrested
Author
Kozhikode, First Published Oct 25, 2018, 11:35 AM IST

കോഴിക്കോട്: ഭര്‍ത്താവിന്‍റെ സഹോദരന്‍റെ ഭാര്യയോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അവരുടെ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ യുവതി പിടിയില്‍. കോഴിക്കോട് കരാടി പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഭാര്യ ഷമീനയുടെയും ഏഴ്മാസം പ്രായമുള്ള മകള്‍ ഫാത്തിമയായിരുന്നു മരിച്ചത്. കുഞ്ഞിനും പാലുകൊടുത്ത് ഉറക്കിയ ശേഷം ഷമീന കുളിക്കാന്‍ പോയപ്പോഴാണ് ജസീല തൊട്ടിലില്‍ കിടന്ന കുട്ടിയെ എടുത്തുകൊണ്ടുപോയി കിണറ്റിലിട്ടത്. ഇതിനായി വളരെ വിദഗ്ധമായ തന്ത്രങ്ങളായിരുന്നു ജസീല നടത്തിയത്. 

സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ, മറ്റുള്ളവരോടു സ്‌നേഹത്തോടെയുള്ള പെരുമാറ്റമായിരുന്നു ജസീലയുടേത്. എന്നാല്‍ തന്നെക്കാള്‍ കുടുംബത്തില്‍ കൂടുതല്‍ പരിഗണന അനുജന്റെ ഭാര്യയ്ക്കു കിട്ടുന്നുവെന്ന തോന്നലാണു ശത്രുതയ്ക്കിടയാക്കിയത്.  നിസാര കാര്യങ്ങളില്‍നിന്നാണ് ജസീലയ്ക്ക് ഷമീനയോട് വിദ്വേഷം തുടങ്ങിയത്. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിനെ വകവരുത്തി ഷമീനയോടുള്ള വിദ്വേഷം തീര്‍ക്കുക മാത്രമായി ജസീലയുടെ ലക്ഷ്യം. ഭര്‍ത്താവ് നാട്ടിലെത്തുമ്പോഴാണു ജസീല കാരാടിയിലെ ഭര്‍തൃവീട്ടിലേക്കെത്തിയിരുന്നത്.
  
കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച  ജസീല ഇതിനായി ശ്രമിച്ചത് പത്തു തവണ. കുട്ടി ഉറങ്ങുമ്പോള്‍ തലയണ മുഖത്തമര്‍ത്തി ശ്വാസം മുട്ടിക്കാനും കുളിപ്പിക്കുന്നതിനിടയില്‍ ബക്കറ്റില്‍ മുക്കിക്കൊല്ലാനും എല്ലാം ശ്രമിച്ച ജസീലയുടെ ശ്രമം വിജയിച്ചത് പത്താമത്തെ ശ്രമത്തില്‍ ആയിരുന്നു. ഫാത്തിമ ജനിച്ചതു മുതല്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ താന്‍ നടത്തിയിരുന്നു എന്നാണ് ജസീലയുടെ മൊഴി. കൊല്ലാനുള്ള പദ്ധതി മനസ്സില്‍ ഒളിപ്പിച്ച് അവസരം പാര്‍ത്തിരുന്ന ജസീല അത് മറയ്ക്കാന്‍ മറ്റു ബന്ധുക്കളെ അസൂയപ്പെടുത്തുന്ന രീതിയിലാണ് കുട്ടിയെ ലാളിച്ചിരുന്നത്. 

ആദ്യമേ സംശയത്തിന്റെ മുനയെത്തിയതു ജസീലയുടെ നേര്‍ക്ക് തന്നെയായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കു യാതൊരു സംശയവും ഉണ്ടായിരുന്നില്ല. വീട്ടില്‍ മറ്റാരുടെയെങ്കിലും വരവു പതിവായിരുന്നോ. ആരെങ്കിലുമായി വിദ്വേഷമുണ്ടായിരുന്നോ മോഷണശ്രമമെന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന കാര്യങ്ങളും പരിശോധിച്ചു. കുഞ്ഞിന്‍റെ കൈയ്യിലും കഴുത്തിലും കാലിലുമുണ്ടായിരുന്ന സ്വര്‍ണമൊന്നും നഷ്ടപ്പെടാതിരുന്നതു കവര്‍ച്ചയല്ലെന്ന് ഉറപ്പിക്കാനായി. ആദ്യദിവസം ബന്ധുക്കളോട് കാര്യമായൊന്നും പൊലീസ് ചോദിച്ചിരുന്നില്ല. എന്നാല്‍ ജസീല പറഞ്ഞ മൊഴിയിലെ വൈരുദ്ധ്യങ്ങളെത്തുടര്‍ന്നുള്ള പൊലീസ് നിരീക്ഷണമാണു യഥാര്‍ഥ പ്രതിയിലേക്കെത്തിയത്.

വെള്ളം കോരാനെത്തിയപ്പോഴാണു കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെന്നാണ് ജസീല ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ കിണറ്റില്‍ കുഞ്ഞുണ്ടെന്ന് അറിഞ്ഞിട്ടും മാതാവിനോടൊപ്പം തിരച്ചിലില്‍ കൂടിയതെന്തിനാണെന്ന സംശയം ബാക്കിയായി. അങ്ങനെയെങ്കില്‍ ബന്ധുക്കളെ വിവരമറിയിക്കാനും ശ്രമിക്കേണ്ടിയിരുന്നതല്ലേ എന്ന സംശയം പോലീസിനുണ്ടായി. കുഞ്ഞിനെ കിണറ്റില്‍നിന്നു പുറത്തെടുക്കും വരെ കരച്ചിലോടെ നിന്നിരുന്ന ജസീല പിന്നീടു യാതൊരു ഭാവവും കൂടാതെ മറ്റു കാര്യങ്ങളിലേക്കു മാറിയതാണു സംശയത്തിനിടയാക്കിയത്. ബന്ധുക്കളില്‍ രണ്ടുപേരെ നിരീക്ഷണത്തിനു പൊലീസ് ഏര്‍പ്പെടുത്തുകയും ചെയ്തു.

ആദ്യം കരഞ്ഞു പ്രതികരിച്ച ജസീല പിന്നീടു സന്തോഷത്തോടെ പെരുമാറുന്നതു ശ്രദ്ധിച്ചു. വീട്ടിലെത്തുന്നവരോടു ചിരിച്ചു കൊണ്ടു പെരുമാറുന്നു. ഭക്ഷണം വിളമ്പുന്നു. രണ്ടാംദിവസത്തെ ചോദ്യം ചെയ്യലിലാണു കാര്യങ്ങള്‍ക്കു വ്യക്തത വന്നത്. പൊലീസ് മൊഴി രേഖപ്പെടുത്തുമ്പോള്‍ ഒരിക്കല്‍പ്പോലും കരഞ്ഞുകൊണ്ടല്ലാതെ ജസീല മറുപടി നല്‍കിയിരുന്നില്ല. 

കുഞ്ഞിനെ ആരോ ഒരാള്‍ എടുത്തുകൊണ്ടുപോകുന്നതായി കണ്ടുവെന്നായിരുന്നു ജസീലയുടെ ആദ്യത്തെ മൊഴി. ചിലപ്പോള്‍ നായ്ക്കള്‍ കൊണ്ടിട്ടതാകാമെന്നും കവര്‍ച്ചയ്ക്കായി ആരെങ്കിലും വന്നപ്പോള്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നും വരെ പറഞ്ഞുനോക്കി. നിങ്ങള്‍ സംഭവിച്ചതു പറയൂ. അല്ലെങ്കില്‍ നുണപരിശോധനയെന്ന പൊലീസിന്‍റെ മുന്നറിയിപ്പിലാണ് ജസീല വീണത്. പിന്നീട് അവര്‍ക്ക് പറയാതിരിക്കാന്‍ തരമുണ്ടായില്ല. കുറ്റമേല്‍ക്കുകയായിരുന്നു.

കുഞ്ഞിനെ മുമ്പ് പല തവണ കൊല്ലാന്‍ ശ്രമിച്ചപ്പോഴും തടസ്സമായിരുന്ന ഷമീന അല്‍പ്പം മാറി നിന്ന തക്കമാണ് ഇത്തവണ കൃത്യം നടത്താനായി ജസീല തിരഞ്ഞെടുത്തത് എന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തിയ ശേഷം തുണിയലക്കാന്‍ ഷമീന പോയ സമയമാണ് ജസീല മുതലാക്കിയത്. പിന്നീട് ഷമീന കുളിക്കാന്‍ കയറിയപ്പോള്‍ പുറത്തിറങ്ങി ആരും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം തൊട്ടിലില്‍ നിന്നും കുട്ടിയെ എടുത്ത് കിണറ്റിലേക്ക് എറിഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ അടുക്കളയില്‍ എത്തി ജോലിയില്‍ വ്യാപൃതയായി. കുളികഴിഞ്ഞിറങ്ങിയ ഷമീന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞപ്പോള്‍ അയ്യോയെന്ന വിളിച്ച് അഭിനയിച്ച് അന്വേഷണത്തിന് ആദ്യം ഇറങ്ങിയതും ജസീല തന്നെയായിരുന്നു.

Follow Us:
Download App:
  • android
  • ios