Asianet News MalayalamAsianet News Malayalam

പൂനൂര്‍ പുഴ വീണ്ടെടുക്കാന്‍ നാട്ടുകാരിറങ്ങി; ചരിത്രമായി പുഴയാത്ര

  • പനങ്ങാട്, കട്ടിപ്പാറ, ഉണ്ണികുളം, താമരശേരി ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് പുഴശുചീകരണത്തില്‍ പങ്കാളികളായത്. 
The natives landed to regain the river punoor

കോഴിക്കോട്: മാലിന്യം തള്ളി വികൃതമായ പൂനൂര്‍ പുഴയെ വീണ്ടെടുക്കാന്‍ ജില്ലാ പഞ്ചായത്ത് മെബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പുഴയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പനങ്ങാട്, കട്ടിപ്പാറ, ഉണ്ണികുളം, താമരശേരി ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് നൂറുകണക്കിനാളുകളാണ് പുഴശുചീകരണത്തില്‍ പങ്കാളികളായത്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി പുഴയാത്രക്കുവേണ്ടി രൂപീകരിക്കപ്പെട്ട പുഴക്കൂട്ടങ്ങളുടെ നേതൃത്വത്തിലാണ് പതിനഞ്ച് കേന്ദ്രങ്ങളിലായി ഒരേസമയം പുഴശുചീകരണം നടന്നത്. സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങുന്ന നൂറുകണക്കിന് പേരാണ് പുഴ ശുചീകരണത്തിന് എത്തിച്ചേര്‍ന്നത്. ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ക്ലബ് അംഗങ്ങള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവരെ പങ്കാളികളായി.

രാവിലെ ഏഴുമണി മുതല്‍ ആരംഭിച്ച ശുചീകരണം ഉച്ചവരെ തുടര്‍ന്നു. ചീടിക്കുഴി, തലയാട് പമ്പ് ഹൗസ്, തുവ്വക്കടവ്, വട്ടച്ചുഴലി, കുറുങ്ങോട്ട് പൊയില്‍, മഞ്ചപ്പാറ, ചെമ്പ്രകുണ്ട, മൊകായി, കോളിക്കല്‍, തട്ടഞ്ചേരി, പൂവന്‍കണ്ടി, കുണ്ടത്തില്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ ശുചീകരണം നടന്നത്. വിവിധ സ്ഥലങ്ങളിലായി ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ്, പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന്‍, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട് എന്നിവര്‍ നേതൃത്വം നല്‍കി. 

കൂടാതെ ജില്ലാപഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം അംഗങ്ങള്‍ ചീടിക്കുഴി മുതല്‍ ഇരൂള്‍കുന്ന് വരെ വിവിധ പുഴക്കൂട്ടങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു. പുഴയില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഗ്രീന്‍ വോംസ് വഴിയാണ് സംസ്‌കരിക്കുന്നത്.
 

Follow Us:
Download App:
  • android
  • ios