Asianet News MalayalamAsianet News Malayalam

അഴീക്കോട് നടന്ന നാടകങ്ങൾ, കെ.എം. ഷാജി അയോഗ്യനായ നാൾവഴി

അത്യന്തം നാടകീയമായിരുന്നു അഴീക്കോട്ടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്. ഒരിയ്ക്കൽ എം.വി.രാഘവനിലൂടെ ആദ്യമായി യുഡിഎഫിലേയ്ക്ക് പോയ അഴീക്കോട് മകനിലൂടെ തിരിച്ചുപിടിയ്ക്കാൻ എൽഡിഎഫ് കിണഞ്ഞുശ്രമിച്ചപ്പോൾ യുഡിഎഫ് ഷാജിയ്ക്കായി കൈമെയ് മറന്നിറങ്ങി. പത്രികാസമർപ്പണത്തിൽ തുടങ്ങിയ തർക്കമാണൊടുവിലിപ്പോൾ ഹൈക്കോടതിയിൽ വന്ന് നിൽക്കുന്നത്. കെ.എം.ഷാജി അയോഗ്യനായ നാൾവഴിയിലേക്ക്..

the time line of the azheekode election and controversies
Author
Azhikode, First Published Nov 9, 2018, 2:25 PM IST

രൂപീകരണ കാലം മുതൽ ഇടതിന്‍റെ നെടുങ്കോട്ടയായിരുന്ന അഴീക്കോട് എം.വി.രാഘവനിലൂടെയാണ് യുഡിഎഫ് പിടിച്ചത്. അഴീക്കോട് മണ്ഡലത്തിൽ കരുത്തനായ ചടയൻ ഗോവിന്ദനിൽ തുടങ്ങിയ ഇടതുപാരമ്പര്യം എംവിആറിലൂടെ തുടർന്നു. സിപിഎമ്മിൽ നിന്ന് പുറത്തായ എംവിആർ‍ സിഎംപി രൂപീകരണത്തിന് ശേഷം 1987-ലാണ് അഴീക്കോട് യുഡിഎഫിനു വേണ്ടി അട്ടിമറിച്ചത്. 1991-ൽ ഇ.പി.ജയരാജൻ അഴീക്കോട് തിരിച്ചുപിടിച്ചു. ടി.കെ. ബാലനും തുടർന്ന് പ്രകാശൻമാസ്റ്ററും കൈമാറി കാത്ത ചെങ്കോട്ട 2011-ലാണ് കെഎം ഷാജി എന്ന മുസ്ലിം ലീഗിന്‍റെ പുതിയ പോരാളി യുഡിഎഫിനു വേണ്ടി കീഴടക്കിയത്.

തിരികെപ്പിടിക്കാൻ  നികേഷ്, കോട്ട കാക്കാൻ ഷാജി

2011-ലെ മണ്ഡല പുനർനിർണയത്തിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടായെങ്കിലും അഴീക്കോട് മണ്ഡലം ഇടതിന് വൈകാരിക പ്രാധാന്യമുള്ളതായിരുന്നു. എം.വി.രാഘവൻ അരങ്ങൊഴിഞ്ഞതോടെ സിഎംപിയെ പിളർത്തി ഇടത് ക്യാമ്പിൽ എത്തിച്ചതിന്‍റെ പ്രത്യുപകാരം എന്നോണമാണ് നികേഷ് കുമാറിന് സിപിഎം അഴീക്കോട്ട് സീറ്റ് നല്‍കിയത്. സിഎംപിയെ പിളർത്തി ഭൂരിഭാഗം നേതാക്കളും അണികളുമായാണ് നികേഷ് സിപിഎമ്മിലെത്തിയത്. ഒപ്പം എം.വി.രാഘവൻ സിപിഎം വിട്ടതോടെ കൈവിട്ടുപോയ ഒരു വിഭാഗം നായർ, നമ്പ്യാർ വോട്ടുകൾ കൂടി തിരിച്ചുപിടിച്ച് സിപിഎം കണക്കൂകൂട്ടി.  

the time line of the azheekode election and controversies

ഒട്ടുമിക്ക രാഷ്ട്രീയ ഘടകങ്ങളും അനുകൂലമായിരുന്ന 2016-ൽ എംവിആറിന്‍റെ മകൻ അഴീക്കോട് തിരികെപ്പിടിച്ച് കാലത്തിന്‍റെ കാവ്യനീതി നടപ്പാക്കുമെന്ന് സിപിഎം കണക്കുകൂട്ടി. സിഎംപിക്ക് ഉള്ളിലെ അസ്വാരസ്യവും കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളെ പരാമർശിച്ചുള്ള പ്രചാരണവുമൊക്കെ ഉപശാലകളിൽ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം വേഗം കെട്ടടങ്ങി. ഇടതുക്യാമ്പ് പൊതുവേ ആവേശത്തോടെയാണ് നികേഷ് കുമാറിനെ സ്വീകരിച്ചത്. പാർട്ടികളും വർഗ്ഗ ബഹുജന സംഘടനകളും ഒറ്റക്കെട്ടായി നികേഷിനൊപ്പം നിന്നു.

2011-ലെ മേൽക്കൈ തിരികെക്കൊടുക്കില്ലെന്ന് യുഡിഎഫും മുസ്ലീം ലീഗും ഉറപ്പിച്ചു. മികച്ച സംഘാടകനും തീപ്പൊരി പ്രാസംഗികനുമായ യൂത്ത് ലീഗിന്‍റെ കരുത്തൻ കെ.എം.ഷാജിക്കും മുന്നണിക്കുള്ളിൽ നിന്ന് കാര്യമായ തൊഴുത്തിൽക്കുത്ത് ഒന്നുമുണ്ടായില്ല. യുഡിഎഫ് സംവിധാനം ഷാജിക്കുവേണ്ടി കൈമെയ് മറന്നിറങ്ങി. കെ.എം.ഷാജിയുടെ വ്യക്തിബന്ധങ്ങളും മണ്ഡലപരിചയവും യു‍ഡിഎഫിന് കരുത്തായി. 2011-ലെ മണ്ഡല പുനർനിർണ്ണയത്തോടെ കിട്ടിയ മേൽക്കൈയ്യും കെ.എം.ഷാജിക്ക് അനുകൂലഘടകമായിരുന്നു.

മാധ്യമരംഗത്തുനിന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തിയ എം.വി.നികേഷ് കുമാറിന്‍റെ താരപ്രഭയും യൂത്ത് ലീഗിന്‍റെ കരുത്തനായ ക്രൗഡ് പുള്ളർ കെ.എം.ഷാജിയും ഏറ്റുമുട്ടിയപ്പോൾ അഴീക്കോടിന്‍റെ അങ്കത്തട്ടിൽ തീപ്പൊരി ചിതറി. കിട്ടാവുന്ന ആയുധങ്ങളെല്ലാം പ്രചാരണരംഗത്ത് ഇരുകൂട്ടരും എടുത്ത് പ്രയോഗിച്ചു.

പത്രികാസമർപ്പണത്തിൽ തുടങ്ങിയ തർക്കം

കെ.എം.ഷാജിയുടെ പത്രിക തള്ളണമെന്ന് സിപിഎം ആവശ്യപ്പെട്ടത് ദിവസം മുഴുവന്‍ നീണ്ടു നിന്ന തർക്കമായി മാറി. ഷാജിക്ക് രണ്ട് പാൻ കാർഡുണ്ട് എന്നതടക്കം നിരവധി പരാതികളുയർത്തി. എന്നാൽ തെരഞ്ഞെടുപ്പു കമ്മീഷൻ പരാതി തള്ളി. സമൂഹമാധ്യമങ്ങളിൽ ഇരുകൂട്ടരുടേയും അണികൾ നിരവധി ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി. രണ്ട് സ്ഥാനാർത്ഥികളും സമൂഹമാധ്യമങ്ങളിൽ വലിയ സ്വാധീനശേഷിയുള്ളവർ.  സ്ഥാനാർത്ഥികളുടേയും അണികളുടേയും സൈബർ കലഹം ഏറ്റവും സജീവമായിരുന്ന മണ്ഡലങ്ങളിൽ ഒന്ന് അഴീക്കോട് ആയിരുന്നു.

നാടിളക്കിയ പോരാട്ടം, ചിട്ടയായ പ്രചാരണം 

മാധ്യമപ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് ടെലിവിഷൻ സ്ക്രീനിലൂടെ കിട്ടിയ ജനകീയതയും സ്വീകാര്യതയും കൈമുതലാക്കി എംവിആറിന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി നികേഷ് കുമാർ  കളത്തിലിറങ്ങി. അഞ്ച് കൊല്ലത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്, ജനകീയപരിവേഷം ഉപയോഗപ്പെടുത്തി പോരിനിറങ്ങിയ കെ.എം.ഷാജിയുടെ പ്രചാരണത്തിന്‍റെ കുന്തമുന സ്ഥാനാർത്ഥിയുടെ തീപ്പൊരി പ്രസംഗശൈലി തന്നെയായിരുന്നു. 

"

കൊണ്ടും കൊടുത്തും ഇരുവരും മുന്നേറി. നാടിളക്കിയ പ്രചാരണത്തിൽ സമൂഹമാധ്യമങ്ങളിൽ സ്ഥാനാർത്ഥികൾ ദിവസവും ഏറ്റുമുട്ടി. കൂട്ടിയും കിഴിച്ചും ഇഞ്ചോടിഞ്ച് അളന്നും ഓരോ വോട്ടും പോൾ ചെയ്യിക്കാൻ ഇരുമുന്നണികളുടേയും സംഘടനാബലം സർവശക്തിയും ഉപയോഗിച്ച് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. കെ.ജി.മാരാരുടെ സഹോദര പുത്രനായ എ.വി.കേശവനായിരുന്നു ബിജെപി സ്ഥാനാർത്ഥി.

നിർണ്ണായക സാന്നിദ്ധ്യമല്ലെങ്കിലും ബിജെപി നേടാനിടയുള്ള വോട്ടുകൾ ഓരോന്നും ഇരുപക്ഷവും തലയെണ്ണിയുറപ്പിച്ചു. സ്ഥാനാർത്ഥികളുടെ പോരാട്ടവീര്യവും ഊർജ്വസ്വലതയും സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനവും അണികളുടെ ആവേശവും മാധ്യമശ്രദ്ധയും കൊണ്ട് സംസ്ഥാനത്തെ ഏറ്റവും പ്രവചനാതീതമായ മണ്ഡലങ്ങളിൽ ഒന്നായി അഴീക്കോട് മാറി.

ഇരുപക്ഷത്തേയും തലമുതിർന്ന നേതാക്കൾ, സ്റ്റാർ പ്രചാരകർ, കുടുംബയോഗങ്ങൾ, റോഡ് ഷോകൾ, സെൽഫികൾ, സൈബർ‍ യുദ്ധങ്ങൾ, അരയും തലയും മുറുക്കി അനുയായികൾ.. ഇടതുവലത് അക്ഷൗഹിണികൾ കിട്ടിയ എല്ലാ ആയുധങ്ങളും പരീക്ഷിച്ചു. കലാജാഥകൾ മുതൽ കിണറ്റിലെ കലങ്ങിയ വെള്ളം വരെ പ്രചാരണ ആയുധമായി.

കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥി, വെള്ളം കോരിക്കുടിച്ച് മറുപടി

ടെലിവിഷൻ മാധ്യമജീവിതത്തിൽ നിന്ന് പൊടുന്നനെ മുഴുവൻ സമയ രാഷ്ട്രീയക്കാരനായ നികേഷ് കുമാറിന്‍റെ പ്രചാരണ രീതിയും ടെലിവിഷൻ ശൈലിയിൽ തന്നെയായിരുന്നു. ഫേസ്ബുക്ക് ലൈവിലൂടെ ദിവസവും വോട്ടർമാരിലേക്ക് എത്താൻ നോക്കി. ഗു‍ഡ്മോണിംഗ് അഴീക്കോട് എന്ന പേരിൽ ടെലിവിഷൻ വാർത്താ സ്വഭാവത്തിൽ ദിവസവും രാവിലെ ഒരു ലഘു വീഡിയോ ആയിരുന്നു മറ്റൊരു ആശയം. അഴീക്കോട് പാലോട്ട് വയലിലെ ഒരു വീട്ടിലെ കിണറ്റിലിറങ്ങിയാണ് പ്രദേശത്തെ കുടിവെള്ള പ്രശ്നം നികേഷ് കുമാർ അവതരിപ്പിച്ചത്. 

കിണറ്റിലിറങ്ങിയ സ്ഥാനാർത്ഥി സമൂഹമാധ്യമങ്ങളിൽ പരക്കെ പരിഹസിക്കപ്പെട്ടങ്കിലും ഒന്നരലക്ഷത്തിലേറെ പേരിലേക്ക് മണിക്കൂറുകൾക്കുള്ളിൽ ആ വീഡിയോ എത്തി വലിയ ജനശ്രദ്ധ നേടി. പിറ്റേ ദിവസം കെഎം ഷാജി മറുപടി വീഡിയോയുമായി എത്തി. നികേഷ് കുമാർ ഇറങ്ങിയ കിണറ്റിൽ നിന്ന് വെള്ളം കോരിക്കുടിക്കുന്ന കെഎം ഷാജിയുടെയുടെ വീഡിയോയും വൻ ഹിറ്റായി.

ഒടുവിൽ നികേഷിനെ തറപറ്റിച്ച് കെ.എം.ഷാജി

വാശിയേറിയ പോരാട്ടത്തിനൊടുവിൽ 2016 മെയ് 19-ന് ഫലമെത്തിയപ്പോൾ കെ.എം.ഷാജി 2254 വോട്ടിന് നികേഷിനെ തറപറ്റിച്ചു. കെഎം ഷാജി 63,082 വോട്ടുകൾ നേടിയപ്പോൾ നികേഷിന് നേടാനായത് 60,795 വോട്ടുകൾ.  ബിജെപി നേടിയത് 12,580 വോട്ടുകൾ മാത്രം. ബിജെപി പ്രതീക്ഷിച്ചതിലും ഏറെ കുറവ് വോട്ടുകൾ നേടിയതിനെച്ചൊല്ലി ഫലം വന്നതിന് തൊട്ടുപിന്നാലെ മുന്നണികൾ പരസ്പരം ആരോപണയുദ്ധം തുടങ്ങി. ബിജെപി വോട്ടുവാങ്ങി നേടിയ വിജയമെന്ന് എൽഡിഎഫും ബിജെപി വോട്ട് വാങ്ങിയിട്ടുപോലും ജനവിധി മാറ്റാനായില്ല എന്ന് എൽഡിഎഫും ആരോപണങ്ങൾ തൊടുത്തു.

എൽഡിഎഫ് അന്നേ ആരോപണം ഉയർത്തി

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തുതന്നെ വർഗ്ഗീയപ്രചാരണം എന്ന ആരോപണം ഇടത് സ്ഥാനാർത്ഥി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. വളപട്ടണം, പൂതപ്പാറ, അഴീക്കോട്  തുടങ്ങിയ മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ പ്രചാരണമായിരുന്നു തര്‍ക്ക വിഷയം. വർഗ്ഗീയ പരാമർശങ്ങൾ ഉള്ള ലഘുലേഖം വീടുകൾ തോറും പ്രചരിപ്പിച്ചു എന്നായിരുന്നു ഹർജിയിലെ ആവശ്യം. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ പേരിലായിരുന്നു ലഘുലേഖ പുറത്തിറങ്ങിയത്. നികേഷിന്‍റെ പരാതിയിൽ ഈ ലഘുലേഖകൾ പ്രചാരണ സമയത്തുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. എൽഡിഎഫ് നൽകിയ പരാതിക്കൊടുവിൽ വളപട്ടണം പഞ്ചായത്ത് പ്രസിഡണ്ടായ മനോരമയുടെ വിട്ടീൽ നിന്നായിരുന്നു ലഘുലേഖൾ പിടിച്ചെടുത്തത്.  തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷേ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയി.

ഫലം വന്നിട്ടും പോര് തീർന്നില്ല

തെരഞ്ഞെടുപ്പ് ഫലം വന്നിട്ടും അഴീക്കോട്ടെ പോര് തീർന്നില്ല. വർഗ്ഗീയത പ്രചരിപ്പിക്കുന്ന ലഘുലേഖകൾ പ്രചരിപ്പിച്ചാണ് കെഎം ഷാജി തെരഞ്ഞെടുപ്പ് വിജയം നേടിയത് എന്നാരോപിച്ച് നികേഷ് കുമാർ കോടതിയെ സമീപിച്ചു. മുസ്ലീങ്ങൾക്ക് നിർണ്ണായക സ്വാധീനമുള്ള മണ്ഡലത്തിൽ വർ‍ഗ്ഗീയ പ്രചാരണം നടത്തിയത് വിധിയെ സ്വാധീനിച്ചുവെന്നും തരഞ്ഞെടുപ്പു ഫലം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണം എന്നുമായിരുന്നു നികേഷിന്‍റെ ആവശ്യം.

എന്തായിരുന്നു കെഎം ഷാജിയെ അയോഗ്യനാക്കിയ ലഘുലേഖ?

ഒടുവിൽ ഷാജി അയോഗ്യൻ

ഒടുവിൽ നികേഷിന്‍റെ ആവശ്യം അംഗീകരിച്ച് ജസ്റ്റിസ് പി.ഡി.രാജൻ കെ.എം.ഷാജിയെ അയോഗ്യനായി പ്രഖ്യാപിച്ചു.എംഎൽഎസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഹൈക്കോടതി കണ്ടെത്തി. അടുത്ത ആറ് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും കെഎം ഷാജിയെ കോടതി വിലക്കി. പരാതിക്കാരനായ നികേഷ് കുമാറിന് കോടതി ചിലവ് വകയിൽ കെഎം ഷാജി 50000  രൂപ നല്‍കണമെന്നും ഉത്തരവിലുണ്ട്.

Follow Us:
Download App:
  • android
  • ios