Asianet News MalayalamAsianet News Malayalam

ഹോട്ടലില്‍ മോഷ്ടിക്കാന്‍ കയറി; അനങ്ങാനാകാതെ കള്ളന്‍ കുടുങ്ങിയത് 2 ദിവസം

പൂട്ടിയിട്ടിരിക്കുന്ന ഒരു ചൈനീസ് ഹോട്ടലിന്റെ കെട്ടിടത്തില്‍ നിന്നാണ് എമര്‍ജന്‍സി ഹെല്‍പ്‍ലൈനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. തളര്‍ന്ന ശബ്ദത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍ കോള്‍

thief stucked inside grease vent for two days
Author
California, First Published Dec 13, 2018, 1:40 PM IST

കാലിഫോര്‍ണിയ: പൂട്ടിയിട്ടിരിക്കുന്ന ഹോട്ടലില്‍ മോഷ്ടിക്കാനെത്തിയ കള്ളന് സംഭവിച്ച അബദ്ധത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് പൊലീസ്. അല്‍മെയ്ഡ പൊലീസാണ് വിചിത്രമായ സംഭവത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. 

സന്‍ഫ്രാന്‍സിസ്‌കോയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള പൂട്ടിയിട്ടിരിക്കുന്ന ചൈനീസ് ഹോട്ടലിന്റെ കെട്ടിടത്തില്‍ നിന്നാണ് എമര്‍ജന്‍സി ഹെല്‍പ്‍ലൈനിലേക്ക് ഒരു ഫോണ്‍ കോള്‍ വന്നത്. തളര്‍ന്ന ശബ്ദത്തില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടായിരുന്നു ആ ഫോണ്‍ കോള്‍. 

തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. ഹോട്ടല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്കുള്ളില്‍ നിന്നായിരുന്നു നേരിയ ശബ്ദം പുറത്തേക്ക് വന്നത്. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഒരു ഏണി സംഘടിപ്പിച്ച് മേല്‍ക്കൂരയിലേക്ക് കയറിച്ചെന്നു. അവിടെ ഹോട്ടലിന്റെ വലിയ പുകക്കുഴലിനുള്ളിലായി കുടുങ്ങിയ നിലയിലായിരുന്നു കള്ളന്‍. ലോഹ ഷീറ്റുകള്‍ കൊണ്ടുണ്ടാക്കിയ ഒരു ചതുരാകൃതിയിലുള്ള കുഴലിലായിരുന്നു അയാള്‍ കുടുങ്ങിക്കിടന്നത്. 

ദേഹത്താകെ ഗ്രീസും കരിയും പുരണ്ട്, കുടുങ്ങിയ അവസ്ഥയില്‍ നിന്ന് ഊരിപ്പോരാനാകാത്ത വിധത്തിലായിരുന്നു ഇരിപ്പ്. ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഉദ്യോഗസ്ഥര്‍ ഇയാളെ രക്ഷപ്പെടുത്തി, അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

 

29കാരനായ യുവാവ് മോഷണശ്രമത്തിനിടെയാണ് പുകക്കുഴലിനുള്ളില്‍ പെട്ടതെന്നും ഇയാള്‍ രണ്ട് ദിവസമായി അതിനകത്ത് തന്നെ കഴിയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. രണ്ട് ദിവസം കൊണ്ട് നിര്‍ജലീകരണം സംഭവിച്ചതിനാല്‍ ഇയാള്‍ ക്ഷീണത്തിലാണ്, എങ്കിലും ഭേദപ്പെട്ടുവരുന്നുവെന്നും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios