Asianet News MalayalamAsianet News Malayalam

രാജിയില്ല; വെല്ലുവിളിച്ച് തോമസ് ചാണ്ടി

Thomas chandy followup
Author
First Published Sep 22, 2017, 7:23 AM IST

കൊച്ചി: ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ രാജിയില്ലെന്ന് തോമസ് ചാണ്ടി.  രാജിവയ്ക്കുന്ന പ്രശ്നം ഇപ്പോള്‍ ഉദിക്കുന്നില്ലെന്നും ഏതന്വേഷണവും നേരിടുമെന്നും തോമസ് ചാണ്ടി പ്രതികരിച്ചു. അതേസമയം മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജി വെക്കുന്നകാര്യം പരിഗണിക്കുമെന്നും തോമസ് ചാണ്ടി സൂചിപ്പിച്ചു.

 ആരോപണത്തിന് പിന്നില്‍ ഗൂഢസംഘം ഉണ്ട്. ഒരുനുളള് ഭൂമിപോലും കയ്യേറിയിട്ടില്ല. ആരോപണം നിയമസഭാസമിതിയോ വിജിലന്‍സോ അന്വേഷിക്കട്ടെ എന്നും തോമസ് ചാണ്ടി പറഞ്ഞു.

തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ട് നടത്തിയ  ചട്ടലംഘനം സ്ഥിരീകരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട്. ലേക് പാലസിനടുത്ത് പാര്‍ക്കിംഗിന് നിലം നികത്തിയത് ചട്ടലംഘനമെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ സമര്‍പ്പിച്ചത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ചട്ടലംഘനം കണ്ടെത്തിയത്. 

സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്നും ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി ലേക്ക്പാലസ് റിസോര്‍ട്ട് ഉടമകളായ വാട്ടര്‍വേള്‍ഡിന്‍റെ അധികൃതരെ കളക്ടര്‍ വിളിച്ചുവരുത്തും. റവന്യൂ അഡീഷണല്‍  സെക്രട്ടറി സിഎച്ച് കുര്യനാണ് ആലപ്പുഴ കളക്ടര്‍ പിവി അനുപമ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കളക്ടർ റവന്യു മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി .

അതേസമയം റിസോർട്ടുമായി ബന്ധപ്പെട്ട രേഖകൾ 15 ദിവസത്തിനകം ഹാജരാക്കാൻ തോമസ് ചാണ്ടിക്ക് ആലപ്പുഴ നഗരസഭ  നോട്ടീസ് അയച്ചു. വെള്ളിയാഴ്ച ചേര്‍ന്ന  ആലപ്പുഴ നഗരസഭ കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം .ലേക് പാലസിന്‍റെ ഫയലുകൾ കാണാതായ സംഭവത്തില്‍ ആലപ്പുഴ നഗരസഭയിലെ സൂപ്രണ്ടടക്കം 4 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നല്‍കാനും കൗണ്‍സില്‍ തീരുമാനമെടുത്തു. 

അതേസമയം മാത്തൂര്‍ ദേവസ്വത്തിന്‍റെ ഭൂമി കൈയ്യേറിയെന്ന പരാതിയിലും മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷിച്ച് നടപടിയെടുക്കാന്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശം . ലാൻഡ് ബോർഡ് സെക്രട്ടറിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത് . ദേവസ്വത്തിന്‍റെ 34 ഏക്കര്‍ മന്ത്രി അനധികൃതമായി കൈവശം വച്ചെന്നാണ് പരാതി .

തോമസ് ചാണ്ടിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള മാത്തൂര്‍ ദേവസ്വത്തിന്‍റെ 34 ഏക്കര്‍ കൃഷി നിലം മന്ത്രി കൈവശപ്പെടുത്തിയെന്ന ഗുരുതര ആരോപണമാണ് മാത്തൂര്‍ ദേവസ്വം ഉയര്‍ത്തുന്നത്. ദേവസ്വത്തിന്‍റെ ഭൂമി നാല് മാസത്തിനകം ചേര്‍ത്തല ലാന്‍ഡ് ട്രൈബ്യൂണല്‍ യഥാര്‍ത്ഥ ഉടമയ്ക്ക് തിരിച്ചേല്‍പിക്കണമെന്ന ഹൈക്കോടതി വിധി മൂന്ന് വര്‍ഷമായിട്ടും നടപ്പായില്ല.

ഇതേ സംഭവത്തില്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കും കുടുംബാംഗങ്ങള്‍ക്കും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കോട്ടയം വിജിലന്‍സ് കോടതി കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios