Asianet News MalayalamAsianet News Malayalam

'ബജറ്റിൽ ഊന്നൽ പുനർനിർമാണത്തിന്'; അധിക നികുതിഭാരം ജനത്തിന് മേൽ അടിച്ചേൽപ്പിക്കില്ലെന്ന് ധനമന്ത്രി

പ്രളയത്തിന്‍റെ പശ്ചാത്തലത്തിൽ ചെലവ് ചുരുക്കാൻ എല്ലാവരും സഹകരിക്കണമെന്ന് തോമസ് ഐസക്. വകുപ്പുകൾ പ്രതിസന്ധി മനസിലാക്കണമെന്നും തോമസ് ഐസക്. വരുമാനം 10 ശതമാനം കൂടിയപ്പോൾ  ചെലവ് 16 ശതമാനം ഉയർന്നു.

thomas isaac on budget
Author
Thiruvananthapuram, First Published Jan 12, 2019, 9:57 AM IST

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി വകുപ്പുകള്‍ മനസിലാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. ചെലവ് ചുരുക്കാനോ വരുമാനം വര്‍ദ്ധിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനബജറ്റില്‍ ജനത്തിന് മേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കില്ലെന്നും തോമസ് ഐസക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

50 ലക്ഷത്തോളം ജനങ്ങളെ ദുരിതത്തിലാക്കിയ പ്രളയ ശേഷമുളള ആദ്യ ബജറ്റിന്‍റെ ഊന്നല്‍ പുനര്‍നിര്‍മാണത്തിനായിരിക്കുമെന്നും വിഴിഞ്ഞം ഗസ്റ്റ് ഹൗസിലെ ബജറ്റ് പണിപ്പുരയ്ക്കിടെ തോമസ് ഐസക് വ്യക്തമാക്കി. സംസ്ഥാനത്തിന്‍റെ വരുമാനം 10 ശതമാനം ഉയരുമ്പോള്‍ ചെലവ് 16 ശതമാനമാണ് വര്‍ദ്ധിക്കുന്നത്. അനാവശ്യ ചെലവുകളും അനിവാര്യമല്ലാത്ത പദ്ധതികളും ഒഴിവാക്കണമെന്ന് ആവര്‍ത്തിച്ചിട്ടും പല വകുപ്പുകള്‍ക്കും ഇത് ബോധ്യമായിട്ടില്ല. ഈ നിലയില്‍ മുന്നോട്ട് പോകാനാകില്ല. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിനോട് എല്ലാവരും സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. 

പ്രളയ സെസ് വഴി വര്‍ഷം 500 കോടി സമാഹരിക്കാമെന്നാണ് പ്രതിക്ഷ. സെസ് ഒരു ശതമാനം മാത്രമാണെങ്കിലും ഇതിന്‍റെ മറവില്‍ വ്യാപാരികള്‍ അമിതലാഭമുണ്ടാക്കാനുളള സാധ്യത ധനമന്ത്രി തളളുന്നില്ല. പ്രളയത്തെത്തുടര്‍ന്ന് അവതാളത്തിലായ വാറ്റ് കുടിശ്ശിക പിരിക്കല്‍ ഉദാരമായ വ്യവസ്ഥകളോടെ പൂര്‍ത്തിയാക്കും. നേരത്തെ പ്രഖ്യാപിച്ച ഡാമിലെ മണല്‍ വാരല്‍ എന്ന ആശയം തോമസ് ഐസക് ഉപേക്ഷിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios